ഹോര്‍മോണ്‍ വ്യതിയാനം മൂലമുണ്ടാകുന്ന മുടി കൊഴിച്ചില്‍ ആണെങ്കില്‍ അത് പരിഹരിക്കാൻ സഹായിക്കുന്നൊരു ഹെല്‍ത്തിയായ പാനീയത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.

മുടിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് മിക്കവരും പരാതിപ്പെടുന്നൊരു കാര്യമാണ് മുടി കൊഴിച്ചില്‍. പല കാരണങ്ങള്‍ കൊണ്ടും മുടി കൊഴിച്ചിലുണ്ടാകാം. കാലാവസ്ഥാ വ്യതിയാനം, പോഷകങ്ങളില്ലായ്മ, മാനസിക സമ്മര്‍ദ്ദം - അഥവാ സ്ട്രെസ്, ഹോര്‍മോണ്‍ വ്യതിയാനം, ചില രോഗങ്ങള്‍, ചില മരുന്നുകള്‍ അങ്ങനെ പല കാരണങ്ങളും ഉണ്ടാകാം. 

എന്തായാലും മുടി കൊഴിച്ചില്‍ ഫലപ്രദമായി പരിഹരിക്കണമെങ്കില്‍ അതിന്‍റെ കാരണം കണ്ടെത്തി, അതില്‍ തന്നെ പരിഹാരം കാണാൻ സാധിക്കണം. ഹോര്‍മോണ്‍ വ്യതിയാനം മൂലമുണ്ടാകുന്ന മുടി കൊഴിച്ചില്‍ ആണെങ്കില്‍ അത് പരിഹരിക്കാൻ സഹായിക്കുന്നൊരു ഹെല്‍ത്തിയായ പാനീയത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. അധികവും മുടി കൊഴിച്ചിലുണ്ടാകുന്ന ഇക്കാരണം കൊണ്ട് തന്നെയാണ്. ഇതിനെ ഫലപ്രദമായി പ്രതിരോധിക്കാനും മുടി വളര്‍ച്ച കൂട്ടാനുമാണീ ഹെല്‍ത്തി പാനീയം സഹായിക്കുക.

പലവിധത്തിലുള്ള ആരോഗ്യഗുണങ്ങളുമുള്ള, പ്രത്യേകിച്ച് മുടിക്ക് പ്രയോജനപ്രദമായിട്ടുള്ള പല ഘടകങ്ങളും ചേര്‍ത്താണ് ഈ പാനീയം തയ്യാറാക്കുന്നത്. 

ചൊറിതനം (കൊടിത്തൂവ- ചൊറിയണം) അല്ലെങ്കില്‍ 'നെറ്റില്‍' ടീ ബാഗ് (ചൊറിതനം തന്നെ), ഉലുവ, മല്ലി, പെരുഞ്ചീരകം എന്നിവയാണ് ഇതില്‍ ചേരുവകളായി വരുന്നത്. ചൊറിതനത്തിന് ധാരാളം ഗുണങ്ങളുള്ളതാണ്. വൈറ്റമിനുകളാലും ധാതുക്കളാലുമെല്ലാം സമ്പന്നമാണ്. അയേണ്‍, സിലിക്ക, ആന്‍റി-ഓക്സിഡന്‍റ്സ് എന്നിവയെല്ലാം ചൊറിതനത്തെ മികച്ചൊരു വിഭവമാക്കുന്നു. പരമ്പരാഗതമായി നാട്ടുവിഭവമായി കണക്കാക്കപ്പെടുന്ന ഒന്ന് കൂടിയാണ് ചൊറിതനം.

ഹോര്‍മോൺ വ്യതിയാനങ്ങളെ ബാലൻസ് ചെയ്യാനുള്ള കഴിവ് മല്ലിക്കുണ്ട്. അതിനാലാണ് മല്ലി ഉപയോഗിക്കുന്നത്. ഉലുവ പിന്നെ, ഏവര്‍ക്കുമറിയാം മുടിയുടെ ആരോഗ്യത്തിന് അത്രമാത്രം നല്ലതാണ്. ഉലുവയിലുള്ള പല പോഷകങ്ങളും മുടിക്ക് ഗുണകരമാണ്. പെരുഞ്ചീരകമാണെങ്കില്‍ ഇതിലടങ്ങിയിരിക്കുന്ന 'Anethole', 'Flavonoids' എന്നിവയും മുടിക്ക് ഏറെ നല്ലതാണ്.

ഇനി ഈ ഹെല്‍ത്തി പാനീയം എങ്ങനെ തയ്യാറാക്കാമെന്ന് കൂടി അറിയാം. ഒരു സോസ്പാനില്‍ അല്‍പം വെള്ളം തിളപ്പിക്കാൻ വച്ച് ഇതിലേക്ക് ഒരു ടീസ്പൂണ്‍ മല്ലിയും ഒരു ടീസ്പൂണ്‍ ഉലുവയും അര ടീസ്പൂണ്‍ പെരുഞ്ചീരകവും ചേര്‍ക്കണം. തീ കുറച്ചുവച്ച് വെള്ളം നന്നായി തിളപ്പിച്ചെടുക്കണം. അല്‍പസമയം അടുപ്പത്ത് ഇരിക്കാൻ അനുവദിക്കണം. ഇനി വാങ്ങിവച്ച ശേഷം അരിച്ച് വെള്ളം ഒരു കപ്പിലേക്ക് മാറ്റിയ ശേഷം ചൊറിതനത്തിന്‍റെ നീര് കൂടി ചേര്‍ത്ത് കഴിക്കാവുന്നതാണ്. ചൊറിതനം നാട്ടുചെടി ആയതിനാല്‍ തന്നെ അത് പെട്ടെന്ന് ലഭ്യമായിരിക്കില്ല. അതിനാല്‍ 'നെറ്റില്‍' ടീ ബാഗ് വാങ്ങിക്കാൻ കിട്ടും. ഇതുപയോഗിച്ചാല്‍ മതി.

Also Read:- വ്യായാമത്തിനാണെങ്കില്‍ ദിവസവും എത്ര നടക്കണം? നടത്തം കൊണ്ടുള്ള ഗുണങ്ങളറിയാമോ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo