
പ്രമേഹരോഗികൾ ഭക്ഷണ കാര്യത്തിൽ കൂടുതൽ ശ്രദ്ധാലുക്കൾ ആയിരിക്കണം. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കാതെ ഗ്ലൈസെമിക് സൂചിക കുറവുള്ള ഭക്ഷണങ്ങൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. പ്രമേഹരോഗികൾക്ക് പ്രാതലിൽ ഉൾപ്പെടുത്താവുന്ന ഒരു ഭക്ഷണമാണ് ഓട്‌സ്. ഇത് പോഷകഗുണമുള്ളതും വിശപ്പ് കുറയ്ക്കുന്നതിനും സഹായിക്കും.
രക്തപ്രവാഹത്തിലേക്ക് പഞ്ചസാര ആഗിരണം ചെയ്യുന്നത് മന്ദഗതിയിലുള്ളതും സ്ഥിരതയുള്ളതുമാണെന്ന് ഉറപ്പുവരുത്തി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഓട്സ് സഹായിക്കുന്നതായി പോഷകാഹാര വിദഗ്ധയായ ഖുശ്ബു ജെയിൻ തിബ്രേവാല പറഞ്ഞു.
പ്രധാനമായും ബീറ്റാ ഗ്ലൂക്കൻ എന്ന ലയിക്കുന്ന നാരുകൾ കാരണം ഓട്‌സ് പ്രമേഹരോഗികൾക്ക് വളരെ നല്ലതാണെന്ന് ഖുശ്ബു പറയുന്നു. ഓട്‌സിൽ അടങ്ങിയിരിക്കുന്ന ഈ നാരുകൾ രക്തത്തിലെ ഗ്ലൂക്കോസ് സ്‌പൈക്ക് മന്ദഗതിയിലാക്കുന്നു.
നിങ്ങളുടെ ദിവസം ഓട്‌സ് ഉപയോഗിച്ച് ആരംഭിക്കുന്നതാണ് നല്ലത്. പൊതുവേ, പ്രമേഹരോഗികൾ സൂര്യാസ്തമയത്തിനുശേഷം അന്നജം അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം. കാരണം, ഈ സമയത്ത് ശരീരം സ്വാഭാവികമായും മന്ദഗതിയിലായതിനാൽ ഊർജ്ജ ആവശ്യകതകൾ കുറയുന്നു. നമ്മളിൽ ഭൂരിഭാഗം പേരും ഇരുന്നു, ടിവി കാണുകയോ രാത്രിയിൽ വായിക്കുകയോ ചെയ്യുന്നവരാകും. അതിനാൽ, ഓട്‌സ് മാത്രമല്ല, ഗോതമ്പ്, അരി തുടങ്ങിയ എല്ലാ ധാന്യങ്ങളും അത്താഴത്തിൽ ഒഴിവാക്കണം.
ചിയ, ഫ്ളാക്സ് സീഡുകൾ, ബദാം, വാൽനട്ട്, സൂര്യകാന്തി വിത്തുകൾ എന്നിവ ചേർത്ത് ഓട്സ് കഴിക്കുന്നത് ഏറെ നല്ലതാണ്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് സ്ഥിരപ്പെടുത്താൻ കറുവപ്പട്ട പൊടി ചേർക്കുക. തേൻ, ശർക്കര, മേപ്പിൾ സിറപ്പ്, പഞ്ചസാര തുടങ്ങിയവ ചേർക്കുന്നത് ഒഴിവാക്കുക. ഈന്തപ്പഴം, ഉണക്കമുന്തിരി, ക്രാൻബെറി, അത്തിപ്പഴം തുടങ്ങിയ ഉണങ്ങിയ പഴത്തിന്റെ ഒരു ചെറിയ ഭാഗം ചേർക്കാം. മാത്രമല്ല ഓട്സ് ഉപ്പുമാവായോ ദോശയായോ പ്രാതലിൽ ഉൾപ്പെടുത്താവുന്നതാണ്.
ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കണമെന്ന് പറയുന്നത് എന്ത് കൊണ്ട്?
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam