Job Stress : ജോലിസ്ഥലത്തും 'ഹണിമൂണ്‍' ഘട്ടമുണ്ട്; അത് കഴിഞ്ഞാല്‍ പിന്നെ 'ഡാര്‍ക്' ആണ് കാര്യങ്ങള്‍

By Web TeamFirst Published Aug 24, 2022, 10:13 PM IST
Highlights

നാല് ഘട്ടങ്ങളിലായാണ് ജോലി- നിങ്ങളെ മാനസികമായി ബാധിച്ച്, നിങ്ങളുടെ മറ്റ് കാര്യങ്ങളെയെല്ലാം അവതാളത്തിലാക്കുന്ന രീതിയിലേക്ക് മാറിവരുന്നത്. ഇതിലൊരു ഘട്ടമാണ് ഹണിമൂണ്‍ ഘട്ടം.

ജോലിയില്‍ നിന്നുള്ള സമ്മര്‍ദ്ദങ്ങളെ കുറിച്ച് പലരും പരാതിപ്പെടുന്നത് കേട്ടിട്ടില്ലേ? ഇത് അത്ര നിസാരമായൊരു പ്രശ്നമല്ല. ശാരീരികവും മാനസികവുമായ ആരോഗ്യത്തെയും വ്യക്തിജീവിതത്തെയും ബന്ധങ്ങളെയുമെല്ലാം ഒരുപോലെ ബാധിക്കാൻ ഈ പ്രശ്നം കാരണമായി വരാം. അതിനാല്‍ തന്നെ ജോലിസ്ഥലത്ത് നിന്ന് നിങ്ങള്‍ സമ്മര്‍ദ്ദം നേരിടുന്നുണ്ടോയെന്ന് പരിശോധിച്ച് ഉറപ്പുവരുത്തുകയും സമ്മര്‍ദ്ദമുണ്ടെങ്കില്‍ അതിനെ കൈകാര്യം ചെയ്ത് പരിശീലിക്കുകയും വേണം. 

എങ്ങനെയാണ് ഇത് പരിശോധിക്കുക? നാല് ഘട്ടങ്ങളിലായാണ് ജോലി- നിങ്ങളെ മാനസികമായി ബാധിച്ച്, നിങ്ങളുടെ മറ്റ് കാര്യങ്ങളെയെല്ലാം അവതാളത്തിലാക്കുന്ന രീതിയിലേക്ക് മാറിവരുന്നത്. ഇതിലൊരു ഘട്ടമാണ് ഹണിമൂണ്‍ ഘട്ടം. ഇതെക്കുറിച്ചും മറ്റ് മൂന്ന് ഘട്ടങ്ങളെ കുറിച്ചും മനസിലാക്കാം. 

ഒന്ന്...

മുകളില്‍ സൂചിപ്പിച്ചത് പോലെ ജോലിയിലെ ഹണിമൂണ്‍ ഘട്ടം. ജോലിയില്‍ പ്രവേശിച്ച ആദ്യകാലമാണിത്. പരമാവധി ഊര്‍ജ്ജത്തില്‍ നിങ്ങള്‍ ജോലി ചെയ്യാൻ സാധ്യതയുള്ള കാലം. തീര്‍ത്തും 'പോസിറ്റീവ്' ആയ കാഴ്ചപ്പാട് ജോലിയോടും കമ്പനിയോടും നിങ്ങള്‍ ഈ ഘട്ടത്തില്‍ പുലര്‍ത്താം. പ്രണയബന്ധത്തിലോ ദാമ്പത്യത്തിലോ ആദ്യകാലങ്ങളില്‍ സംഭവിക്കുന്നത് പോലെ തന്നെ. 

രണ്ട്...
 
രണ്ടാം ഘട്ടത്തില്‍ നിങ്ങള്‍ക്ക് എന്തോ തരത്തിലുള്ള സമ്മര്‍ദ്ദങ്ങളുണ്ടെന്ന് നിങ്ങള്‍ തിരിച്ചറിയും. ആരോഗ്യത്തില്‍ ശ്രദ്ധ നല്‍കാൻ സാധിക്കാതെ വരുന്നതാണ് ഈ ഘട്ടത്തിന്‍റെ സവിശേഷത. ജോലിയില്‍ ശ്രദ്ധ നില്‍ക്കാത്തതിനാല്‍ അവധി വേണമെന്നും സ്ട്രെസും ഉത്കണ്ഠയും കുറയണമെന്നും നിങ്ങളാഗ്രഹിക്കും. ഈ ഘട്ടത്തില്‍ തന്നെ നിങ്ങളുടെ ബന്ധങ്ങളും ബാധിക്കപ്പെടാം. 

മൂന്ന്...

മൂന്നാം ഘട്ടത്തില്‍ സ്ട്രെസ് അധികരിക്കും. പതിവായി സ്ട്രെസ് അനുഭവിക്കുന്ന സാഹചര്യമാണിത്. പ്രത്യേകിച്ച് ജോലിസമയങ്ങളിലാണ് കൂടുതല്‍ സ്ട്രെസും നേരിടുക. സമയത്തിന് ജോലി തീര്‍ക്കാൻ സാധിക്കാതിരിക്കുക, എപ്പോഴും അസ്വസ്ഥത, മുൻകോപം എന്നിങ്ങനെയുള്ള പ്രശ്നങ്ങളെല്ലാം ഈ ഘട്ടത്തില്‍ അനുഭവപ്പെടാം 

നാല്...

ഈ ഘട്ടത്തിനെ 'ബേണ്‍ ഔട്ട്' എന്നാണ് വിശേഷിപ്പിക്കുന്നത്. സ്ട്രെസ് മൂലം നിങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ എരിഞ്ഞുപോകുന്ന അവസ്ഥ. ജോലി ചെയ്യാൻ സാധിക്കാതിരിക്കുമെന്ന് മാത്രമല്ല, ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകരുമായും തൊഴിലുടമയുമായും എല്ലാം പ്രശ്നങ്ങള്‍ പതിവാകാം. ജോലിയില്‍ നിന്ന് അവധി കിട്ടാൻ എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കും. ഇത് ക്രമേണ ജോലിയെ പ്രതികൂലമായി ബാധിക്കുകയും ഒപ്പം വ്യക്തിജീവിതം പ്രതിസന്ധിയിലാവുകയും ചെയ്യാം. 

പരിഹരിച്ചില്ലെങ്കില്‍...

ഇത്തരത്തില്‍ ജോലി മൂലം സ്ട്രെസ് അധികരിക്കുകയാണെങ്കില്‍ അത് കൈകാര്യം ചെയ്യേണ്ടത് അവശ്യമാണ്. മൈൻഡ്ഫുള്‍നെസ് അടക്കമുള്ള കാര്യങ്ങള്‍ പരിശീലിക്കുന്നത് സഹായകമാണ്. ഈ ഘട്ടത്തില്‍ മനശാസ്ത്ര വിദഗ്ധരുടെ സഹായം തേടുന്നതാണ് ഉചിതം. കൗണ്‍സിലിംഗ് പോലുള്ള സെഷനുകള്‍ വളരെയധികം ആശ്വാസം നല്‍കാം. തുടര്‍ന്ന് സ്ട്രെസിനെ എങ്ങനെ കൈകാര്യം ചെയ്യാമെന്നതിലും ഇവര്‍ ക്രിയാത്മക നിര്‍ദേശങ്ങള്‍ നല്‍കും.

Also read:- ടെൻഷൻ കൊണ്ടുള്ള തലവേദന എങ്ങനെ തിരിച്ചറിയാം?

tags
click me!