സ്‌കിന്‍ കെയര്‍ ഉത്പന്നങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക...

By Web TeamFirst Published Apr 1, 2021, 9:33 PM IST
Highlights

ചര്‍മ്മം, നമ്മള്‍ ഏറ്റവുമധികം കരുതല്‍ കൊടുക്കേണ്ട ഭാഗമാണ്. അതിനാല്‍ തന്നെ നിലവാരത്തില്‍ വിട്ടുവീഴ്ച ചെയ്തുകൊണ്ട്, അത്തരം ഉത്പന്നങ്ങള്‍ ഉപയോഗിക്കാതിരിക്കുക. ഒപ്പം തന്നെ ശ്രദ്ധിക്കേണ്ടതും, എന്നാല്‍ മിക്കവാറും പേരും അവഗണിക്കുന്നതുമായ മറ്റൊരു സംഗതിയാണ് സ്‌കിന്‍ കെയര്‍ ഉത്പന്നങ്ങള്‍ എത്ര അളവില്‍ ഉപയോഗിക്കണമെന്നത്
 

ചര്‍മ്മത്തിന്റെ സൗന്ദര്യം നിലനിര്‍ത്താന്‍ ആഗ്രഹിക്കാത്തവരുണ്ടാകില്ല. ചര്‍മ്മത്തിനേല്‍ക്കുന്ന സ്വാഭാവികമായതോ അല്ലാത്തതോ ആയ കേടുപാടുകളെ പ്രതിരോധിക്കാന്‍ കഴിയുന്ന എണ്ണമറ്റ ഉത്പന്നങ്ങള്‍ ഇന്ന് വിപണിയില്‍ ലഭ്യവുമാണ്. എന്നാല്‍ ഇവ ഉപയോഗിക്കുമ്പോള്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. 

'ക്വാളിറ്റി'യുള്ള ഉത്പന്നങ്ങള്‍ മാത്രമേ ചര്‍മ്മസംരക്ഷണത്തിന് ഉപയോഗിക്കാവൂ എന്ന് നിങ്ങള്‍ ധാരാളമായി പറഞ്ഞുകേട്ടിരിക്കും. അത് ശരിയായ ഒരു നിര്‍ദേശം തന്നെയാണ്. ചര്‍മ്മം, നമ്മള്‍ ഏറ്റവുമധികം കരുതല്‍ കൊടുക്കേണ്ട ഭാഗമാണ്. അതിനാല്‍ തന്നെ നിലവാരത്തില്‍ വിട്ടുവീഴ്ച ചെയ്തുകൊണ്ട്, അത്തരം ഉത്പന്നങ്ങള്‍ ഉപയോഗിക്കാതിരിക്കുക. 

ഒപ്പം തന്നെ ശ്രദ്ധിക്കേണ്ടതും, എന്നാല്‍ മിക്കവാറും പേരും അവഗണിക്കുന്നതുമായ മറ്റൊരു സംഗതിയാണ് സ്‌കിന്‍ കെയര്‍ ഉത്പന്നങ്ങള്‍ എത്ര അളവില്‍ ഉപയോഗിക്കണമെന്നത്. ചിലര്‍ വളരെ കുറച്ച് മാത്രമേ ഇവ ഉപയോഗിക്കൂ, മറ്റ് ചിലരാകട്ടെ അമിതമായ ഉപയോഗത്തില്‍ വിശ്വസിക്കുകയും ചെയ്യും. എന്നാല്‍ ഓരോ സ്‌കിന്‍ കെയര്‍ ഉത്പന്നവും ഉപയോഗിക്കുന്നതിന്, അതിന്റെ അളവിന് കൃത്യമായ മാനദണ്ഡമുണ്ടെന്നാണ് പ്രമുഖ ഡെര്‍മെറ്റോളജിസ്റ്റ് ഡോ. രശ്മി ഷെട്ടി പറയുന്നത്. 

 


അത്തരത്തില്‍ ശ്രദ്ധിക്കേണ്ട നാല് കാര്യങ്ങളെ കുറിച്ചും ഡോ. രശ്മി പറയുന്നു...

ഒന്ന്...

