മൂന്ന് ആത്മഹത്യകള്‍; അമിത മദ്യാസക്തി അത്രയും അപകടമോ?

By Web TeamFirst Published Mar 28, 2020, 4:44 PM IST
Highlights

അമിത മദ്യാസക്തിയുള്ള ഒരാളെ 'ആല്‍ക്കഹോളിക് യൂസ് ഡിസോര്‍ഡര്‍' ഉള്ള ഒരാളായാണ് കണക്കാക്കപ്പെടുന്നത്. രാവിലെ ഉണരുന്നത് മുതല്‍ തന്നെ ഇത്തരക്കാര്‍ മദ്യം അന്വേഷിച്ചുതുടങ്ങും. ദിവസത്തില്‍ മൂന്നോ നാലോ തവണയോ, അതിലധികമോ എല്ലാം മദ്യപിച്ചേക്കാം. ഇത്തരത്തില്‍ അനിയന്ത്രിതമായി മദ്യപിക്കുന്നത് കൊണ്ട് ഇവര്‍ അപകടകാരികളാകുന്നില്ല. എന്നാല്‍ മദ്യം ലഭിക്കാത്ത സാഹചര്യം വന്നാല്‍ സ്വയമറിയാതെ തന്നെ ഇവര്‍ അപകടകാരികളായി മാറുകയാണ്

കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സമ്പൂര്‍ണ്ണമായ ഒരു അടച്ചുപൂട്ടലിലേക്ക് നമ്മുടെ രാജ്യം നീങ്ങിയിട്ട് മൂന്ന് ദിവസങ്ങള്‍ പിന്നിടുന്നു. ഇതിനിടെ കേരളത്തിലുള്‍പ്പെടെ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട ഒരു വിഷയമായിരുന്നു, മദ്യത്തിന്റെ ലഭ്യത. ആദ്യഘട്ടത്തില്‍ മറ്റെല്ലാ മേഖലകളിലും കടുത്ത നിയന്ത്രണമേര്‍പ്പെടുത്തിയപ്പോള്‍ സംസ്ഥാനം, ബീവറേജസ് ഔട്ട്‌ലെറ്റുകളുടെ പ്രവര്‍ത്തനം മാത്രം തുടരാന്‍ തീരുമാനിക്കുകയായിരുന്നു.

എന്നാല്‍ വലിയൊരു വിഭാഗം ഇതിനെതിരെ പ്രതിഷേധവുമായി സോഷ്യല്‍ മീഡിയിയലും മറ്റും എത്തിയിരുന്നു. അതേസമയം മദ്യം പൂര്‍ണ്ണമായി ലഭിക്കാത്ത സാഹചര്യമുണ്ടാകുന്നത് വലിയ തോതിലുള്ള അപകടസാധ്യതകളിലേക്കാണ് വാതില്‍ തുറന്നിടുകയെന്ന വാദവുമായി ചെറിയൊരു വിഭാഗവും രംഗത്തെത്തി. ഏതായാലും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ മദ്യം ലഭിക്കാത്ത സാഹചര്യമായി. 

ഇതോടെ മറ്റൊരു പ്രതിസന്ധി കൂടി തരണം ചെയ്യേണ്ട അവസ്ഥയാണ് നിലവില്‍ വന്നിരിക്കുന്നത്. മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് മൂന്ന് പേരാണ് രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ കേരളത്തില്‍ ആത്മഹത്യ ചെയ്തിരിക്കുന്നത്. മറ്റൊരു മരണം കൂടി സമാനമായ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്നുണ്ട്. തൃശൂര്‍, കൊല്ലം, കണ്ണൂര്‍ ജില്ലകളില്‍ നിന്നാണ് ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആലപ്പുഴയില്‍ കടത്തിണ്ണയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വൃദ്ധന്റെ കാര്യത്തിലും മദ്യമാണ് വില്ലനായതെന്ന് വിലയിരുത്തലുണ്ട്. 

അമിതമദ്യാസക്തി അത്രമാത്രം അപകടമോ?

കൊവിഡ് 19നെ തുടര്‍ന്ന് ഇതുവരെ ഒരു മരണമാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ മൂന്ന് ആത്മഹത്യകള്‍ നമ്മള്‍ കണ്ടു. മദ്യം ലഭിച്ചില്ലെങ്കില്‍ എന്തിനാണ് ജീവന്‍ കളയുന്നത്? അത്രയും പ്രധാനമാണോ മദ്യം, എന്നെല്ലാം ചിന്തിക്കുന്നവരാണ് അധികവും. 

 

 

എങ്കില്‍ കേട്ടോളൂ, അമിത മദ്യാസക്തിയുള്ള ഒരാളെ സംബന്ധിച്ച് അയാള്‍ക്ക്, സാധാരണ മനോനിലയിലുള്ളവര്‍ ചിന്തിക്കുന്നത് പോലെ ചിന്തിക്കാന്‍ സാധ്യമല്ല. കാരണം മറ്റൊന്നുമല്ല, അവരുടെ മനസ് പ്രവര്‍ത്തിക്കുന്നത് തന്നെ 'അബ്‌നോര്‍മല്‍' അഥവാ വികലമായിട്ടാണ്. ലോകാരോഗ്യ സംഘടന പോലും അമിത മദ്യാസക്തിയെ സുപ്രധാനമായ മാനസിക രോഗമായിട്ടാണ് കണക്കാക്കുന്നത്. ശ്രദ്ധിച്ചില്ലെങ്കില്‍ വലിയ തോതില്‍ അപകടകാരികളായേക്കാവുന്ന വിഭാഗമാണിത്. സ്വന്തം ജീവന്‍ മാത്രമല്ല, ചുറ്റുമുള്ളവരുടെ ജീവനും ഇവര്‍ക്ക് ഒരുപക്ഷേ വില കല്‍പിക്കാന്‍ കഴിയാതെ പോയേക്കാം. 

