കൊറോണ വൈറസ് എന്ന മഹാമാരിക്കെതിരായ പോരാട്ടത്തിലാണ് ലോകം. ലോക്ഡൗണ്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങളിലൂടെയാണ് വലിയൊരു പരിധി വരെ ഒട്ടുമിക്ക രാജ്യങ്ങളും രോഗം പടരുന്നതിനെ പ്രതിരോധിച്ചിരുന്നത്. മാസങ്ങള്‍ നീണ്ട ഇത്തരം നിയന്ത്രണങ്ങള്‍ വിവിധ തൊഴില്‍ മേഖലകളേയും അതുവഴി ആകെ സാമ്പത്തികാവസ്ഥയേയും തന്നെ സാരമായ ബാധിച്ച സാഹചര്യമാണ് നിലവിലുള്ളത്. 

അതിനാല്‍ തന്നെ രോഗഭീഷണി തുടരുമ്പോഴും കച്ചവടസ്ഥാപനങ്ങളും മറ്റ് തൊഴില്‍ കേന്ദ്രങ്ങളുമെല്ലാം തുറന്ന് പ്രവര്‍ത്തിക്കാനുള്ള നീക്കത്തിലാണിപ്പോള്‍. എങ്കിലും പ്രതിസന്ധിഘട്ടം തീരാത്തതിനാല്‍ ജാഗ്രതയോടെ വേണം ഓരോ മേഖലയിലേയും പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകാന്‍.

മാസ്‌ക് ധരിക്കലും സാമൂഹികാകലം പാലിക്കലുമാണ് ഇതിന് വേണ്ടി പ്രധാനമായും ചെയ്യാനുള്ള രണ്ട് കാര്യങ്ങള്‍. എന്നാല്‍ ഉപഭോക്താക്കളുമായി നിരന്തരം സമ്പര്‍ക്കത്തിലേര്‍പ്പെടേണ്ടി വരുന്ന കച്ചവടസ്ഥാപനങ്ങള്‍, റെസ്റ്റോറന്റുകള്‍, കഫേകള്‍ പോലുള്ള സ്ഥലങ്ങളില്‍, ജീവനക്കാര്‍ മാസ്‌ക് ധരിച്ചുനില്‍ക്കുമ്പോള്‍ അത് ഇടപെടലുകളെ പരിമിതപ്പെടുത്തുകയും ചെയ്‌തേക്കാം. 

മാസ്‌ക് ധരിച്ച് നില്‍ക്കുന്ന ജീവനക്കാരുടെ മുഖം ഉപഭോക്താവിനെ 'നെഗറ്റീവ്' ആയ മാനസികാവസ്ഥയിലേക്ക് എത്തിച്ചേക്കുമെന്നും അത് പിന്നീട് ഉപഭോക്താക്കള്‍ വരുന്നത് കുറയ്ക്കാനോ, ഇല്ലാതാക്കാനോ ഇടവരുത്തുമെന്നും പല സ്ഥാപനങ്ങളും കരുതുന്നുണ്ട്. 

ഈ പ്രശ്‌നത്തെ മറികടക്കാന്‍ പുതിയൊരു 'ഐഡിയ'യുമായി രംഗത്തെത്തിയിരിക്കുകയാണ് ബെല്‍ജിയത്തിന്റെ തലസ്ഥാനമായ ബ്രസല്‍സിലെ ഒരു റെസ്റ്റോറന്റ്. ഇവിടെ ജീവനക്കാര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാണ്. എന്നാല്‍ അവരുടെ മുഖം ഉപഭോക്താക്കള്‍ കാണുകയും ചെയ്യാം. അവര്‍ ചിരിക്കുന്നതോ അവരുടെ ഭാവങ്ങളില്‍ മാറ്റം സംഭവിക്കുന്നതോ എല്ലാം ഉപഭോക്താക്കള്‍ക്ക് മനസിലാക്കാം. 

ഇതിന് സഹായിക്കുന്ന, മുഖത്തിന്റെ അളവിനനുസരിച്ചുള്ള സുതാര്യമായ മാസ്‌ക് ആണ് ഇവര്‍ ജീവനക്കാര്‍ക്കായി തയ്യാറാക്കിയിരിക്കുന്നത്. സാധാരണ മാസ്‌ക് പോലെ തന്നെയാണ് ഇതും. ആകെയുള്ള വ്യത്യാസം എന്തെന്നാല്‍ മുഖത്തിന്റെ ഭാഗങ്ങളെല്ലാം വ്യക്തമായി പുറത്തുകാണാം എന്ന് മാത്രം. എന്തായാലും ഈ പുതിയ ആശയത്തിന് വന്‍ വരവേല്‍പാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. 

Also Read:- മാസ്ക് വയ്ക്കുന്നതില്‍ കാര്യമുണ്ട്; തെളിവ് ലഭിച്ചതോടെ നയംമാറ്റി ലോകാരോഗ്യ സംഘടന...

പല റെസ്റ്റോറന്റുകളും കച്ചവടസ്ഥാപനങ്ങളുമെല്ലാം ഇത് മാതൃകയാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. മാസ്‌ക് നിര്‍ബന്ധമായിരിക്കുന്ന സാഹചര്യത്തില്‍ അത് ഒഴിവാക്കിക്കൊണ്ട് പൊതുവിടത്തില്‍ വരുന്നത് മിക്കയിടങ്ങളിലും നിയമപരമായി തെറ്റായാണ് കണക്കാക്കപ്പെടുന്നത്. അതിനാല്‍ നിയമലംഘനമില്ലാതെ, നിറഞ്ഞ ചിരിയോടെ പരസ്പരം സംവദിക്കാന്‍ ഇത്തരം മാര്‍ഗങ്ങള്‍ ഉണ്ടാകുന്നത് സ്വാഗതാര്‍ഹം തന്നെയാണ്, അല്ലേ?