കരള്‍ രോഗത്തിന്‍റെ ഈ ലക്ഷണങ്ങള്‍ നിങ്ങള്‍ അറിയാതെ പോകാം...

Published : Feb 25, 2024, 12:50 PM IST
കരള്‍ രോഗത്തിന്‍റെ ഈ ലക്ഷണങ്ങള്‍ നിങ്ങള്‍ അറിയാതെ പോകാം...

Synopsis

സമയബന്ധിതമായി രോഗങ്ങള്‍ തിരിച്ചറിഞ്ഞില്ലെങ്കില്‍ അതിന്‍റെ ചികിത്സയും പരിഹാരവുമെല്ലാം പ്രശ്നത്തിലാകാം. ഇങ്ങനെ സമയത്തിന് തിരിച്ചറിഞ്ഞില്ലെങ്കില്‍ ഏറെ സങ്കീര്‍ണത സൃഷ്ടിക്കുന്നതാണ് കരള്‍ രോഗങ്ങളും.

പല രോഗങ്ങളുടെയും ലക്ഷണങ്ങള്‍ നമ്മളില്‍ പ്രകടമാകുമ്പോഴും നമുക്കത് തിരിച്ചറിയാൻ സാധിക്കാതെ പോകാം. എന്നാലിത് പിന്നീട് വലിയ സങ്കീര്‍ണതകളാണ് സൃഷ്ടിക്കുക. പ്രത്യേകിച്ച് ഗൗരവമുള്ള രോഗങ്ങളുടെ ലക്ഷണങ്ങളാണ് നമ്മളിത്തരത്തില്‍ തിരിച്ചറിയാതെ പോകുന്നത് എങ്കില്‍. 

സമയബന്ധിതമായി രോഗങ്ങള്‍ തിരിച്ചറിഞ്ഞില്ലെങ്കില്‍ അതിന്‍റെ ചികിത്സയും പരിഹാരവുമെല്ലാം പ്രശ്നത്തിലാകാം. ഇങ്ങനെ സമയത്തിന് തിരിച്ചറിഞ്ഞില്ലെങ്കില്‍ ഏറെ സങ്കീര്‍ണത സൃഷ്ടിക്കുന്നതാണ് കരള്‍ രോഗങ്ങളും. കരള്‍ രോഗങ്ങളിലും പ്രാരംഭഘട്ടത്തില്‍ കാണുന്ന ലക്ഷണങ്ങള്‍ പലതും നാം തിരിച്ചറിയാതെയോ, ഗൗരവമായി എടുക്കാതെയോ പോകാൻ സാധ്യതയുണ്ട്. അത്തരത്തിലുള്ള ലക്ഷണങ്ങളെ കുറിച്ചറിയാം...

ഒന്ന്...

വിട്ടുമാറാത്ത ക്ഷീണമാണ് കരള്‍ രോഗങ്ങളില്‍ ആദ്യം കാണുന്നൊരു ലക്ഷണം. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും നമുക്ക് തളര്‍ച്ച തോന്നാം എന്നതിനാല്‍ മിക്കവരും ഇത് കാര്യമായി എടുക്കുകയേ ഇല്ല. നമുക്ക് ഉന്മേഷം (എനര്‍ജി) നല്‍കുന്നതില്‍ കരള്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. രോഗം ബാധിക്കപ്പെടുമ്പോള്‍ കരളിന് ഇങ്ങനെയുള്ള ധര്‍മ്മങ്ങള്‍ വേണ്ടവിധം ചെയ്യാൻ സാധിക്കാതെ വരുന്നു. ഇതിനാലാണ് ക്ഷീണം അനുഭവപ്പെടുന്നത്.

രണ്ട്...

വയറുവേദനയാണ് മറ്റൊരു ലക്ഷണം. ഇതും പക്ഷേ നമ്മള്‍ എളുപ്പത്തില്‍ നിസാരമായി തള്ളിക്കളയാൻ സാധ്യതയുള്ളൊരു പ്രശ്നമാണ്. നേരിയ വേദന മുതല്‍ കാഠിന്യമുള്ള വേദന വരെ ഇത്തരത്തില്‍ അനുഭവപ്പെടാം. 

മൂന്ന്...

