'ഒരിടത്തരം കുടുംബത്തിലായിരുന്നു ഞാന്‍ ജനിച്ചത്. മാതാപിതാക്കളും കുടുംബത്തിലെ മറ്റെല്ലാവരും കടുത്ത വിശ്വാസികളായിരുന്നു. ആരും തന്നെ മദ്യപിക്കുന്നവരായിരുന്നില്ല. ഞാന്‍ ഉന്നതവിദ്യാഭ്യാസത്തിനായി കേരളം വിട്ടുപോയപ്പോഴാണ് ആദ്യമായി മദ്യപിക്കുന്നത്. അതൊരു ന്യൂ ഇയറിന്റെ തലേരാത്രിയായിരുന്നു. പിന്നീട് ഇടയ്ക്കിടെ ഞാന്‍ മദ്യപിച്ചുതുടങ്ങി. അതൊരു ശീലമായി വളര്‍ന്നു. 

ഇതിനിടെ വിവാഹിതനായി. കുടുംബത്തിന്റെ പ്രാരാബ്ധവും ഉത്തരവാദിത്തങ്ങളുമെല്ലാമായപ്പോള്‍ മദ്യത്തില്‍ തന്നെ അഭയം കണ്ടെത്തിത്തുടങ്ങി. ഇതിനായി കൂടുതല്‍ പണവും സമയവും ചെലവഴിച്ചു. സ്വാഭാവികമായും സാമ്പത്തികപ്രശ്‌നങ്ങള്‍ ആരംഭിച്ചു. വളരെ ചെറിയ ജോലികള്‍ വരെ ചെയ്യാന്‍ തുടങ്ങി. അതില്‍ നിന്ന് കിട്ടുന്ന കൂലിയുടെ വലിയ പങ്കും കുടിച്ചുതന്നെ തീര്‍ത്തു. പോകെപ്പോകെ, ഭാര്യയും മകളുമടങ്ങുന്ന കുടുംബത്തിനും സമൂഹത്തിനും ഞാനൊരു ബാധ്യതയായി. എനിക്ക് എന്റെ മേലുള്ള നിയന്ത്രണം പൂര്‍ണ്ണമായി നഷ്ടപ്പെട്ടത് പോലെയായിരുന്നു. 

മദ്യപാനം മാത്രമല്ല, സ്വബോധം നശിക്കുമ്പോള്‍ എന്തെങ്കിലും കാരണമുണ്ടാക്കി ലഹള കൂട്ടുന്നതും പതിവായി. എനിക്കെതിരെ പെറ്റിക്കേസുകള്‍ കൂടാന്‍ തുടങ്ങി. അപ്പോഴൊക്കെയും ഞാന്‍ മദ്യത്തില്‍ത്തന്നെ ശരണം പ്രാപിച്ചു. എന്റെ ഏറ്റവും അടുത്ത ചങ്ങാതിയായി മദ്യം മാറി. 

ഇതിനിടെ എന്റെ മദ്യാസക്തി മാറാനായി വീട്ടുകാര്‍ പല പ്രാര്‍ത്ഥനകളും വഴിപാടുകളും നടത്തി. ഫലമുണ്ടായില്ല. എനിക്കും ആഗ്രഹമുണ്ടായിരുന്നു, പക്ഷേ ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല. വീര്യം കൂടിയ മദ്യം കഴിക്കുന്നത് നിര്‍ത്തി, വീര്യം കുറഞ്ഞ മദ്യം കഴിച്ചുനോക്കി. പല ഡീ അഡിക്ഷന്‍ സെന്ററുകളിലും കയറിയിറങ്ങി. ഒന്നിനും അധികനാളത്തെ ആയുസുണ്ടായിരുന്നില്ല. പൂര്‍വ്വാധികം ശക്തമായി എന്റെ മദ്യപാനം തുടര്‍ന്നു. ക്രമേണ ഞാനെല്ലാവരില്‍ നിന്നും ഒറ്റപ്പെട്ടവനായി മാറി. എല്ലാ ആശകളും അവസാനിച്ചുതുടങ്ങിയപ്പോള്‍ ഞാനാത്മഹത്യയെപ്പറ്റി ഓര്‍ത്തു. എങ്കിലും കുടുംബത്തെപ്പറ്റി ആലോചിക്കുമ്പോള്‍ അതിനും ധൈര്യമുണ്ടായില്ല. 

