
രക്തദാനം എത്രമാത്രം പ്രാധാന്യമുള്ളൊരു ധര്‍മ്മമാണെന്ന് ഇന്ന് ഏവര്‍ക്കുമറിയാം. ഒരു അപകടത്തിലോ അല്ലെങ്കില്‍ രോഗത്തിലോ പെട്ട് ജീവൻ പ്രതിസന്ധയിലാകുന്നവര്‍ക്കോ, പല രോഗങ്ങളുടെയും ചികിത്സയുടെ ഭാഗമായോ എല്ലാം രക്തം വേണ്ടി വരാറുണ്ട്. യോജിക്കുന്ന ഗ്രൂപ്പിലുള്ളവര്‍ രക്തദാനം ചെയ്യുകയോ, ബ്ലഡ് ബാങ്കില്‍ നിന്ന് രക്തം കടമെടുത്ത ശേഷം പിന്നീട് സമാനമായ ഗ്രൂപ്പിലുള്ളവരുടെ രക്തം ശേഖരിച്ച് പകരം ബ്ലഡ് ബാങ്കിലെത്തിക്കുകയുമാണ് ചെയ്യുന്നത്.
പ്രായപൂര്‍ത്തിയായ, ആരോഗ്യമുള്ള ആര്‍ക്കും രക്തദാനം ചെയ്യാം. എന്നാലീ വിഷയത്തിലുള്ള അവബോധം ഇത്ര തന്നെ പ്രാധാന്യമുള്ള മറ്റൊരു വിഷയത്തിലേക്ക് ഇനിയുമെത്തിയിട്ടില്ല. രക്തമൂലകോശ ദാനത്തെ കുറിച്ചാണ് പറഞ്ഞുവരുന്നത്.
ഇപ്പോഴിതാ രക്തമൂലകോശ ദാനത്തിന്‍റെ പ്രാധാന്യം എത്രമാത്രമുണ്ടെന്ന് അറിയിക്കുകയാണ് എറണാകുളത്ത് നടന്ന ഒരു ക്യാമ്പ്. അപ്ലാസ്റ്റിക് അനീമിയ ബാധിച്ച എളമക്കര സ്വദേശി പതിനാലുകാരനായ ആദിത്യന് വേണ്ടിയാണ് 'ധാത്രി സ്റ്റെം സെല്‍ രജിസ്ട്രി'യുടെ നേതൃത്വത്തില്‍ രക്തമൂലകോശ ദാന ക്യാമ്പ് നടത്തിയത്.
അപ്ലാസ്റ്റിക് അനീമിയ എന്നാല്‍ ആവശ്യത്തിന് രക്തകോശങ്ങള്‍ ശരീരം ഉത്പാദിപ്പിക്കാതിരിക്കുന്ന രോഗാവസ്ഥയാണ്. ഇത് ജീവന് വലിയ ഭീഷണിയാകുന്ന രോഗം തന്നെയാണ്. അതിനാല്‍ തന്നെ സമയബന്ധിതമായ ചികിത്സ രോഗിക്ക് കിട്ടിയിരിക്കണം. രക്തമൂലകോശം മാറ്റിവയ്ക്കല്‍ മാത്രമാണ് ഇതിനായി നടത്താവുന്ന ചികിത്സ.
ഈ ചികിത്സ നടത്തണമെങ്കില്‍ രോഗിക്ക് യോജിക്കും വിധത്തിലുള്ള ദാതാവിനെ കിട്ടണം. ഇത് പ്രയാസകരമാണ്. ആദിത്യന് വേണ്ടി ഇത്തരത്തില്‍ ദാതാവിനെ അന്വേഷിക്കുന്നതിനാണ് കൊച്ചി ലിറ്റില്‍ ഫ്ളവര്‍ ഓഡിറ്റോറിയത്തില്‍ ക്യാമ്പ് സംഘടിപ്പിച്ചത്. ആയിരങ്ങളാണ് ഇവിടെയെത്തി സാമ്പിള്‍ നല്‍കിയത്.
ഉള്‍ക്കവിളിലെ കോശങ്ങളാണ് സാമ്പിളായി ശേഖരിക്കുക. ഇത് രോഗിയുമായി മാച്ചാണെന്ന് കണ്ടാല്‍ രക്തമൂലകോശം ദാനം ചെയ്യാം. എന്നാല്‍ മിക്കപ്പോഴും രോഗിക്ക് യോജിക്കുന്ന ദാതാവിനെ കിട്ടല്‍ പ്രയാസമാണെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ മാത്രം രണ്ടായിരത്തോളം രോഗികള്‍ രക്തമൂലകോശം മാറ്റിവയ്ക്കുന്നതിനായി തങ്ങള്‍ക്ക് അപേക്ഷ നല്‍കിയിട്ടുണ്ടെന്നും ഇതില്‍ 60 ശതമാനവും പത്ത് വയസിന് താഴെയുള്ള കുട്ടികളാണെന്നും 'ധാത്രി സ്റ്റെം സെല്‍ രജിസ്ട്രി' പറയുന്നു. രോഗികളുടെ അവസാന പ്രതീക്ഷയാണ് രക്തമൂലകോശം മാറ്റിവയ്ക്കല്‍.
അപ്ലാസ്റ്റിക് അനീമിയയുടെ കേസില്‍ മാത്രമല്ല, രക്താര്‍ബുദം അടക്കം രക്തകോശങ്ങളിലെ അസാധാരണത്വം മൂലമുണ്ടാകുന്ന ഗൗരവമുള്ള പല രോഗങ്ങള്‍ക്കുമുള്ള അവസാന പ്രതീക്ഷയാണ് രക്തമൂലകോശം മാറ്റിവയ്ക്കല്‍. ഇനിയുള്ള കാലത്ത് ഇതിനുള്ള പ്രസക്തി ഏറിവരികയുമാണ്.
രക്തദാനം പോലെ എളുപ്പത്തില്‍ ചെയ്യാവുന്നത് തന്നെയാണ് രക്തമൂലകോശ ദാനവും. പതിനെട്ട് മുതല്‍ അമ്പത് വയസ് വരെയുള്ളവര്‍ക്കാണ് രക്തമൂലകോശം ദാനം ചെയ്യാൻ സാധിക്കുക. ഇതിന് സന്നദ്ധരാണെങ്കില്‍ ഓണ്‍ലൈനായി തന്നെ രജിസ്റ്റര്‍ ചെയ്യാൻ സാധിക്കുന്നതാണ്. എപ്പോഴെങ്കിലും ആവശ്യം വരുന്നപക്ഷം നിങ്ങളെ ആവശ്യക്കാര്‍ ബന്ധപ്പെടുകയും ചെയ്യും.
വീഡിയോ...
Also Read:- 'അന്നും ഇന്നും'; ക്യാൻസര്‍ രോഗമുണ്ടാക്കിയ മാറ്റം കാണിക്കുന്ന വീഡിയോ പങ്കിട്ട് നടി...