Also Read:- അമിത മദ്യാസക്തി; ജീവിതത്തിലേക്ക് തിരിച്ചുവരാനിതാ ഒരവസരം...

അമിത മദ്യാസക്തിയുള്ളവരെ ഒരിക്കലും അതില്‍ നിന്ന് മോചിപ്പിക്കാനാകില്ല. കൗണ്‍സിലിംഗ്, മദ്യത്തോടുള്ള അഭിനിവേശം കുറയ്ക്കാന്‍ സഹായിക്കുന്ന മരുന്നുകള്‍ എന്നിവയെല്ലാം പരീക്ഷിക്കാമെങ്കിലും പൂര്‍ണ്ണമായും മദ്യത്തില്‍ നിന്ന് അവരെ മാറ്റിനിര്‍ത്തുകയെന്നത് സാധ്യമല്ലെന്നാണ് വൈദ്യശാസ്ത്രം പോലും പറയുന്നത്.

മദ്യമില്ലെങ്കില്‍ ഇവര്‍ക്ക് സംഭവിക്കുന്നതെന്ത്?

അമിത മദ്യാസക്തിയുള്ള ഒരാളെ 'ആല്‍ക്കഹോളിക് യൂസ് ഡിസോര്‍ഡര്‍' ഉള്ള ഒരാളായാണ് കണക്കാക്കപ്പെടുന്നത്. രാവിലെ ഉണരുന്നത് മുതല്‍ തന്നെ ഇത്തരക്കാര്‍ മദ്യം അന്വേഷിച്ചുതുടങ്ങും. ദിവസത്തില്‍ മൂന്നോ നാലോ തവണയോ, അതിലധികമോ എല്ലാം മദ്യപിച്ചേക്കാം. ഇത്തരത്തില്‍ അനിയന്ത്രിതമായി മദ്യപിക്കുന്നത് കൊണ്ട് ഇവര്‍ അപകടകാരികളാകുന്നില്ല. എന്നാല്‍ മദ്യം ലഭിക്കാത്ത സാഹചര്യം വന്നാല്‍ സ്വയമറിയാതെ തന്നെ ഇവര്‍ അപകടകാരികളായി മാറുകയാണ്. 

തൃശൂരിലും കൊല്ലത്തും ആത്മഹത്യ ചെയ്ത യുവാക്കള്‍ മദ്യം കിട്ടാതിരുന്ന രണ്ട് ദിവസവും കടുത്ത മാനസിക വിഭ്രാന്തി കാണിച്ചതായാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്. ഭക്ഷണം പോലും കഴിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞിരുന്നില്ലത്രേ. ഇത്തരത്തിലുള്ള പ്രശ്‌നങ്ങളാണ് അമിത മദ്യാസക്തിയുള്ളവര്‍ക്ക് മദ്യം ലഭിച്ചില്ലെങ്കില്‍ സംഭവിക്കുന്നത്. 

 

 

മണിക്കൂറുകള്‍ മുതല്‍ ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന തലവേദന, ക്ഷീണം, വിറയല്‍, ഉത്കണ്ഠ, മതിഭ്രമം എന്നിങ്ങനെ പല അവസ്ഥകളിലൂടെയാണ് ഇവരില്‍ ഓരോരുത്തരും കടന്നുപോവുക. എല്ലാവരിലും ഒരുപോലുള്ള പ്രശ്‌നങ്ങളോ, ഒരേ തീവ്രതയിലുള്ള പ്രശ്‌നങ്ങളോ അല്ല കാണുന്നതും. ചിലര്‍ വളരെയധികം അക്രമാസക്തരാകാം. അതിനാലാണ് അമിത മദ്യാസക്തിയില്‍ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുകയറ്റാന്‍ ഒരാളെ സഹായിക്കുമ്പോഴും അദ്ദേഹത്തെ നിര്‍ബന്ധിതമായി ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുന്നത്. 

മറ്റുചിലര്‍ കഠിനമായ നിരാശയിലേക്കും അസഹനീയമായ മാനസികാവസ്ഥകളിലേക്കും നീങ്ങിയേക്കാം. ഇത്തരക്കാരാണ് ആത്മഹത്യയില്‍ അഭയം കണ്ടെത്തുന്നത്. വളരെ ശ്രദ്ധാപൂര്‍വ്വമുള്ള പരിചരണമോ, സ്‌നേഹമോ കരുതലോ എല്ലാം ഇവര്‍ അര്‍ഹിക്കുന്നുണ്ട്. ഒറ്റയടിക്ക് മദ്യം നിര്‍ത്തുകയെന്നത് ഒരുതരത്തിലും ഇവരുടെ ശരീരത്തിനോ മനസിനോ സാധ്യമാകാത്തവിധം ഇവര്‍ രോഗികളായി മാറിയിരിക്കുന്നു എന്നതാണ് ചുറ്റുമുള്ളവര്‍ മനസിലാക്കേണ്ടത്. അതിനാല്‍ തീര്‍ച്ചയായും അമിത മദ്യാസക്തിയെ അപകടകരമായ അവസ്ഥയായി തന്നെ കണക്കാക്കേണ്ടതുണ്ട്.

click me!