
പുരുഷന്മാരിലായാലും സ്ത്രീകളിലായാലും വന്ധ്യതാകേസുകള്‍ കൂടിവരുന്ന സാഹചര്യമാണ് ഇന്നുള്ളത് എന്ന് ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും ഡോക്ടര്‍മാരും തന്നെ ചൂണ്ടിക്കാണിക്കുന്നു. പ്രധാനമായും മാറിവന്ന ജീവിതസാഹചര്യങ്ങളാണ് ഇതിന് കാരണമാകുന്നതെന്നും ആരോഗ്യവിദഗ്ധരും വിവിധ പഠനങ്ങളും വ്യക്തമാക്കാറുണ്ട്.
അങ്ങനെയെങ്കില്‍ ജീവിതരീതികള്‍ മെച്ചപ്പെടുത്തുന്നതിലൂടെ തന്നെ ഒരു പരിധി വരെ വന്ധ്യതയെ ചെറുക്കാനാകും. ഇത്തരത്തില്‍ പുരുഷന്മാരെ വന്ധ്യത കടന്നുപിടിക്കാതിരിക്കാൻ നിത്യജീവിതത്തില്‍ അവര്‍ക്ക് ചെയ്യാവുന്ന- അല്ലെങ്കില്‍ ശ്രദ്ധിക്കാവുന്ന ചില കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്.
ഒന്ന്...
കായികമായി സജീവമായി തുടരുകയെന്നതാണ് ചെയ്യാവുന്ന ഒരു കാര്യം. വ്യായാമം, കായികവിനോദങ്ങള്‍ എന്നിവയെല്ലാം ചെയ്യാം. ഇവ ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ ഉയര്‍ത്താൻ സഹായിക്കുന്നു. ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ കുറയുന്നത് ബീജോത്പാദനത്തെയും ബീജത്തിന്‍റെ ഗുണമേന്മയെയുമെല്ലാം ബാധിക്കാം. അതിനാല്‍ ഈ ഹോര്‍മോണ്‍ നില താഴാതെ സൂക്ഷിക്കേണ്ടതുണ്ട്. കായികമായി സജീവമായി നില്‍ക്കുന്നതിലൂടെ ഇതിന് സാധിക്കുന്നു.
രണ്ട്...
ഭക്ഷണത്തിലും ചിലത് ശ്രദ്ധിച്ചുപോകാം. ആന്‍റി-ഓക്സിഡന്‍റുകള്‍ കാര്യമായി അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ കൂടുതലായി ഉള്‍പ്പെടുത്താം. ഭക്ഷണത്തിലൂടെ ആന്‍റി-ഓക്സിഡന്‍റുകള്‍ ലഭ്യമാക്കാൻ സാധിക്കാത്തവര്‍ക്ക് സപ്ലിമെന്‍റ്സും എടുക്കാം. എന്നാലിതിന് ഡോക്ടറുടെ നിര്‍ദേശം കൂടി തേടുക.
മൂന്ന്...
ഡയറ്റില്‍ തന്നെ ശ്രദ്ധിക്കാനുള്ള മറ്റൊരു കാര്യമാണിനി പങ്കുവയ്ക്കുന്നത്. ധാന്യങ്ങള്‍ (പൊടിക്കാതെ തന്നെ), ആരോഗ്യകരമായ കൊഴുപ്പ് (ഒലിവ് ഓയില്‍, ബദാം എല്ലാം ഇതിലുള്‍പ്പെടുന്നതാണ്), മത്സ്യം, ചിക്കൻ, ഇലക്കറികള്‍, ഫ്രഷ് ഫ്രൂട്ട്സ് എന്നിവയെല്ലാം ബാലൻസ് ചെയ്ത് ഡയറ്റിലുള്‍പ്പെടുത്തുക. എപ്പോഴും ഭക്ഷണം സമഗ്രമാകാൻ ശ്രദ്ധിക്കുക.
നാല്...
പുകവലിക്കുന്ന ശീലമുള്ളവരാണെങ്കില്‍ ഇതുപേക്ഷിക്കുന്നതാണ് ഉചിതം. പുകവലിക്കുന്നവരിലെല്ലാം വന്ധ്യതയുണ്ടാകും എന്നല്ല, മറിച്ച് വന്ധ്യതയ്ക്കുള്ള സാധ്യത വലിയ രീതിയില്‍ പുകവലി കൂട്ടും. ബീജോത്പാദനം, ബീജത്തിന്‍റെ ഗുണമേന്മ. ഘടന എന്നിങ്ങനെയുള്ള കാര്യങ്ങളെയെല്ലാം പുകവലി ബാധിക്കാറുണ്ട്. വന്ധ്യതയ്ക്ക് ചികിത്സയെടുക്കുന്നവരാണെങ്കില്‍ നിര്‍ബന്ധമായും പുകവലി നിര്‍ത്തേണ്ടതാണ്.
അഞ്ച്...
വൈറ്റമിൻ-സിയുടെ അഭാവവും ചില കേസുകളില്‍ വന്ധ്യതാസാധ്യത കൂട്ടാറുണ്ട്. അതിനാല്‍ വൈറ്റമിൻ-സി ഭക്ഷണത്തിലൂടെ എപ്പോഴും ഉറപ്പുവരുത്തുക. സിട്രസ് ഫ്രൂട്ട്സ്, മഞ്ഞയും ഓറഞ്ചും നിറത്തില്‍ തൊലി വരുന്ന മറ്റ് പഴങ്ങള്‍- പച്ചക്കറികളെല്ലാം വൈറ്റമിൻ -സിയാല്‍ സമ്പന്നമാണ്. ഡോക്ടറുടെ നിര്‍ദേശപ്രകാരം വൈറ്റമിൻ-സി സപ്ലിമെന്‍റ്സും ഉപയോഗിക്കാവുന്നതാണ്.
ആറ്...
വന്ധ്യതയ്ക്കുള്ള സാധ്യത കൂട്ടുന്ന വലിയൊരു ഘടകമാണ് സ്ട്രെസ് അഥവാ മാനസിക സമ്മര്‍ദ്ദം. അതിനാല്‍ കഴിയുന്നതും സ്ട്രെസ് വരുന്നയിടങ്ങളില്‍ നിന്ന് മാറി, അതില്‍ നിന്നും അകലുക.
Also Read:- ഉള്ളി പച്ചയ്ക്ക് കഴിക്കുന്നത് കൊണ്ടുള്ള അഞ്ച് ഗുണങ്ങള്‍ അറിയാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam