കുപ്പിവെള്ളം കുടിക്കുമ്പോള്‍ ആ കുപ്പിയില്‍ നിന്ന് വരെ പ്ലാസ്റ്റിക് ശരീരത്തിലെത്തുന്നുണ്ടെന്നാണ് അടുത്തിടെ വലിയ ചര്‍ച്ചയായൊരു പഠനം ചൂണ്ടിക്കാട്ടിയത്.
പ്ലാസ്റ്റിക്കിന്‍റെ ഉപയോഗം പ്രകൃതിക്ക് ഗുണകരമല്ല എന്ന പാഠം നാം സ്കൂള്‍കാലം മുതല്‍ തന്നെ കേട്ടിരിക്കും. എന്നാല്‍ പ്ലാസ്റ്റിക് പ്രകൃതിക്ക് മാത്രമല്ല, മനുഷ്യനും ഭീഷണിയാണ്. ഇക്കാര്യവും നമുക്ക് അറിയാമെങ്കില്‍ കൂടി, ഇതെക്കുറിച്ച് നമ്മളത്ര അവബോധത്തിലാണ് എന്ന് പറയാൻ സാധിക്കില്ല.
ഒന്നാമതായി മനുഷ്യശരീരത്തിന് അകത്തേക്ക് എങ്ങനെ പ്ലാസ്റ്റിക് കയറാൻ ആണ് എന്നതായിരിക്കും പലരുടെയും സംശയം. എന്നാല്‍ ഭക്ഷണസാധനങ്ങളിലൂടെയും പാനീയങ്ങളിലൂടെയും അടക്കം പല മാര്‍ഗങ്ങളിലൂടെ നമ്മുടെ ശരീരത്തിലേക്ക് പ്ലാസറ്റിക് കടക്കുന്നുണ്ട് എന്നതാണ് സത്യം.
അടുത്തകാലങ്ങളിലായി പല പഠനങ്ങളും ഇതെക്കുറിച്ചുള്ള സൂചനകള്‍ നല്‍കിയിട്ടുണ്ട്. കുപ്പിവെള്ളം കുടിക്കുമ്പോള്‍ ആ കുപ്പിയില്‍ നിന്ന് വരെ പ്ലാസ്റ്റിക് ശരീരത്തിലെത്തുന്നുണ്ടെന്നാണ് അടുത്തിടെ വലിയ ചര്‍ച്ചയായൊരു പഠനം ചൂണ്ടിക്കാട്ടിയത്. നമ്മുടെ കണ്ണുകള്‍ക്ക് കാണാൻ കഴിയാത്ത അത്രയും സൂക്ഷ്മമായ 'മൈക്രോപ്ലാസ്റ്റിക്സ്' ആണ് ഇത്തരത്തില്‍ മനുഷ്യശരീരത്തില്‍ കടന്നുകൂടുന്നത്.
ഇപ്പോഴിതാ മറ്റൊരു പഠനം പറയുന്നത് ഒരു പടി കൂടി കടന്ന കാര്യമാണ്. അതായത് അമ്മയുടെ ശരീരത്തില്‍ നിന്ന് ഗര്‍ഭസ്ഥ ശിശുവിന്‍റെ ശരീരത്തിലേക്ക് മൈക്രോപ്ലാസ്റ്റിക്സ് കടക്കുന്നു എന്നാണ് ഈ പഠനം കണ്ടെത്തിയിരിക്കുന്നത്. 'യൂണിവേഴ്സിറ്റി ഓഫ് ന്യൂ മെക്സിക്കോ ഹെല്‍ത്ത് സയൻസസ്'ല്‍ നിന്നുള്ള ഗവേഷകരാണ് പഠനം നടത്തിയിരിക്കുന്നത്.
ഇവര്‍ പരിശോധിച്ച 62 സാമ്പിളുകളിലും മൈക്രോപ്ലാസ്റ്റിക് അംശങ്ങള്‍ കണ്ടുകിട്ടിയത്രേ. ചെറിയ അളവിലാണ് ഇത് കണ്ടതെങ്കില്‍ കൂടിയും ആശങ്കപ്പെടുത്തുന്ന വിവരം തന്നെയാണിതെന്നാണ് ഗവേഷകര്‍ പറയുന്നത്. കാരണം ഇനിയുള്ള കാലത്തേക്ക് മൈക്രോപ്ലാസ്റ്റിക്സ് മനുഷ്യശരീരത്തിലെത്തി- അത് ഗുരുതരമായ സാഹചര്യങ്ങളിലേക്ക് നീങ്ങാമെന്നതിന്‍റെ സൂചനയായാണ് ഏവരും ഇതെടുക്കുന്നത്.
'പോളി എഥിലിൻ' എന്ന പോളിമറാണ് ഗര്‍ഭസ്ഥശിശുക്കളിലേക്ക് കൂടുതലായി എത്തുന്നത് എന്നും പഠനം പറയുന്നു. പ്ലാസ്റ്റിക് കുപ്പികള്‍, ബാഗുകള്‍ എന്നിവയെല്ലാം നിര്‍മ്മിക്കുന്നതിനായി ഉപയോഗിക്കുന്നതാണ് ഇത്. ആകെ പ്ലാസ്റ്റിക്കില്‍ തന്നെ 54 ശതമാനവും ഇതാണത്രേ.
ഉത്പാദിപ്പിക്കപ്പെടുന്ന പ്ലാസ്റ്റിക്കില്‍ മൂന്നിലൊരു ഭാഗം ഉപയോഗിക്കപ്പെട്ട് കൊണ്ടേയിരിക്കും. എന്നാല്‍ ബാക്കി അത്രയും എവിടേക്കെങ്കിലും വലിച്ചെറിയപ്പെടുകയാണ് ചെയ്യുന്നത്. അതായത് നമ്മുടെ ചുറ്റുപാടുകളിലും മറ്റും എത്രമാത്രം പ്ലാസ്റ്റിക് മാലിന്യം നമ്മുടെ കണ്‍മുന്നിലായും അല്ലാതെയും കിടക്കുന്നുണ്ടായിരിക്കും !
ഇത്തരത്തില്‍ നമ്മുടെ പരിസരങ്ങളില്‍ ഇന്ന് കാണപ്പെടുന്ന മൈക്രോപ്ലാസ്റ്റിക്സിന് 40-50 വര്‍ഷങ്ങളുടെയെങ്കിലും പഴക്കം കാണുമെന്നും വിദഗ്ധര്‍ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