ഇന്ന് ആളുകള്‍ അധികമായി ഉപയോഗിച്ചുപോരുന്നൊരു സ്‌കിന്‍ കെയര്‍ ഉത്പന്നമാണ് 'ടോണര്‍'. ഇത് മുഖത്ത് ഒരുപാട് ഉപയോഗിക്കരുത്. രണ്ട് തവണ സ്േ്രപ ചെയ്യുന്നതാണ് ഉചിതമായ രീതി. അത് മുഖത്തിന്റെ രണ്ട് ഭാഗങ്ങളിലായി ചെയ്യാം. 

രണ്ട്...

ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന മറ്റൊരു ഉത്പന്നമാണ് സിറം. ഇത് ഒരേസമയം നാല് തുള്ളി മാത്രം എടുത്താല്‍ മതിയാകും. ഇരുകവിളുകളിലും ഓരോ തുള്ളി വീതം. നെറ്റിയിലും താടിയിലും ഓരോ തുള്ളി. അത്രയും മതി സിറത്തിന്റെ ഉപയോഗം. 

മൂന്ന്...

ചര്‍മ്മസംരക്ഷണത്തിനായി അടിസ്ഥാനപരമായി ആളുകള്‍ ഉപയോഗിക്കുന്ന ഒന്നാണ് മോയിസ്ചറൈസര്‍. ഇതിന്റെ അളവ് അത്രകണ്ട് ശ്രദ്ധിക്കേണ്ടതില്ല. എന്നാല്‍ ഡ്രൈ സ്‌കിന്‍ ഉള്ളവരാണെങ്കില്‍ അല്‍പം അധികം മോയിസ്ചറൈസര്‍ ഉപയോഗിക്കാന്‍ കരുതേണ്ടതുണ്ട്. 

 

 

അതുപോലെ തന്നെ എണ്ണമയമുള്ള സ്‌കിന്‍ ആണെങ്കില്‍ മോയിസ്ചറൈസറിന്റെ അളവ് അല്‍പം കുറയ്ക്കാം. 

നാല്...

സൂര്യപ്രകാശത്തില്‍ നിന്ന് ചര്‍മ്മത്തിന് കേടുപാടുകളുണ്ടാകാതിരിക്കാന്‍ ഉപയോഗിക്കുന്ന സ്‌കിന്‍ ഹെയര്‍ ഉത്പന്നമാണ് സണ്‍സ്‌ക്രീന്‍. ഇത് അപ്ലൈ ചെയ്യുമ്പോള്‍ പ്രധാനമായും കവിളുകളിലും നെറ്റയിലുമാണ് കവര്‍ ചെയ്ത് ഇടേണ്ടത്. കാരണം മുഖത്ത് ഏറ്റവുമധികം സൂര്യപ്രകാശമേല്‍ക്കുന്ന ഇടങ്ങളിവയാണ്. 

ഇനി ഏത് തരം ക്രീമുകളുപയോഗിക്കുമ്പോഴും അത് ആദ്യം കയ്യില്‍ വച്ച് തിരുമ്മുന്ന ശീലമുണ്ടെങ്കില്‍ അത് ഉപേക്ഷിക്കണമെന്നും ഡോ. രശ്മി നിര്‍ദേശിക്കുന്നു. ക്രീം കയ്യിലെടുത്ത് അത് മുഖത്ത് പുരട്ടിയ ശേഷം മാത്രം 'റബ്' ചെയ്യാം. അതുപോലെ തന്നെ കൈകള്‍ തീര്‍ത്തും വൃത്തിയാക്കിയ ശേഷം മാത്രമേ ക്രീമുകള്‍ കയ്യിലെടുക്കാവൂ. അല്ലാത്ത പക്ഷം കയ്യിലെ ബാക്ടീരിയകള്‍ ക്രീമിലൂടെ മുഖത്ത് പറ്റാനും അതുവഴി ചര്‍മ്മത്തിന് കേടുപാടുകള്‍ സംഭവിക്കാനും സാധ്യതയുണ്ടത്രേ. ഏത് ക്രീമാകട്ടെ അത് അപ്ലൈ ചെയ്യുന്നതിന് മുമ്പ് മുഖവും വൃത്തിയാക്കിയിരിക്കണം. 

Also Read:- ചര്‍മ്മത്തെ ചെറുപ്പമാക്കി നിര്‍ത്താന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍...

click me!