'ആരോ വന്ന് മുഖത്തടിക്കുന്നത് പോലെ, ചെവിയില്‍ മുഴങ്ങുന്ന ശബ്ദങ്ങള്‍'; വിചിത്രമായ രോഗം

By Web TeamFirst Published Sep 21, 2021, 11:35 PM IST
Highlights

കെമിക്കലുകളോ മൈക്രോവേവ് തരംഗങ്ങളോ ഏല്‍ക്കുന്നതിന്റെ ഭാഗമായാണ് 'ഹവാന സിന്‍ഡ്രോം' ഉണ്ടാകുന്നതെന്ന് ഒരു വിഭാഗം ഗവേഷകര്‍ സംശയം പ്രകടിപ്പിക്കുന്നു. മാനസിക സമ്മര്‍ദ്ദങ്ങളില്‍ നിന്നുണ്ടാകുന്ന മാനസികപ്രശ്‌നമാണ് ഇതെന്ന് മറ്റൊരു വിഭാഗം വാദിക്കുന്നു. ഇതേ കാരണങ്ങള്‍ തന്നെയാണ് ഈ വിഷയത്തില്‍ യുഎസ് തന്നെ നടത്തി, 2020ല്‍ പുറത്തുവിട്ടൊരു പഠനറിപ്പോര്‍ട്ടും രേഖപ്പെടുത്തിയിട്ടുള്ളത്

രാത്രിയാകുമ്പോള്‍ ചെവി തുളച്ചുകയറും പോലെ പല ശബ്ദങ്ങള്‍. ചിലപ്പോള്‍ മുഴക്കം, ചിലപ്പോള്‍ കല്ലുകള്‍ ഉരയുന്നത് പോലെ... മുഖത്തേക്ക് ശക്തിയായി ആരോ ഇടിക്കുന്ന പ്രതീതി. അതിന്റെ വേദന. ഒപ്പം അസ്വസ്ഥതയും തളര്‍ച്ചയും ഓക്കാനവും. അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ഇടം പിടിക്കുന്ന 'ഹവാന സിന്‍ഡ്രേം' എന്ന വിചിത്രമായ രോഗാവസ്ഥയുടെ ലക്ഷണങ്ങളാണിവ. 

പല രാജ്യങ്ങളിലായി യുഎസ് ഉദ്യോഗസ്ഥരില്‍ മാത്രമാണ് 'ഹവാന സിന്‍ഡ്രോം' ഇന്നുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇപ്പോഴിതാ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്നതിനിടെ സിഐഎ ഡയറക്ടര്‍ക്കൊപ്പമുണ്ടായിരുന്ന ഒരു ഉദ്യോഗസ്ഥനും 'ഹവാന സിന്‍ഡ്രോം' സ്ഥിരീകരിച്ചിരിക്കുകയാണ്. 

കഴിഞ്ഞ മാസം സമാനമായ രീതിയില്‍ ഒരു ഉദ്യോഗസ്ഥന് 'ഹവാന സിന്‍ഡ്രോം' പിടിപെട്ടതിനെ തുടര്‍ന്ന് യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ വിയറ്റ്‌നാം സന്ദര്‍ശനം നീട്ടിവച്ചിരുന്നു. 

2016ല്‍ ക്യൂബയിലെ ഹവാനയില്‍ വച്ച് ഒരു യുഎസ് ഉദ്യോഗസ്ഥനിലാണ് ആദ്യമായി ഈ രോഗാവസ്ഥ സ്ഥിരീകരിക്കുന്നത്. അതിന് ശേഷം പലപ്പോഴായി പലയിടങ്ങളിലായി 200ലധികം ഉദ്യോഗസ്ഥര്‍ക്കും ഇവരുടെ കുടുംബാംഗങ്ങളിലുമെല്ലാം 'ഹവാന സിന്‍ഡ്രോം' സ്ഥിരീകരിച്ചിരുന്നു. 

 

 


എന്താണ് ഹവാന സിന്‍ഡ്രോം?

ആദ്യമായി കണ്ടെത്തപ്പെട്ടത് മുതല്‍ ഇന്നുവരെ ആയിട്ടും എങ്ങനെയാണ് ഈ രോഗം പിടിപെടുന്നതെന്നോ എന്താണ് ഇതിന് കാരണമാകുന്നതെന്നോ കൃത്യമായി വിശദീകരിക്കാന്‍ ശാസ്ത്രലോകത്തിനോ ഗവേഷകര്‍ക്കോ സാധിച്ചിട്ടില്ല. 