മഞ്ഞപ്പിത്തവും കരള്‍ രോഗത്തിന്‍റെ ലക്ഷണമാണ്. കരള്‍ പ്രശ്നത്തിലാകുന്നതിന്‍റെ ഭാഗമായി ബിലിറുബീൻ അടിഞ്ഞുകിടന്ന് തൊലിയും കണ്ണുകളുമെല്ലാം മഞ്ഞനിറത്തിലേക്ക് മാറുന്നതാണ് മഞ്ഞപ്പിത്തത്തിന്‍റെ പ്രധാന ലക്ഷണം. പക്ഷേ മഞ്ഞപ്പിത്തവും ആളുകള്‍ ദിവസങ്ങളോളം തിരിച്ചറിയാതെ പോകാറുണ്ട് എന്നതാണ് സത്യം. 

നാല്...

മൂത്രത്തിന്‍റെ നിറത്തില്‍ വരുന്ന വ്യത്യാസവും കരള്‍ രോഗത്തെ സൂചിപ്പിക്കുന്നതാകാം. മൂത്രത്തിന് കടും മഞ്ഞനിറം, ബ്രൗണ്‍ കലര്‍ന്ന നിറമെല്ലാം വരുന്നത് ഇത്തരത്തില്‍ കരള്‍ രോഗ സൂചനയാകാം. 

അഞ്ച്...

കരള്‍ രോഗമുണ്ടെങ്കില്‍ മലത്തിലും അസാധാരണത്വം കാണാവുന്നതാണ്. മലത്തിന്‍റെ നിറത്തിലാണ് വ്യത്യാസം കാണുക. ഇളം നിറത്തിലോ അല്ലെങ്കില്‍ കളിമണ്ണിന്‍റെ നിറത്തിലോ മലം പോകുന്നതാണ് കരള്‍ രോഗത്തിന്‍റെ സൂചന.

ആറ്...

കരള്‍ രോഗമുള്ളവരില്‍ തൊലിപ്പുറത്ത് ചൊറിച്ചില്‍ അനുഭവപ്പെടുന്നതും സാധാരണമാണ്. കരള്‍ പ്രശ്നത്തിലാകുന്നതിന്‍റെ ഭാഗമായി തൊലിക്ക് താഴെ ബൈല്‍ അടിഞ്ഞുകൂടുന്നതിന്‍റെ ഭാഗമായാണ് ഇങ്ങനെ സംഭവിക്കുന്നത്. പക്ഷേ ഈ ചൊറിച്ചിലിനെ മിക്കവരും നിസാരമായേ കാണൂ.

ഏഴ്...

രക്തം കട്ട പിടിക്കുന്നതിന് അവശ്യം വേണ്ട പ്രോട്ടീൻ ഉത്പാദിപ്പിക്കുന്നത് കരളിന്‍റെ ജോലിയാണ്. കരള്‍ പ്രശ്നത്തിലാകുമ്പോള്‍ ഇതും മുടങ്ങുന്നു. ആയതിന്‍റെ ഭാഗമായി പരുക്കുകളോ മുറിവുകളോ സംഭവിക്കുമ്പോള്‍ രക്തം പോകുന്നത് നില്‍ക്കാതെയാകാം. ഇത് കണ്ടാലും പെട്ടെന്ന് പരിശോധന നടത്തേണ്ടതാണ്.

എട്ട്...

കരള്‍ പ്രശ്നത്തിലാകുന്നത് നമ്മുടെ ദഹനപ്രവര്‍ത്തനങ്ങളെയെല്ലാം ബാധിക്കുന്നതിന്‍റെ ഭാഗമായി വിശപ്പില്ലായ്മയും അതുപോലെ തന്നെ ഓക്കാനവും അനുഭവപ്പെടാം. ഇതും പക്ഷേ മിക്കവരും മറ്റെന്തെങ്കിലും ചെറിയ പ്രശ്നമായി കണക്കാക്കാം.

Also Read:- ഗര്‍ഭസ്ഥ ശിശുവിലേക്ക് വരെ 'മൈക്രോപ്ലാസ്റ്റിക്സ്' കടക്കുന്നു; പഠനം...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV
click me!

Recommended Stories

കുട്ടികളിൽ വിറ്റാമിൻ ബി 12ന്‍റെ കുറവ്; തിരിച്ചറിയേണ്ട ലക്ഷണങ്ങള്‍
ആരോഗ്യകരമായ രുചി; ഡയറ്റിലായിരിക്കുമ്പോൾ കഴിക്കാൻ 5 മികച്ച സാലഡ് റെസിപ്പികൾ