
കരള്‍ വീക്കം (ലിവര്‍ സിറോസിസ്) ലോകത്ത് തന്നെ ഏറ്റവുമധികം രോഗികളെ മരണത്തിലേക്ക് നയിക്കുന്ന ഒരു കാരണമായി ഉയര്‍ന്നുവരുന്ന സാഹചര്യമാണിത്. പ്രധാനമായും അമിത മദ്യപാനത്തെ തുടര്‍ന്നാണ് കരള്‍വീക്കമുണ്ടാകുന്നത്. എന്നാല്‍ എല്ലായ്‌പ്പോഴും കരള്‍ വീക്കത്തിന് കാരണമാകുന്നത് മദ്യപാനം തന്നെ ആകണമെന്നും ഇല്ല. ഹെപ്പറ്റൈറ്റിസ് മൂലവും കരള്‍ വീക്കം ഉണ്ടാകാം.
മദ്യപാനം മൂലമുണ്ടാകുന്ന കരള്‍ വീക്കം മിക്കവാറും പുരുഷന്മാരിലാണ് കാണപ്പെടുന്നത്. സ്വാഭാവികമായും സ്ത്രീകളെ അപേക്ഷിച്ച് മദ്യപിക്കുന്ന ശീലം കൂടുതലുള്ളത് പുരുഷന്മാരിലാണ് എന്നത് തന്നെ ഇതിന് കാരണം. കരള്‍ വീക്കത്തിന്റെ ഏറ്റവും സങ്കീര്‍ണ്ണമായ ഒരു സവിശേഷത അതിന്റെ രോഗലക്ഷണങ്ങള്‍ പ്രകടമാകാന്‍ എടുക്കുന്ന സമയം ആണെന്ന് പറയാം.
രോഗം കാര്യമായി വ്യാപിക്കുന്നത് വരെ ലക്ഷണങ്ങള്‍ പുറത്ത് കണ്ടെന്ന് വരില്ല. സമയത്തിന് ചികിത്സ ലഭ്യമായില്ലെങ്കില്‍ ജീവന്‍ വരെ അപഹരിക്കാവുന്നത്രയും ഗൗരവമുള്ള രോഗമാണിത് എന്നതും വലിയ തിരിച്ചടിയാണ്.
ഇനി രോഗലക്ഷണങ്ങളുടെ കാര്യത്തില്‍ സ്ത്രീകളിലും പുരുഷന്മാരിലും ചില വ്യത്യാസങ്ങള്‍ കാണപ്പെടാറുണ്ട്. ഇക്കൂട്ടത്തിലാണ് ലൈംഗികതയോട് താല്‍പര്യം കുറയുന്ന അവസ്ഥയും ഉള്‍പ്പെടുന്നത്. ഇത് പുരുഷന്മാരില്‍ മാത്രമാണ് പ്രകടമാകാറ്. താല്‍പര്യം കുറയുന്നു എന്ന് മാത്രമല്ല, ശേഷിക്കുറവും വന്ധ്യതയുമെല്ലാം ഈ ഘട്ടത്തില്‍ പുരുഷന്മാരില്‍ കണ്ടേക്കാം.
എന്നാല്‍ ലൈംഗികതയോട് വിരക്തി തോന്നുന്നത് കൊണ്ടോ, ശേഷിക്കുറവ് അനുഭവപ്പെടുന്നത് കൊണ്ടോ മാത്രം അത് കരള്‍ വീക്കമാണെന്ന് ഒരിക്കലും ചിന്തിക്കരുത്. മറ്റ് പല ലക്ഷണങ്ങളില്‍ ഒന്ന് മാത്രമാണ് ഇതെന്ന് മനസിലാക്കണം. കടുത്ത ക്ഷീണം, ബ്ലീഡിംഗ്, ഓക്കാനം, വിശപ്പില്ലായ്മ, കാല്‍മുട്ടുകള്‍- കാല്‍- പാദങ്ങള്‍ എന്നിവിടങ്ങളിലെ വീക്കം, തൊലിപ്പുറത്ത് ചൊറിച്ചിലും മഞ്ഞനിറവും, കണ്ണുകളിലും മഞ്ഞനിറം, അടിവയറ്റില്‍ നീര് ഊറിക്കൂടുന്നത്, കയ്യിലും കൈപ്പത്തികളിലും ചുവപ്പും തടിപ്പും, മയക്കം, പരിഭ്രമം, സംസാരിക്കുമ്പോള്‍ വിഷമത ഇങ്ങനെ പല ലക്ഷണങ്ങളും കരള്‍ വീക്കത്തിന് കണ്ടേക്കാം.
ഇക്കൂട്ടത്തിലെ ഒന്ന് മാത്രമാണ് പുരുഷന്മാരിലെ ലൈംഗിക പ്രശ്‌നങ്ങള്‍. സ്ത്രീകളിലാണെങ്കില്‍ ആര്‍ത്തവം കൃത്യമല്ലാതാവുക, നിലയ്ക്കുക എന്നിവയെല്ലാം കരള്‍ വീക്കത്തിന്റെ ലക്ഷണമായി വരാം. ഇതിനൊപ്പം തന്നെ മുകളില്‍ ചേര്‍ത്തിരിക്കുന്ന ലക്ഷണങ്ങളും പ്രകടമാവാം.
സ്ത്രീകളിലാണെങ്കിലും പുരുഷന്മാരിലാണെങ്കിലും ലൈംഗികതയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ശാരീരികവും മാനസികവുമായ ഒട്ടേറെ കാരണങ്ങള്‍ കൊണ്ട് സംഭവിക്കാവുന്നതാണ്. മറ്റ് വിഷമതകളൊന്നും തന്നെ നേരിടാത്ത പക്ഷം ഇതിന് കൗണ്‍സിലിംഗ് തന്നെയാണ് ഉചിതം. അതേസമയം ഇതിനൊപ്പം തന്നെ എന്തെങ്കിലും തരത്തിലുള്ള ശാരീരികപ്രശ്‌നങ്ങളും നേരിടുന്നു എങ്കില്‍ തീര്‍ച്ചയായും ഡോക്ടറുടെ നിര്‍ദേശം കൂടി തേടിയ ശേഷം വിശദമായ പരിശോധനകള്‍ നടത്തുകയും വേണം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam