Latest Videos

World Arthritis Day 2022 : സന്ധിവാതം അഥവാ ആര്‍ത്രൈറ്റിസിന്‍റെ ലക്ഷണങ്ങള്‍? ഏത് പ്രായക്കാരിലാണ് രോഗം കാണുക?

By Web TeamFirst Published Oct 12, 2022, 4:39 PM IST
Highlights

''നിങ്ങളുടെ കൈകളിലാണത്, ഉടന്‍ നടപടിയെടുക്കൂ'' എന്ന സന്ദേശവുമായാണ് ഈ വര്‍ഷത്തെ ലോക ആര്‍ത്രൈറ്റിസ് ദിനം ആചരിക്കപ്പെടുന്നത്. ആര്‍ത്രൈറ്റിസ് സംബന്ധിച്ച രോഗാവസ്ഥയെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവബോധം വളര്‍ത്തുകയും ലക്ഷണങ്ങള്‍ കൃത്യമായി തിരിച്ചറിഞ്ഞ് തക്കസമയത്ത് ചികിത്സ ഉറപ്പുവരുത്തുകയുമാണ് ആഗോളതലത്തില്‍ നടക്കുന്ന പ്രചാരണപ്രവര്‍ത്തനങ്ങളുടെ ലക്ഷ്യം.

ഇന്ന് ഒക്ടോബര്‍ 12, ലോക ആര്‍ത്രൈറ്റിസ് ദിനമാണ്. ഈ ദിനത്തില്‍ ആര്‍ത്രൈറ്റിസുമായി നിങ്ങളറിയേണ്ട പ്രധാനപ്പെട്ട വിവരങ്ങളാണിനി പങ്കുവയ്ക്കുന്നത്.

സന്ധിവാതം അഥവാ ആര്‍ത്രൈറ്റിസ് മൂലം പ്രയാസപ്പെടുന്ന ഒട്ടേറെ പേരുണ്ട് നമുക്കിടയില്‍. മുമ്പെല്ലാം പ്രായം കൂടുന്നതിനനുസരിച്ചാണ് സന്ധിസംബന്ധമായ അസുഖങ്ങള്‍ കൂടി വന്നിരുന്നതെങ്കില്‍ ഇന്ന് അത് പ്രായഭേദമെന്യെ വരാവുന്ന ജീവിതശൈലീരോഗമായി മാറിക്കഴിഞ്ഞു. സന്ധികളില്‍ വരുന്ന ഇന്‍ഫ്ളമേഷന്‍ അഥവാ നീര്‍ക്കെട്ട് അല്ലെങ്കില്‍ തേയ്മാനം വരുന്ന അവസ്ഥയാണ് ആര്‍ത്രൈറ്റിസ് അഥവാ സന്ധിവാതം. സന്ധികളെയും അതുമായി ബന്ധപ്പെട്ട കോശങ്ങളെയും ബാധിക്കുന്ന രോഗങ്ങളുടെ പൊതുനാമമാണ് ആര്‍ത്രൈറ്റിസ്. 

പ്രായമായവരില്‍ പ്രത്യേകിച്ച് ഏതാണ്ട് 20 മുതല്‍ 25 ശതമാനം വരെ പേരിലാണ് ഈ രോഗം അധികവും കണ്ടു വരുന്നത്. സോറിയാറ്റിക് ആര്‍ത്രൈറ്റിസ്, അണുബാധമൂലമുള്ള സെപ്റ്റിക് ആര്‍ത്രൈറ്റിസ്, ഗൗട്ട് മൂലമുള്ള മെറ്റബോളിക് ആര്‍ത്രൈറ്റിസ് തുടങ്ങി 150ല്‍ ഏറെ ആര്‍ത്രൈറ്റിസുകള്‍ ഉണ്ട്. 

''നിങ്ങളുടെ കൈകളിലാണത്, ഉടന്‍ നടപടിയെടുക്കൂ'' എന്ന സന്ദേശവുമായാണ് ഈ വര്‍ഷത്തെ ലോക ആര്‍ത്രൈറ്റിസ് ദിനം ആചരിക്കപ്പെടുന്നത്. ആര്‍ത്രൈറ്റിസ് സംബന്ധിച്ച രോഗാവസ്ഥയെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവബോധം വളര്‍ത്തുകയും ലക്ഷണങ്ങള്‍ കൃത്യമായി തിരിച്ചറിഞ്ഞ് തക്കസമയത്ത് ചികിത്സ ഉറപ്പുവരുത്തുകയുമാണ് ആഗോളതലത്തില്‍ നടക്കുന്ന പ്രചാരണപ്രവര്‍ത്തനങ്ങളുടെ ലക്ഷ്യം.

ഡീജനറേറ്റീവ് ആര്‍ത്രൈറ്റിസ്, ഇന്‍ഫ്ളമേറ്ററി ആര്‍ത്രൈറ്റിസ് എന്നിങ്ങനെ രണ്ടായി ആര്‍ത്രൈറ്റിസിനെ തരംതിരിക്കാറുണ്ട്. പ്രായം 40-50 കഴിയുമ്പോള്‍ സന്ധികളില്‍ തേയ്മാനം വരുന്ന രോഗാവസ്ഥയാണ് ഡീജനറേറ്റീവ് ആര്‍ത്രൈറ്റിസ് അഥവാ ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്. കാല്‍മുട്ടിലാണ് ഈ രോഗം കൂടുതലായും കാണുന്നത്. കൂടാതെ കഴുത്ത് (സര്‍വൈക്കല്‍ സ്പോണ്ടിലോസിസ്), ഇടുപ്പ് (ലംബാര്‍ സ്പോണ്ടിലോസിസ്) തുടങ്ങിയ ഭാഗങ്ങളിലും വരാം. ചില ആളുകളില്‍ ഇത് കൈവിരലുകളെയും ബാധിക്കാം.

സന്ധികളിലെ എല്ലുകളെ ആവരണം ചെയ്തുനില്‍ക്കുന്ന തരുണാസ്ഥി അഥവാ കാര്‍ട്ടിലേജ് എന്ന ഭാഗത്തിന് പ്രായം കൂടുമ്പോള്‍ തേയ്മാനം സംഭവിക്കുകയും എല്ലുകള്‍ തമ്മിലുള്ള അകലം കുറഞ്ഞ് നടക്കുമ്പോഴും മറ്റും കടുത്ത വേദന അനുഭവപ്പെടാം. പടികയറുമ്പോഴും നടക്കുമ്പോഴുമെല്ലാം വേദന കൂടുകയും ചെയ്യും. പലപ്പോഴും അമിത വണ്ണവും വ്യായാമമില്ലായ്മയും ഈ രോഗാവസ്ഥയിലേക്ക് എത്തിക്കാം.

ഏതു പ്രായത്തിലുള്ള ആളുകളെയും ബാധിക്കാവുന്ന രോഗങ്ങളുടെ ഒരു ശ്രേണി തന്നെയാണ് ഇന്‍ഫ്ളമേറ്ററി ആര്‍ത്രൈറ്റിസ്. ഇതില്‍ സ്ത്രീകളില്‍ കൂടുതലായി കാണുന്ന രോഗാവസ്ഥയാണ് റുമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് അഥവാ ആമവാതം. വിരലുകളുടെ സന്ധികളില്‍ വേദനയും വീക്കവും ഉണ്ടാകുക. 30 വയസ്സു മുതല്‍ 50 വയസ്സുവരെയുള്ളവരിലാണ് ഈ രോഗം കാര്യമായി കാണാറുള്ളത്. രാവിലെ എഴുന്നേല്‍ക്കുന്ന സമയത്ത് കുറച്ചു സമയത്തേക്ക് സന്ധികളില്‍ മുറുക്കം അനുഭവപ്പെടുക തുടങ്ങിയവ ഇതിന്റെ ലക്ഷണങ്ങളാണ്. കൈകാലുകളിലും സന്ധികളിലും തരിപ്പ് അനുഭവപ്പെടുന്നത് ആര്‍ത്രൈറ്റിസ് മൂലമല്ല. 

സീറോ നെഗറ്റീവ് സ്പൊണ്ടല്‍ ആര്‍ത്രൈറ്റിസ് എന്നത് പ്രധാനമായും കാല്‍മുട്ട്, ഇടുപ്പ്, മുതുകിന് താഴെയുള്ള ഭാഗം എന്നിവിടങ്ങളില്‍ ആണ് ബാധിക്കുന്നത്. രാവിലെ എഴുന്നേല്‍ക്കുന്ന സമയത്ത് നടുവേദന, എഴുന്നേറ്റു നില്‍ക്കുന്ന സമയത്ത് കാല്‍പാദത്തിനടിയില്‍ വേദന തുടങ്ങിയവ അനുഭവപ്പെടാം. ഇത് ചെറുപ്പക്കാരെ ബാധിക്കുന്ന രോഗാവസ്ഥയാണ്. 

യൂറിക് ആസിഡ് സംബന്ധമായ ആര്‍ത്രൈറ്റിസ് അഥവാ ഗൗട്ട് സന്ധികളില്‍ വീക്കം, ചുവന്ന നിറം തുടങ്ങിയവയാണ് ആദ്യം കാണുക. ഇത് സാധാരണഗതിയില്‍ പുരുഷന്‍മാരിലാണ് അധികമായി കാണാറുള്ളത്. യൂറിക് ആസിഡിന്‍റെ അളവ് നിയന്ത്രിക്കുന്ന മരുന്നുകളും  അനുയോജ്യമായ വ്യായാമവും ഭക്ഷണക്രമീകരണവും കൊണ്ട് രോഗം നിയന്ത്രിച്ചു കൊണ്ടുപോകാന്‍ സഹായിക്കും.   

ലക്ഷണങ്ങള്‍...

സന്ധിവേദന, സന്ധികള്‍ ചലിപ്പിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുക, സന്ധികളില്‍ നീര്‍വീക്കമുണ്ടാകുക, രോഗബാധയുള്ള ഭാഗത്ത് ചൂട് കൂടുക, ചുവപ്പുനിറം അനുഭവപ്പെടുക തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. സന്ധികളില്‍ അസുഖം വരുന്നതിന്‍റെ ഭാഗമായി നീരും വേദനയും വരാം. നീര്‍ക്കെട്ട് വരുമ്പോള്‍ അനക്കാതെ വയ്ക്കുന്ന സന്ധിയുടെ ചുറ്റുമുള്ള പേശികളുടെ ശക്തി കുറയും. രോഗിക്ക് രാത്രി സമയത്ത് കാര്യമായ വേദന, ഉച്ച സമയത്ത് സന്ധികളില്‍ മന്ദത അനുഭവപ്പെടുക, സന്ധികളില്‍ കാഠിന്യം അനുഭവപ്പെടുക, സന്ധിയുടെ ഭാഗത്ത് ചൂട്, ചുവപ്പു നിറം അനുഭവപ്പെടുക തുടങ്ങിയ പ്രശ്നങ്ങളുണ്ടെങ്കില്‍ വിദഗ്ധ ചികിത്സ ഉറപ്പുവരുത്തുക.

കാരണങ്ങള്‍...

എല്ലാ ആര്‍ത്രൈറ്റിസിനും കാരണം കണ്ടെത്താന്‍ കഴിഞ്ഞുകൊള്ളണമെന്നില്ല. അണുബാധ, സന്ധിവീക്കം, പോഷണ തകരാറുകള്‍, പ്രായം കൂടുന്നതിനനുസരിച്ചുണ്ടാകുന്ന സന്ധി നാശം, അമിതഭാരം, പ്രായം വര്‍ധിക്കുന്നതിനനുസരിച്ചുണ്ടാകുന്ന എല്ലുകളുടെ തേയ്മാനം തുടങ്ങിയവയൊക്കെ രോഗത്തിനു കാരണങ്ങളാകാം. കൂടാതെ ജനിത കാരണങ്ങള്‍, പാരമ്പര്യഘടകങ്ങള്‍, പുകവലി പോലുള്ള ദുശ്ശീലങ്ങള്‍ ഒക്കെ രോഗത്തിന് കാരണമായി ഭവിക്കാറുണ്ട്. അഥവാ രോഗസാധ്യതയുള്ളവര്‍ പുകവലിക്കുമ്പോള്‍ അത് ആര്‍ത്രൈറ്റിസ് ആയി മാറുന്നതിനു ആക്കം കൂട്ടുന്നു.

ഡോക്ടറോട് കൃത്യമായ വിവരങ്ങള്‍- ബുദ്ധിമുട്ടുകള്‍ പറയുക, രോഗമേതെന്ന് രോഗി ഡോക്ടറോട് പറയേണ്ടതില്ല. മറ്റു രോഗങ്ങളെക്കുറിച്ച് ഡോക്ടറോട് വിശദമായി സംസാരിക്കുകയും ചെയ്യുക. കാരണം ചര്‍മ്മരോഗങ്ങളും വൃക്കരോഗങ്ങളും നേത്രരോഗങ്ങളുമെല്ലാം സന്ധിവാതത്തിലേക്ക് എത്തിക്കുന്ന ഘടകങ്ങളാവാനും സാധ്യതയുണ്ട്.

കാലിന് വേദന കാണിക്കാന്‍ പോയ ഡോക്ടറോട് കണ്ണിന് ചികിത്സ നടത്തുന്ന കാര്യം പറയുന്നതെന്തിനാണ് എന്നു ചിന്തിക്കുന്നതിനു പകരം അതും ഡോക്ടറോട് പങ്കുവയ്ക്കുക. പലപ്പോഴും മരുന്നുകളുടെ പാര്‍ശ്വഫലങ്ങളും സന്ധികളില്‍ രോഗബാധയുണ്ടാക്കാന്‍ സാധ്യതയുണ്ട്. 

ചില പ്രത്യേകതരം രക്തപരിശോധനകള്‍, എക്സ്-റേ, അള്‍ട്രാസൗണ്ട് സ്‌കാനിംഗ്, എംആര്‍ഐ സ്‌കാനിംഗ് തുടങ്ങിയ പരിശോധനകളൊക്കെ നടത്താന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചേക്കാം. ഫിസിഷ്യന്‍മാരും റുമറ്റോയ്ഡ് വിഭാഗത്തില്‍ വൈദഗ്ധ്യം നേടിയവരുമാണ് സാധാരണഗതിയില്‍ ചികിത്സയ്ക്ക് നേതൃത്വം നല്‍കാറുള്ളത്. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഫിസിയോതെറാപിസ്റ്റിന്‍റെ സഹായത്തോടെ സന്ധിയുടെ കാഠിന്യം കുറയ്ക്കാനും പേശീവലിവ് പരിഹരിക്കാനും സാധിക്കും. പെട്ടെന്ന് വേദന കുറഞ്ഞില്ലെങ്കിലും രോഗശമനം സംഭവിച്ചില്ലെങ്കിലും സന്ധികള്‍ നശിക്കാതിരിക്കാനും ചുറ്റുവട്ടത്തുള്ള പേശികള്‍ ശോഷിച്ചു പോകാതിരിക്കാനും ഫിസിയോതെറാപ്പി വളരെ ഉപകാരപ്പെടും.  

മുന്‍കരുതലുകള്‍...

അമിത വണ്ണം കുറയ്ക്കുക, വ്യായാമം കൃത്യമായി ചെയ്യുക, മദ്യപാനം-പുകവലി ഒഴിവാക്കുക, ഇരിക്കുമ്പോഴും നടക്കുമ്പോഴുമെല്ലാം കൃത്യമായ പൊസിഷന്‍ ഉറപ്പുവരുത്തുക തുടങ്ങിയ കാര്യങ്ങളെല്ലാം ശ്രദ്ധിച്ചാല്‍ മറ്റു രോഗങ്ങള്‍ പോലെ തന്നെ ആര്‍ത്രൈറ്റിസിനെയും അകറ്റി നിര്‍ത്താന്‍ ഒരു പരിധി വരെ സാധിക്കും.


ലേഖനം തയ്യാറാക്കിയത് : ഡോ. എം ഡി ജോര്‍ജ്ജ്,
സീനിയര്‍ കണ്‍സല്‍ട്ടന്‍റ് -ഓര്‍ത്തോപീഡിക് സര്‍ജന്‍, 
തലശ്ശേരി മിഷന്‍ ഹോസ്പിറ്റല്‍, തലശ്ശേരി

Also Read:- അറിയാം വൃക്കയെ തകരാറിലാക്കുന്ന ശീലങ്ങളെ കുറിച്ച്...

click me!