ഹൃദയത്തെ വരെ ദോഷമായി ബാധിക്കാന്‍ കാരണമാകുന്ന 'സ്‌ട്രെസ്'നെ പിടിച്ചുകെട്ടാന്‍ ഓരോരുത്തരും ആശ്രയിക്കുന്ന മാര്‍ഗങ്ങള്‍ പലതാണ്. ചിലര്‍ ഭക്ഷണത്തെയോ കാപ്പിയെയോ ആയിരിക്കും സമ്മര്‍ദ്ദമകറ്റാന്‍ ആശ്രയിക്കുക. മറ്റ് ചിലര്‍ പുകവലിയിലേക്ക് നീങ്ങും

പുതിയകാലത്തെ മത്സരാധിഷ്ഠിത ജീവിതരീതികളില്‍ മാറ്റിനിര്‍ത്താനാകാത്ത ഒന്നാണ് 'സ്‌ട്രെസ്', അഥവാ മാനസിക സമ്മര്‍ദ്ദം. തീര്‍ത്തും നിസാരമായി കണക്കാക്കാന്‍ കഴിയാത്ത അവസ്ഥ കൂടിയാണ് 'സ്‌ട്രെസ്'. 

ഹൃദയത്തെ വരെ ദോഷമായി ബാധിക്കാന്‍ കാരണമാകുന്ന 'സ്‌ട്രെസ്'നെ പിടിച്ചുകെട്ടാന്‍ ഓരോരുത്തരും ആശ്രയിക്കുന്ന മാര്‍ഗങ്ങള്‍ പലതാണ്. ചിലര്‍ ഭക്ഷണത്തെയോ കാപ്പിയെയോ ആയിരിക്കും സമ്മര്‍ദ്ദമകറ്റാന്‍ ആശ്രയിക്കുക. മറ്റ് ചിലര്‍ പുകവലിയിലേക്ക് നീങ്ങും. എന്നാല്‍ ഈ രീതികളൊന്നും ഒട്ടും ആരോഗ്യകരമല്ലാത്തതാണ്. 

ചില ലൈഫ്‌സ്റ്റൈല്‍ മാറ്റങ്ങളിലൂടെ വലിയൊരു പരിധി വരെ 'സ്‌ട്രെസ്' അകറ്റിനിര്‍ത്താനാകും. അത്തരത്തില്‍ വരുത്താവുന്ന അഞ്ച് ലൈഫ്‌സ്റ്റൈല്‍ മാറ്റങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്. 

ഒന്ന്...

രാവിലെ ഉണര്‍ന്നയുടന്‍ ചെയ്യുന്ന കാര്യങ്ങള്‍ എന്താണോ അത് ദിവസത്തിലുടനീളം നിങ്ങളുടെ മാനസികാവസ്ഥയെ സ്വാധീനിക്കും. അതിനാല്‍ ഉറക്കമുണര്‍ന്നയുടന്‍ 'പൊസിറ്റീവ്' ആയി ദിവസത്തെ വരവേല്‍ക്കുക. 

കണ്ണ് തുറന്നയുടന്‍ തന്നെ മൊബൈല്‍ ഫോണിലേക്ക് നോക്കിയിരിക്കുക, കാപ്പിയോ ചായയോ കഴിക്കുക എന്നിവയൊന്നും ഗുണകരമല്ല. ആദ്യം അല്‍പം വെള്ളം കുടിക്കാം. തുടര്‍ന്ന് വീട്ടിലെ ജോലികളിലേക്കോ വ്യായാമത്തിലേക്കോ കടക്കുക. നല്ല പ്രഭാതഭക്ഷണം ഉറപ്പാക്കുക. 

രണ്ട്...

തിരക്കിട്ട ജോലിയിലാണെങ്കിലും ഇടയ്ക്ക് ഇടവേളകളെടുക്കുക. കംപ്യൂട്ടറില്‍ ജോലി ചെയ്യുന്നവരാണെങ്കില്‍ ബ്രേക്ക് എടുക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ നോക്കാതിരിക്കുക. ഇടയ്ക്ക് ഒന്ന് നടക്കുകയോ ആരോടെങ്കിലും അല്‍പം സംസാരിക്കുകയോ ചെയ്യാം. ഇഷ്ടപ്പെട്ട പാട്ട് കേട്ട് അല്‍പനേരം പുറത്തേക്ക് നോക്കിയിരിക്കുന്നത് വരെ സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായകരമാകും

മൂന്ന്...

സുഖകരമായ ഉറക്കം ആരോഗ്യത്തിന്റെ അടിസ്ഥാനമാണ്. ഇത് ലഭിച്ചില്ലെങ്കില്‍ സമ്മര്‍ദ്ദം കൂടാം. അതിനാല്‍ ഉറക്കം എപ്പോഴും ഉറപ്പുവരുത്തുക. ശരീരഭാരം അനാരോഗ്യകരമായി വര്‍ധിക്കാതിരിക്കാനും സുഖകരമായ ഉറക്കം അനിവാര്യം തന്നെ.

നാല്...

സമ്മര്‍ദ്ദമനുഭവപ്പെടുമ്പോള്‍ ചിലര്‍ എന്തെങ്കിലും ഭക്ഷണം വാരിവലിച്ച് കഴിക്കാറുണ്ട്. ഇത് തീര്‍ത്തും മോശമായ ശീലമാണ്. 


അനാരോഗ്യകരമായ ഭക്ഷണമായിരിക്കും ഇത്തരത്തില്‍ കഴിക്കാന്‍ ഏറെ പേരും തെരഞ്ഞെടുക്കുന്നത്. അത് ശരീരത്തെ ദോഷമായേ ബാധിക്കൂ. സ്വാഭാവികമായും മനസിനെയും അത് പ്രശ്‌നത്തിലാക്കാം. സമ്മർദ്ദമൊഴിവാക്കാൻ കാപ്പിയെ ആശ്രയിക്കുന്നത് അത്ര നന്നല്ല. കഫീൻ 'സ്ട്രെസ്' വർധിപ്പിക്കാൻ ഇടയാക്കാറുണ്ട്.

അഞ്ച്...

ആദ്യം സൂചിപ്പിച്ചത് പോലെ 'സ്‌ട്രെസ്' നേരിടാന്‍ പുകവലിയിലോ മദ്യപാനത്തിലോ അഭയം കണ്ടെത്താതിരിക്കുക. ഇവയെല്ലാം ശീലങ്ങള്‍ മാത്രമാണ്. യഥാര്‍ത്ഥത്തില്‍ സമ്മര്‍ദ്ദം കൂട്ടാന്‍ മാത്രമേ ഇവയെല്ലാം ഉപകരിക്കൂ. 

Also Read:- ദുഖവും ഡിപ്രഷനും വേര്‍തിരിച്ചറിയാം; ഇതാ ചില ലക്ഷണങ്ങള്‍...