
കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് പ്രതിരോധ മാര്‍ഗമെന്നോണം മാസ്‌ക് ധരിക്കുന്നത് നിലവില്‍ നമ്മുടെ ജീവിതത്തിന്റെ തന്നെ ഭാഗമായിക്കഴിഞ്ഞിരിക്കുന്നു. പ്രായ-ലിംഗ ഭേദമെന്യേ മാസ്‌ക് ധരിച്ചാണ് എല്ലാവരും വീടിന് പുറത്തേക്കിറങ്ങുന്നത്.
ജോലിസ്ഥലങ്ങളിലും പൊതുസ്ഥലങ്ങളിലുമെല്ലാം മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധവുമാണിപ്പോള്‍. എങ്കിലും കുട്ടികളെ ഈ ശീലത്തിലേക്ക് വലിച്ചടുപ്പിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പലപ്പോഴും സാഹചര്യത്തിന്റെ ഗൗരവം ഉള്‍ക്കൊള്ളാനും, അതനുസരിച്ച് പ്രവര്‍ത്തിക്കാനുമെല്ലാം അവര്‍ക്ക് കഴിയാതെ പോയേക്കാം.
എങ്ങനെയാണ് ഈ പ്രശ്‌നത്തെ മറികടക്കുക? മാസ്‌ക് ധരിക്കണമെന്ന് അവര്‍ക്ക് തന്നെ തോന്നാന്‍ എന്തുചെയ്യണം?
ഈ ചിന്തയില്‍ നിന്നാണ് തായ്‌ലാന്‍ഡിലെ ബാങ്കോക്ക് സ്വദേശിയായ മുപ്പത്തിയൊന്നുകാരി മെയ്‌സ ടോളെഡ് പുതിയൊരു സംരംഭമെന്ന ആശയത്തിലേക്കെത്തിയത്. കുട്ടികള്‍ക്ക് വേണ്ടിയുള്ള 'സ്‌പെഷ്യല്‍' മാസ്‌കുകള്‍ ഡിസൈന്‍ ചെയ്ത് നിര്‍മ്മിക്കുക. കുട്ടികള്‍ താല്‍പര്യപൂര്‍വ്വം തെരഞ്ഞെടുക്കുന്നതും അണിയാനാഗ്രഹിക്കുന്നതുമായ ഡിസൈനിലായിരിക്കണം മാസ്‌ക്. അങ്ങനെ പ്രശസ്തമായ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ മുഖങ്ങള്‍ വരച്ചുചേര്‍ത്ത മാസ്‌കുകള്‍ മെയ്‌സ ഇറക്കിത്തുടങ്ങി.
ആദ്യഘട്ടത്തില്‍ തന്നെ സംരംഭം വമ്പന്‍ വിജയമായിത്തീര്‍ന്നു. നിരവധി ഓര്‍ഡറുകളാണ് മെയ്‌സയ്ക്ക് ചുരുങ്ങിയ ദിവസത്തിനുള്ളില്‍ കിട്ടിയത്. മാസ്‌കിന് വേണ്ടിയുള്ള ഡിസൈനുകളെല്ലാം തയ്യാറാക്കുന്നത് ആര്‍ട്ടിസ്റ്റായ മെയ്‌സ തന്നെയാണ്. ഇപ്പോള്‍ കളിപ്പാട്ടക്കമ്പനികള്‍ പലതും മൊത്തമായി മാസ്‌കുകള്‍ വാങ്ങാനുള്ള താല്‍പര്യം അറിയിച്ചിരിക്കുകയാണ്.
Also Read:- മാസ്‌കിട്ട് ചിരിച്ചാല്‍ എങ്ങനെയറിയും; പുതിയ 'ഐഡിയ'യുമായി റെസ്റ്റോറന്റ്...
തന്റെ ഉപജീവനമാര്‍ഗമായി മാസ്‌ക് നിര്‍മ്മാണം മാറിയതിലുള്ള സന്തോഷം മാത്രമല്ല മെയ്‌സയ്ക്കുള്ളത്. അത് കുട്ടികളുടെ 'സേഫ്റ്റി'ക്ക് വേണ്ടിക്കൂടി ഉള്ളതാണല്ലോ എന്നോര്‍ക്കുമ്പോഴാണ് ഏറ്റവും സംതൃപ്തിയെന്ന് ഇവര്‍ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam