ഇന്ന് 'ഹഗ് ഡേ'; കെട്ടിപ്പിടുത്തം കൊണ്ടുള്ള നാല് ആരോഗ്യഗുണങ്ങളെ കുറിച്ചറിയാം...

Web Desk   | others
Published : Feb 12, 2021, 01:24 PM IST
ഇന്ന് 'ഹഗ് ഡേ'; കെട്ടിപ്പിടുത്തം കൊണ്ടുള്ള നാല് ആരോഗ്യഗുണങ്ങളെ കുറിച്ചറിയാം...

Synopsis

പരസ്പരം കെട്ടിപ്പിടിക്കുമ്പോള്‍ ഉണ്ടാകുന്ന ഊര്‍ജ്ജപ്രവാഹം ചെറുതല്ല. എന്നാല്‍ നൈമിഷികമായ ഈ സന്തോഷത്തിലുപരി ചില ആരോഗ്യഗുണങ്ങളും കെട്ടിപ്പിടുത്തത്തിനുണ്ടെന്നാണ് ചില പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. അത്തരത്തിലുള്ള നാല് ഗുണങ്ങളെ കുറിച്ചറിയാം

വാലന്റൈന്‍സ് വീക്കിന്റെ ഭാഗമായി ഇന്ന് 'ഹഗ് ഡേ' ആഘോഷിക്കപ്പെടുകയാണ്. കെട്ടിപ്പിടുത്തം പല രീതിയിലുമുണ്ട്. പ്രണയത്തിലും സൗഹൃദത്തിലും സ്‌നേഹത്തിലും സാഹോദര്യത്തിലും കൂടിച്ചേരലിലും വേര്‍പിരിയലിലുമെല്ലാം കെട്ടിപ്പിടുത്തം കാണാം. 

പരസ്പരം കെട്ടിപ്പിടിക്കുമ്പോള്‍ ഉണ്ടാകുന്ന ഊര്‍ജ്ജപ്രവാഹം ചെറുതല്ല. എന്നാല്‍ നൈമിഷികമായ ഈ സന്തോഷത്തിലുപരി ചില ആരോഗ്യഗുണങ്ങളും കെട്ടിപ്പിടുത്തത്തിനുണ്ടെന്നാണ് ചില പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. അത്തരത്തിലുള്ള നാല് ഗുണങ്ങളെ കുറിച്ചറിയാം. 

ഒന്ന്...

ബിപി, അഥവാ രക്തസമ്മര്‍ദ്ദത്തെ കുറിച്ച് എല്ലാവര്‍ക്കുമറിയാം. ബിപി നിയന്ത്രിച്ചുനിര്‍ത്താന്‍ മരുന്ന് കഴിക്കുന്നവരും ജീവിതശൈലീ മാറ്റങ്ങള്‍ വരുത്തുന്നവരുമെല്ലാം ഏറെയാണ്. എന്നാല്‍ കെട്ടിപ്പിടുത്തം കൊണ്ട് ബിപി 'നോര്‍മല്‍' ആക്കാന്‍ സാധിക്കുമെങ്കിലോ! തമാശയല്ല, 'നോര്‍ത്ത് കരോളിന യൂണിവേഴ്‌സിറ്റി'യില്‍ നിന്നുള്ള ഗവേഷകരുടെ പഠനം അവകാശപ്പെടുന്നത് ഏറ്റവുമധികം കെട്ടിപ്പിടുത്തം കിട്ടുന്ന ആളുകളില്‍ ബിപി നിയന്ത്രണവിധേയമായിരിക്കുമെന്നാണ്. കെട്ടിപ്പിടിക്കുമ്പോള്‍ 'ഓക്‌സിടോസിന്‍' എന്ന ഹോര്‍മോണ്‍ ഉത്പാദനം വര്‍ധിക്കുന്നു. ഇതാണേ്രത ബിപി നിയന്ത്രിച്ചുനിര്‍ത്താന്‍ സഹായിക്കുന്നത്.

രണ്ട്...

ധാരാളം പേര്‍ പരാതിപ്പെടുന്നൊരു പ്രശ്‌നമാണ് ഉറക്കമില്ലായ്മ. ഇത് പരിഹരിക്കാനും കെട്ടിപ്പിടുത്തം മികച്ചൊരു മരുന്നാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. പങ്കാളിയുമൊത്ത് ഏതാനും നിമിഷങ്ങള്‍ നീളുന്ന കെട്ടിപ്പിടുത്തത്തിലായ ശേഷം ഉറങ്ങാന്‍ കിടന്നാല്‍ ഉറക്കത്തിന്റെ 'ക്വാളിറ്റി' വര്‍ധിപ്പിക്കാമെന്നാണ് 'നാഷണല്‍ സ്ലീപ് ഫൗണ്ടേഷന്‍' പുറത്തിറക്കിയ പഠനറിപ്പോര്‍ട്ടില്‍ പറയുന്നത്. 

മൂന്ന്...

രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും കെട്ടിപ്പിടുത്തം സഹായകമാണത്രേ. ഇക്കാര്യത്തില്‍ പലര്‍ക്കും സംശയം വരാം, കെട്ടിപ്പിടുത്തവും രോഗപ്രതിരോധ ശേഷിയും തമ്മിലെന്താണ് ബന്ധമെന്ന്! 'സൈക്കോളജിക്കല്‍ സയന്‍സ്' എന്ന പ്രമുഖ ആരോഗ്യപ്രസിദ്ധീകരണത്തില്‍ വന്ന പഠനറിപ്പോര്‍ട്ട് പറയുന്നത് കേള്‍ക്കൂ. കെട്ടിപ്പിടിക്കുമ്പോള്‍ 'സ്‌ട്രെസ് ഹോര്‍മോണ്‍' ആയ 'കോര്‍ട്ടിസോള്‍' തോത് കുറയുമത്രേ. ഈ 'കോര്‍ട്ടിസോള്‍' ഹോര്‍മോണ്‍ രോഗപ്രതിരോധത്തിന് സഹായിക്കുന്ന കോശങ്ങളെ നശിപ്പിക്കുന്നവയാണ്. അപ്പോള്‍ കെട്ടിപ്പിടുത്തം എങ്ങനെ പ്രതിരോധശേഷിയെ ശക്തിപ്പെടുത്തുന്നു എന്ന് മനസിലായല്ലോ. 

നാല്...

നേരത്തേ സൂചിപ്പിച്ചത് പോലെ തന്നെ മാനസിക സമ്മര്‍ദ്ദം അഥവാ 'സ്‌ട്രെസ്' കുറയ്ക്കാനും കെട്ടിപ്പിടുത്തം സഹായകമാണ്. കെട്ടിപ്പിടിക്കുമ്പോള്‍ 'സ്‌ട്രെസ് ഹോര്‍മോണ്‍' ആയ 'കോര്‍ട്ടിസോള്‍' അളവ് കുറയുകയും നെഞ്ചിടിപ്പ് കുറയ്ക്കാന്‍ സഹായിക്കുന്ന 'ഓക്‌സിടോസിന്‍' എന്ന ഹോര്‍മോണ്‍ അളവ് കൂടുകയും ചെയ്യുന്നു. ഇതുമൂലം എളുപ്പത്തില്‍ സന്തോഷവും സമാധാനവും അനുഭവപ്പെടുന്നു. 

Also Read:- 'സ്‌ട്രെസ്' കുറയ്ക്കാന്‍ കാപ്പിയെയോ സിഗരറ്റിനെയോ ആശ്രയിക്കാറുണ്ടോ?...

PREV
click me!

Recommended Stories

ഹൃദയാഘാതം; ശരീരം കാണിക്കുന്ന ഈ സൂചനകളെ അവഗണിക്കരുത്
മുലപ്പാല്‍ എങ്ങനെ പമ്പ് ചെയ്യണം, ശേഖരിക്കണം, സൂക്ഷിക്കണം?