
കാഴ്ചയെ ബാധിക്കുന്ന രോഗങ്ങള്‍ എന്നാല്‍ അത് എത്രമാത്രം പ്രധാനമാണെന്ന് ഏവര്‍ക്കുമറിയാം. എന്നാല്‍ പലപ്പോഴും സമയബന്ധിതമായി കാഴ്ചയെ ബാധിക്കുന്ന രോഗങ്ങള്‍ കണ്ടെത്താനും ചികിത്സ തേടാനും കഴിയാത്തതിനെ തുടര്‍ന്ന് പിന്നീടങ്ങോട്ട് ഈ പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകാനും കാഴ്ച തന്നെ നഷ്ടപ്പെടാനുമെല്ലാം ഇടയാകുന്നതും പതിവാണ്.
ഇത്തരത്തില്‍ കാഴ്ചയെ ബാധിക്കുന്ന, കാഴ്ച ശക്തി തന്നെ നഷ്ടപ്പെടാൻ കാരണമാകുന്ന ഒരു രോഗമാണ് ഗ്ലൂക്കോമ. കണ്ണിന്‍റെ ഒപ്റ്റിക് നര്‍വിനെ ബാധിക്കുന്നൊരു രോഗമാണിത്. കണ്ണില്‍ നിന്ന് തലച്ചോറിലേക്ക് കാഴ്ച സംബന്ധിക്കുന്ന വിവരത്തെ കൈമാറുകയെന്നതാണ് ഒപ്റ്റിക് നര്‍വിന്‍റെ ധര്‍മ്മം. ഇത് ബാധിക്കപ്പെടുകയെന്ന് പറയുമ്പോള്‍ അതെത്രമാത്രം ഗൗരവത്തിലുള്ളതാണെന്ന് മനസിലാക്കാമല്ലോ. അങ്ങനെയെങ്കില്‍ ഗ്ലൂക്കോമയെ തിരിച്ചറിയാനുള്ള ലക്ഷണങ്ങള്‍ കൂടി മനസിലാക്കിയാലോ?
കാഴ്ചയില്‍ വ്യതിയാനം...
സാധാരണയുള്ള കാഴ്ചയില്‍ നിന്ന് വ്യത്യസ്തമായി കാഴ്ച കുറഞ്ഞുവരിക, അതുപോലെ കാഴ്ചയുടെ പരിധി കുറഞ്ഞുവരിക - പോലുള്ള പ്രശ്നങ്ങള്‍ ഗ്ലൂക്കോമ ലക്ഷണങ്ങളാകാം.
ടണല്‍ കാഴ്ച...
ഒരു ടണലിലൂടെ നോക്കിയാല്‍ കാണുന്ന രീതിയിലേക്ക് കാഴ്ച മാറുന്നതും ഗ്ലൂക്കോമയുടെ ലക്ഷണമായി വരാവുന്ന പ്രശ്നമാണ്. ഇത് ഗദ്ലൂക്കോമ അല്‍പം അധികരിച്ച അവസ്ഥയിലാണ് കാണപ്പെടുക.
മങ്ങല്‍...
കാഴ്ച മങ്ങിക്കാണുന്നതും ഗ്ലൂക്കോമ ലക്ഷണമാകാം. എന്നാലിത് പരിശോധനയിലൂടെ മനസിലാക്കേണ്ടതാണ്. സൂക്ഷിച്ച് നോക്കിയാല്‍ മാത്രം മനസിലാകുന്ന കാര്യങ്ങള്‍, സാധനങ്ങള്‍, അക്ഷരങ്ങള്‍ എല്ലാം വ്യക്തമാകാൻ ഈ അവസ്ഥയില്‍ സാധ്യമല്ലാതെ വരാം.
വെളിച്ചം...
ഗ്ലൂക്കോമയുടെ ഭാഗമായി വെളിച്ചത്തിനോട് സെൻസിറ്റിവിറ്റി കൂടുതലാകാം. ഇതുകാരണം ബള്‍ബ് പോലുള്ള പ്രകാശത്തിന്‍റെ സ്രോതസുകളിലേക്ക് നോക്കുമ്പോള്‍ അതിന് ചുറ്റും വീണ്ടും വെളിച്ചത്തിന്‍റെ വലയം പോലെ കാണാം. അതുപോലെ കണ്ണിലേക്ക് ഗ്ലെയറടിക്കുന്നതും കൂടുതലായിരിക്കും.
കണ്ണ് വേദന...
ചിലരില്‍ ഗ്ലൂക്കോമയുടെ ഭാഗമായി കണ്ണ് വേദനയും പതിവായി അനുഭവപ്പെടാം. നേരിയ രീതിയില്‍ തുടങ്ങി കുത്തിത്തറയ്ക്കുന്നത് പോലെ അസഹനീയമായ വിധത്തിലേക്ക് വരെ ഈ വേദന എത്താം.
ഓക്കാനം...
ചിലരില്‍ ഗ്ലൂക്കോമ അധികരിക്കുമ്പോള്‍ ഓക്കാനം, ഛര്‍ദ്ദി പോലുള്ള ലക്ഷണങ്ങളും കാണാറുണ്ട്. അതുപോലെ തന്നെ വയറുവേദനയും.
ചുവപ്പുനിറം...
കണ്ണുകളില്‍ ചുവപ്പുനിറം പടരുന്നതും ഗ്ലൂക്കോമ ലക്ഷണമായി വരാറുണ്ട്. ഇതിനൊപ്പം ചൊറിച്ചിലും അസ്വസ്ഥതയും കൂടി അനുഭവപ്പെടാം.
Also Read:- എന്താണ് 'ഹെഡ് ആന്‍റ് നെക്ക് ക്യാൻസര്‍'?; അപകടകാരിയായ രോഗത്തിന്‍റെ ലക്ഷണങ്ങള്‍ അറിയൂ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam