ഫോണ്‍ ഉപയോഗം കൂടിയത് നിങ്ങളുടെ കൈകളെ ബാധിച്ചുവോ? പരിശോധിക്കൂ ഈ ലക്ഷണങ്ങള്‍

Published : Oct 07, 2023, 04:15 PM IST
ഫോണ്‍ ഉപയോഗം കൂടിയത് നിങ്ങളുടെ കൈകളെ ബാധിച്ചുവോ? പരിശോധിക്കൂ ഈ ലക്ഷണങ്ങള്‍

Synopsis

മണിക്കൂറുകളോളം ഫോണില്‍ സ്ക്രോള്‍ ചെയ്തിരിക്കുകയോ ലാപ്ടോപിലോ ഡെസ്ക്ടോപ്പിലോ വര്‍ക്ക് ചെയ്യുകയോ ചെയ്യുന്നവരില്‍ ഇതുമായി ബന്ധപ്പെട്ട് കാണുന്നൊരു ആരോഗ്യപ്രശ്നമാണ് കണങ്കയ്യിലെ വേദന. 

ഇന്ന് ഫോണ്‍ ഉപയോഗിക്കാത്തവര്‍ അപൂര്‍വമാണ്. ഇക്കൂട്ടത്തില്‍ തന്നെ സ്മാര്‍ട് ഫോണ്‍ ഉപയോഗിക്കാത്തവരും നന്നെ കുറവാണ്. സ്മാര്‍ട് ഫോണ്‍ ഉപയോഗിക്കുന്നവരിലാണെങ്കില്‍ വലിയൊരു ശതമാനം പേരും ദിവസത്തില്‍ മണിക്കൂറുകളോളം ഇതിനായി ചെലവഴിക്കുന്നവരുമാണ്.

എന്നാല്‍ ഇങ്ങനെ മണിക്കൂറുകളോളം ഫോണില്‍ സ്ക്രോള്‍ ചെയ്തിരിക്കുകയോ ലാപ്ടോപിലോ ഡെസ്ക്ടോപ്പിലോ വര്‍ക്ക് ചെയ്യുകയോ ചെയ്യുന്നവരില്‍ ഇതുമായി ബന്ധപ്പെട്ട് കാണുന്നൊരു ആരോഗ്യപ്രശ്നമാണ് കണങ്കയ്യിലെ വേദന. 

ഇത് നിസാരമാണെന്ന് ചിന്തിക്കരുത്. ക്രമേണ നമ്മുടെ നിത്യജീവിതത്തിലെ എല്ലാ കാര്യങ്ങളെയും, ജോലിയടക്കം ബാധിക്കപ്പെടാൻ ഈയൊരു പ്രശ്നം ധാരാളം മതി.

നമ്മുടെ കണങ്കയ്യില്‍ ചെറിയ എട്ട് എല്ലുകളാണുള്ളത്. ഇത് കാര്‍പല്‍ ബോണ്‍സ് എന്നാണറിയപ്പെടുന്നത്. ഇവയെല്ലാം തന്നെ ലിഗമെന്‍റുകളുമായി ബന്ധപ്പെട്ട് കിടക്കുകയും ചെയ്യുന്നു. തുടര്‍ച്ചയായി, അതുപോലെ ദീര്‍ഘനേരം ഒരേ തരത്തില്‍ കൈ അനക്കുമ്പോള്‍ (ഉദാഹരണം ഫോണിലോ ലാപ്ടോപിലോ എല്ലാം മണിക്കൂറുകള്‍ ചിലവിടുന്നത്) ഈ ലിഗമെന്‍റുകള്‍ക്ക് സമ്മര്‍ദ്ദം വരികയാണ്. ഇത് പിന്നീട് 'റിപ്പെറ്റേറ്റീവ് സ്ട്രെയിൻ ഇൻജൂറി' (ആര്‍എസ്ഐ) എന്ന അവസ്ഥയിലേക്ക് എത്തുന്നു. അതല്ലെങ്കില്‍ 'കാര്‍പല്‍ ടണല്‍ സിൻഡ്രോം' (സിടിഎസ്) എന്ന അവസ്ഥയുണ്ടാകുന്നു. 

ഇനി ഫോണ്‍ ഉപയോഗം കൂടി കണങ്കയ്യിന് പ്രശ്നമായി എന്ന് എങ്ങനെ തിരിച്ചറിയാൻ സാധിക്കും? വേദനയ്ക്ക് പുറമെ എന്തെല്ലാം ലക്ഷണങ്ങളാണ് ഇതില്‍ കാണുക? 

വിരലുകളില്‍ വിറയല്‍, മരവിപ്പ് (പ്രത്യേകിച്ച് തള്ളവിരല്‍- ചൂണ്ടുവിരല്‍- നടുവിരല്‍ എന്നിവയില്‍) എന്നിവ അനുഭവപ്പെടുന്നത് പലപ്പോഴും സിടിഎസിന്‍റെ ലക്ഷണമാകാം. കണങ്കൈ ബലം വന്ന് ഇരിക്കുന്ന അവസ്ഥയുണ്ടാകാറുണ്ടോ? അതുപോലെ എന്തെങ്കിലും പിടിക്കുമ്പോള്‍ 'ഗ്രിപ്' കിട്ടാതാകുന്ന അവസ്ഥ? 

ഇതെല്ലാം ഫോണുപയോഗം അമിതമായത് കയ്യിനെ ബാധിച്ചു എന്ന സൂചനയാകാം നല്‍കുന്നത്.   വേദനയാണെങ്കില്‍ നേരിയ രീതിയില്‍ തുടങ്ങി തീവ്രതയേറുന്ന മട്ടിലായിരിക്കും. ചില പൊസിഷൻ കൂടുതല്‍ വേദന അനുഭവപ്പെടുത്താം. കണങ്കയ്യില്‍ ഇടയ്ക്ക് നീര് കൂടി കാണുന്നുവെങ്കില്‍ തീര്‍ച്ചയായും ഡോക്ടറെ കണ്ട് കണങ്കയ്യിന് പ്രശ്നമുണ്ടോ എന്ന് പരിശോധിക്കുക. ഉണ്ടെന്ന് അറിയുന്നപക്ഷം തീര്‍ച്ചയായും ഫോണ്‍ ഉപയോഗമടക്കം നിയന്ത്രിക്കുക.  

Also Read:- 40 ശതമാനം ഇന്ത്യക്കാരിലും ഈ രോഗലക്ഷണങ്ങള്‍ കാണാം; അറിയാം ഇതെക്കുറിച്ച് കൂടുതലായി...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

വൃക്കയിലെ കല്ലിന് കാരണമാകുന്ന ഭക്ഷണങ്ങൾ; ഇവ ഇന്നുതന്നെ ഒഴിവാക്കൂ
പശ്ചിമ ബംഗാളിൽ നിപ ഭീതി; അലിപൂർ മൃഗശാലയിലെ വവ്വാലുകളിൽ നിപ വൈറസ് ബാധയുണ്ടോയെന്ന് പരിശോധിക്കും