അങ്ങനെയിരിക്കെയാണ് ഒരു ബസ് സ്റ്റാന്‍ഡില്‍ വച്ച് 'ആല്‍ക്കഹോളിക്‌സ് അനോനിമസ്' പരസ്യം ശ്രദ്ധയില്‍പെട്ടത്. ആ സ്റ്റിക്കറിലെ വാചകം എന്നെ പിടിച്ചുനിര്‍ത്തി. അമിതമദ്യാസക്തി നിങ്ങള്‍ക്കൊരു പ്രശ്‌നമാണോ? ഒരുപക്ഷേ നിങ്ങളെ സഹായിക്കാന്‍ 'എഎ'യ്ക്ക് കഴിയും. കൂട്ടത്തില്‍ ഒരു ഫോണ്‍ നമ്പറുമുണ്ടായിരുന്നു. ഞാന്‍ ആ നമ്പറിലേക്ക് വെറുതെ വിളിച്ചുനോക്കി. 

ജീവിതത്തിലേക്ക് തിരിച്ചുനടക്കാന്‍ പ്രേരിപ്പിക്കുന്നതായിരുന്നു ആ ഫോണ്‍ സംഭാഷണം. 24 മണിക്കൂര്‍ സമയത്തില്‍ മാത്രം ജീവിതത്തെ ഒതുക്കുന്ന രീതി എനിക്ക് സ്വീകാര്യമായിരുന്നു. അതോടൊപ്പം എന്നെക്കാള്‍ വലിയൊരു ശക്തിയിലും ഞാനുറച്ച് വിശ്വസിക്കാന്‍ തുടങ്ങി. പതിയെ മദ്യാസക്തിയില്‍ നിന്ന് ഞാന്‍ മുക്തനായി. ഇന്ന് ഞാന്‍ കുടിക്കുന്നില്ല. 

അഞ്ച് വര്‍ഷവും 9 മാസവും 25 ദിവസവുമായി ഞ്ന്‍ 'എഎ'യില്‍ എത്തിയിട്ട്. 'എഎ' നിർദേശിക്കുന്ന 12 പടിയിലൂടെ ഓരോ ദിവസവും മേന്മയുള്ളതാക്കാനാണ് ഞാനിപ്പോള്‍ ശ്രമിക്കുന്നത്. സമൂഹത്തിനും കുടുംബത്തിനും ഇന്ന് ഞാനൊരു ബാധ്യതയല്ല. എല്ലാവരാലും സ്വീകാര്യനാണ്. ഞാന്‍ നിമിത്തം ആരും ഇന്ന് ദുഖിക്കുന്നില്ല. എല്ലാ നന്ദിയും കടപ്പാടും 'എഎ'യ്ക്കുള്ളതാണ്...'

അമിത മദ്യാസക്തി ജീവിതം തട്ടിയെടുത്ത ഒരാളുടെ അനുഭവമാണിത്. 'ആല്‍ക്കഹോളിക്‌സ് അനോനിമസ്' എന്ന കൂട്ടായ്മയിലെത്തിയ ശേഷം എത്തരത്തിലെല്ലാം താന്‍ മാറിയെന്നാണ് ഇദ്ദേഹം വിവരിക്കുന്നത്. മദ്യപാനത്തിൽ നിന്ന് മോചനം നേടിക്കൊണ്ടിരിക്കുന്ന 'ആല്‍ക്കഹോളിക്' ആയ ആളുകളുടെ കൂട്ടായ്മയാണ് 'ആല്‍ക്കഹോളിക്‌സ് അനോനിമസ്' അഥവാ 'എഎ'. 

എന്താണ് 'ആല്‍ക്കഹോളിക് അനോനിമസ്'?

അതിമദ്യാസക്തിയെ ഒരു മാനസികരോഗമായാണ് ആധുനിക വൈദ്യശാസ്ത്രം കണക്കാക്കുന്നത്. അതായത്, കൃത്യമായ ചികിത്സയും പരിഗണനയും ആവശ്യമുള്ള ഒരു രോഗം. ഡീ അഡിക്ഷന്‍ സെന്ററുകള്‍ കേന്ദ്രീകരിച്ചാണ് നിലവില്‍ അമിതമദ്യാസക്തിയുള്ളവര്‍ക്ക് ആവശ്യമായ ചികിത്സകളും പരിശീലനവും നല്‍കിവരുന്നത്. എന്നാല്‍ പലപ്പോഴും ഡീ അഡിക്ഷന്‍ സെന്ററുകളില്‍ നിന്നിറങ്ങുന്നവര്‍ വീണ്ടും പൂര്‍വ്വാധികം ശക്തമായി മദ്യപാനം തുടരുന്ന സാഹചര്യമുണ്ടാകാറുണ്ട്. ഈ സാധ്യതകളെ ഇല്ലാതാക്കാനാണ് 'ആല്‍ക്കഹോളിക്‌സ് അനോനിമസ്' ശ്രമിക്കുന്നത്. ഞാനിനി ആറ് മാസത്തേക്ക് കുടിക്കുന്നില്ല, അല്ലെങ്കില്‍ മൂന്ന് മാസത്തേക്ക് കുടിക്കുന്നില്ല, അതുമല്ലെങ്കില്‍ ഞാന്‍ കുടി നിര്‍ത്തിയെന്നൊക്കെ പറയുന്നവരും പിന്നീട് നിയന്ത്രിക്കാനാകാതെ കുടിയിലേക്ക് തിരിച്ചുപോകുന്നതും കാണാറുണ്ട്. 

എന്നാല്‍ ഒരേയൊരു ദിവസത്തെ ജീവിതത്തെപ്പറ്റിയാണ് 'എഎ' നമ്മെയോര്‍മ്മിപ്പിക്കുന്നത്. ഇന്നൊരു ദിവസത്തേക്ക് ഞാന്‍ മദ്യപിക്കുന്നില്ല- എന്ന തീരെ ചെറിയ തീരുമാനം. ആ തീരുമാനം ഓരോ ദിവസവും പുതുക്കുന്നു. അങ്ങനെ നാലായിരവും അയ്യായിരവും ആറായിരവും ദിവസം ഒരാള്‍ മദ്യപിക്കാതിരിക്കുന്നു. കുടി നിര്‍ത്തിയെന്നല്ല അവര്‍ പറയുന്നത്. പകരം ഞാന്‍ കുടിച്ചിട്ട് നാലായിരത്തിനാന്നൂറ് ദിവസമായിരിക്കുന്നു. അല്ലെങ്കില്‍ അയ്യായിരത്തി അഞ്ഞൂറ് ദിവസമായിരിക്കുന്നു എന്നാണ്. 

12 പടികളുള്ള ഒരു ജീവിതരീതിയാണ് 'എഎ' അമിതമദ്യാസക്തിയുള്ളവരെ, അതില്‍ നിന്ന് രക്ഷപ്പെടുത്താനായി മുന്നോട്ടുവയ്ക്കുന്നത്. ആദ്യപടിയില്‍ രോഗി, തന്റെ അവസ്ഥയെ തിരിച്ചറിയണം. പിന്നീട് അതിനെ മറികടക്കാനും അതിനോട് പോരാടാനുമുള്ള വഴികളാണ്. തനിക്ക് സ്വയം ചെയ്ത് കാണിക്കാന്‍ കഴിയാത്തത്, തന്നെക്കാള്‍ വലിയൊരു ശക്തിയില്‍ വിശ്വസിക്കുന്നതോടെ ആ ശക്തി ചെയ്ത് തരുമെന്ന് ഉറച്ച് വിശ്വിക്കുന്നത് ഇതില്‍ ഒരു പ്രധാനമായ ഒരു ഘട്ടമാണ്. ദൈവവിശ്വാസം എന്നല്ല ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നതെന്ന് 'എഎ' കൂട്ടായ്മയിലെ അംഗങ്ങള്‍ പറയുന്നു. ഒരു വ്യക്തിയുടെ വിശ്വാസം എന്താണോ, അതെന്തുമാകാം... അതിലേക്ക് ഒരു പ്രതീക്ഷയെ കൂട്ടിക്കെട്ടുകയാണ്... ഒരുപക്ഷേ നിങ്ങള്‍ക്ക് നിങ്ങളുടെ ദുരവസ്ഥയെ മറികടക്കാനായാലോ എന്നാണ് ഇവര്‍ ചോദിക്കുന്നത്...

'എഎ'യിലേക്കുള്ള മാര്‍ഗങ്ങള്‍...

1935ല്‍ ഓഹിയോവിലാണ് ആദ്യമായി 'എഎ' കൂട്ടായ്മ തുടങ്ങുന്നത്. അമ്പതുകളോടെ ഇന്ത്യയിലും എണ്‍പതോടെ കേരളത്തിലും ഇതിന്റെ പ്രവര്‍ത്തനങ്ങളാരംഭിച്ചു. കേരളത്തില്‍ വിവിധ 'ഏരിയകൾ' കേന്ദ്രീകരിച്ചാണ് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍. നിലവില്‍ ഏതാണ്ട് 330 ഗ്രൂപ്പുകള്‍ 'എഎ'യ്ക്ക് കേരളത്തിലുണ്ട്. ഓരോ ഗ്രൂപ്പിലേയും അംഗങ്ങളുടെ എണ്ണം വ്യത്യസ്തമാണ്. ചിലത് ചെറിയ ഗ്രൂപ്പായിരിക്കും, ചില ഗ്രൂപ്പില്‍ ധാരാളം അംഗങ്ങളും കാണും.

അതത് 'ഏരിയ'കളിലെ ഹെല്‍പ് ലൈന്‍ നമ്പറുകളില്‍ ബന്ധപ്പെടുന്നതോടെ 'എഎ'യെക്കുറിച്ച് കൂടുതലറിയാനും അതില്‍ പങ്കാളിയാകാനും സാധിക്കും. താന്‍ 'ആല്‍ക്കഹോളിക്' ആണെന്ന് സ്വയം സംശയിക്കുകയോ, അങ്ങനെ തോന്നുകയോ ചെയ്യുന്ന ഒരാള്‍ക്ക് ആത്മവിശ്വാസത്തോടെ 'എഎ'യെ ബന്ധപ്പെടാം. 

ഹെല്‍പ് ലൈന്‍ നമ്പറുകള്‍...

തുരുവനന്തപുരം, കൊല്ലം, പത്തനംതിട്ട - 9496261512, 9496252515

കോട്ടയം, ഇടുക്കി, ആലപ്പുഴ - 9744 080 455

എറണാകുളം - 8943 334 386, 8943 334 387, 8943 334 388

തൃശൂര്‍ - 8301 000 207

പാലക്കാട് - 8547 827 488, 8547 827 588

മലപ്പുറം, കോഴിക്കോട്, വയനാട് - 9349 510 022, 9349 610 022

കണ്ണൂര്‍, കാസര്‍കോട് - 9946 096 675, 8606 569 009