കെമിക്കലുകളോ മൈക്രോവേവ് തരംഗങ്ങളോ ഏല്‍ക്കുന്നതിന്റെ ഭാഗമായാണ് 'ഹവാന സിന്‍ഡ്രോം' ഉണ്ടാകുന്നതെന്ന് ഒരു വിഭാഗം ഗവേഷകര്‍ സംശയം പ്രകടിപ്പിക്കുന്നു. മാനസിക സമ്മര്‍ദ്ദങ്ങളില്‍ നിന്നുണ്ടാകുന്ന മാനസികപ്രശ്‌നമാണ് ഇതെന്ന് മറ്റൊരു വിഭാഗം വാദിക്കുന്നു. ഇതേ കാരണങ്ങള്‍ തന്നെയാണ് ഈ വിഷയത്തില്‍ യുഎസ് തന്നെ നടത്തി, 2020ല്‍ പുറത്തുവിട്ടൊരു പഠനറിപ്പോര്‍ട്ടും രേഖപ്പെടുത്തിയിട്ടുള്ളത്. 

രോഗലക്ഷണങ്ങള്‍...

ചില മാനസികപ്രശ്‌നങ്ങളോട് സമാനമായ ലക്ഷണങ്ങളാണ് മിക്ക രോഗികളും ആവര്‍ത്തിക്കപ്പെട്ടിരിക്കുന്നത്. തുടക്കത്തില്‍ സൂചിപ്പിച്ചത് പോലെ ചെവിയില്‍ ശക്തമായ ശബ്ദങ്ങള്‍, ആരോ മുഖത്തടിക്കുന്നത് പോലെയുള്ള അനുഭവം, വേദന, അസ്വസ്ഥത, തളര്‍ച്ച, ഓക്കാനം. 

ശബ്ദങ്ങളും വേദനയും പതിയെ കുറഞ്ഞാലും കടുത്ത തലവേദന (മൈഗ്രേയ്ന്‍), ഓര്‍മ്മക്കുറവ്, കാര്യങ്ങള്‍ വ്യക്തമാകാതിരിക്കുന്ന അവസ്ഥ (ബ്രോയിന്‍ ഫോഗ്), വെളിച്ചത്തോടുള്ള ഭയം തുടങ്ങിയ പ്രശ്‌നങ്ങളെല്ലാം രോഗിയില്‍ നിലനില്‍ക്കുന്നു. 

 

 

ചികിത്സ? 

ഇതുവരെയായി രോഗം സ്ഥിരീകരിക്കപ്പെട്ട യുഎസ് ഉദ്യോഗസ്ഥരെല്ലാം തന്നെ ചികിത്സയിലൂടെ അതിജീവിച്ചുവെന്നാണ് പല റിപ്പോര്‍ട്ടുകളും നല്‍കുന്ന ഉത്തരം. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇവര്‍ രോഗത്തില്‍ നിന്ന് മുക്തരായി എന്നാണ് യുഎസ് വൃത്തങ്ങള്‍ അറിയിച്ചിട്ടുള്ളത്. എന്നാല്‍ എന്താണ് ഈ രോഗത്തിനുള്ള ചികിത്സയെന്നതിലോ എത്രമാത്രം രോഗികള്‍ ഇതില്‍ നിന്ന് മുക്തരായി എന്നതിലോ വ്യക്തമായ വിവരങ്ങള്‍ ഇതുവരെ യുഎസ് പുറത്തുവിട്ടിട്ടില്ല. 

ഇക്കാരണങ്ങള്‍ കൊണ്ടെല്ലാം തന്നെ 'ദുരൂഹമായ രോഗം' എന്ന നിലയിലാണ് ഇന്നും 'ഹവാന സിന്‍ഡ്രോം' കണക്കാക്കപ്പെടുന്നത്.

Also Read:- അപൂര്‍വ്വരോഗത്തോട് പോരാടി 27 വര്‍ഷം; ഒടുവില്‍ അഭിമാനപൂര്‍വ്വം മടക്കം...

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!