Covid 19 in Children : അറിയാം കുട്ടികളിലെ 'ലോംഗ് കൊവിഡ്' ലക്ഷണങ്ങള്‍

Published : Jul 07, 2022, 11:36 PM IST
Covid 19 in Children : അറിയാം കുട്ടികളിലെ 'ലോംഗ് കൊവിഡ്' ലക്ഷണങ്ങള്‍

Synopsis

 കൊവിഡ് മുക്തിക്ക് ശേഷം ദീര്‍ഘകാലത്തേക്ക് ഇതിന്‍റെ അനുബന്ധ പ്രശ്നങ്ങള്‍ നേരിടുന്ന അവസ്ഥയെ ആണ് 'ലോംഗ് കൊവിഡ്' എന്ന് വിളിക്കുന്നത്. തീവ്രത കുറഞ്ഞ പ്രശ്നങ്ങള്‍ മുതല്‍ ദൈനംദിന ജീവിതത്തെ വലിയ രീതിയില്‍ ബാധിക്കുന്ന ഗൗരവതരമായ പ്രശ്നങ്ങള്‍ വരെ 'ലോംഗ് കൊവിഡി'ന്‍റെ ഭാഗമായി ഉണ്ടാകാം. 

കൊവിഡ് 19മായുള്ള നമ്മുടെ പോരാട്ടം ( Covid 19 ) ഇന്നും തുടരുകയാണ്. രോഗം ബാധിക്കപ്പെടുന്നതോ, അതില്‍ നിന്ന് മുക്തി നേടുന്നതോ കൊണ്ട് മാത്രം ഇതുമായുള്ള പിടിവലി തീരുന്നില്ല. കൊവിഡിനെ സംബന്ധിച്ചിടത്തോളം അതില്‍ നിന്ന് മോചിതരായ ശേഷവും ആഴ്ചകളോളമോ മാസങ്ങളോളമോ ചിലപ്പോള്‍ വര്‍ഷങ്ങളോളമോ പോലും ഇതിന്‍റെ അനുബന്ധ പ്രശ്നങ്ങള്‍ നേരിടേണ്ടിവരാം. 

ഇത്തരത്തില്‍ കൊവിഡ് മുക്തിക്ക് ശേഷം ദീര്‍ഘകാലത്തേക്ക് ഇതിന്‍റെ അനുബന്ധ പ്രശ്നങ്ങള്‍ നേരിടുന്ന അവസ്ഥയെ ആണ് 'ലോംഗ് കൊവിഡ്' ( Long Covid ) എന്ന് വിളിക്കുന്നത്. തീവ്രത കുറഞ്ഞ പ്രശ്നങ്ങള്‍ മുതല്‍ ദൈനംദിന ജീവിതത്തെ വലിയ രീതിയില്‍ ബാധിക്കുന്ന ഗൗരവതരമായ പ്രശ്നങ്ങള്‍ വരെ 'ലോംഗ് കൊവിഡി'ന്‍റെ ഭാഗമായി ഉണ്ടാകാം. 

ഇത് മുതിര്‍ന്നവരില്‍ മാത്രമാണ് കാണപ്പെടുകയെന്ന് മിക്കവരും തെറ്റിദ്ധരിക്കാം. എന്നാല്‍ കൊവിഡ് ( Covid 19 ) ബാധിതരായ കുട്ടികളിലും 'ലോംഗ് കൊവിഡ്' കാണാം. മുതിര്‍ന്നവരുടേതിന് സമാനമായി തന്നെ തീവ്രത കുറഞ്ഞ രീതിയിലും കൂടിയ രീതിയിലും കുട്ടികളില്‍ ഇത് വരാം. ജനിച്ച് ഒരു വയസ് പോലുമാകാത്ത കുട്ടികള്‍ മുതല്‍ 14 വരെ പ്രായം വരുന്ന കുട്ടികളില്‍ എന്തെല്ലാം 'ലോംഗ് കൊവിഡ്'  പ്രശ്നങ്ങള്‍ കാണാം? ഇക്കാര്യം പഠനവിധേയമാക്കിയിരിക്കുകയാണ് യുകെയില്‍ നിന്നുള്ള ഒരു സംഘം ഗവേഷകര്‍. 

ഈ പഠനത്തിന്‍റെ ഫലങ്ങളും ഇവര്‍ പങ്കുവച്ചിട്ടുണ്ട്. ഇതില്‍ കുട്ടികളില്‍ കാണുന്ന 'ലോംഗ് കൊവിഡ്'( Long Covid ) ലക്ഷണങ്ങളാണ് ഇനി പങ്കുവയ്ക്കുന്നത്. 

മൂന്ന് വയസ് വരെയുള്ള കുട്ടികളില്‍...

ജനിച്ച് ഒരു വയസ് പോലും തികയാത്ത കുട്ടികള്‍ മുതല്‍ മൂന്ന് വയസുള്ള കുട്ടികള്‍ വരെയുള്ള പ്രായക്കാരില്‍ 'മൂഡ് സ്വിംഗ്സ്', ചര്‍മ്മത്തില്‍ പാടുകള്‍, വിശപ്പില്ലായ്മ,ചുമ, വയറുവേദന എന്നിവയെല്ലാമാണത്രേ 'ലോംഗ് കൊവിഡ്' ലക്ഷണങ്ങളായി കാണുക. പെട്ടെന്ന് കരയുക, വാശി പിടിക്കുക, ഭക്ഷണം കഴിക്കാതിരിക്കുക, വേദന മൂലം കരയുക (വയറുവേദന) എന്നിവയെല്ലാം ഇതിന്‍റെ ഭാഗമായി കുട്ടികളില്‍ കാണുന്നു. 

നാല് മുതല്‍ 11 വയസ് വരെ പ്രായമുള്ള കുട്ടികളില്‍...

നാല് വയസ് മുതല്‍ 11 വയസ് വരെ പ്രായം വരുന്ന കുട്ടികളിലാണെങ്കില്‍ 'മൂഡ് സ്വിംഗ്സ്', കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാത്ത അവസ്ഥ, ചര്‍മ്മത്തില്‍ പാടുകള്‍ എന്നിവയാണത്രേ അധികവും കാണുന്നത്. ഇവര്‍ക്ക് പഠനകാര്യങ്ങളില്‍ ശ്രദ്ധ കുറയുന്നതായി കാണാം. അതുപോലെ തന്നെ വാശി, ദേഷ്യമെല്ലാം കൂടാം. നിരാശയും ബാധിക്കാം. കുട്ടികള്‍ ആത്മവിശ്വാസമില്ലാതെ ഉള്‍വലിയുന്നതായും ശ്രദ്ധയില്‍ പെട്ടാല്‍ കൗണ്‍സിലിംഗോ ആവശ്യമായ മറ്റ് ചികിത്സകളോ നല്‍കാം. അവര്‍ക്ക് ധൈര്യം നല്‍കി അവരുടെ കൂടെ നില്‍ക്കുകയും വേണം. 

12 മുതല്‍ 14 വരെ പ്രായമുള്ള കുട്ടികളില്‍...

ഈ പ്രായക്കാരില്‍ തളര്‍ച്ച, 'മൂഡ് സ്വിംഗ്സ്', കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാത്ത അവസ്ഥ, ഓര്‍മ്മപ്പിശക് എന്നിങ്ങനെയുള്ള പ്രശ്നങ്ങള്‍ 'ലോംഗ് കൊവിഡ്' അനുബന്ധമായി വരാം. കായികമായ കാര്യങ്ങളില്‍ ഉത്സാഹമില്ലായ്മ, പഠനത്തില്‍ പിന്നാക്കം പോകല്‍, ആത്മവിശ്വാസക്കുറവ്, നിരാശ, ദേഷ്യം, വാശി എല്ലാം ഈ ഘട്ടത്തില്‍ കുട്ടികളില്‍ കണ്ടേക്കാം. നിയന്ത്രണവിധേയമല്ല, ഈ പ്രശ്നങ്ങള്‍ എന്നുണ്ടെങ്കില്‍ തീര്‍ച്ചയായും ഡോക്ടറെ കാണിക്കാൻ ശ്രദ്ധിക്കുക.

Also Read:- ഇന്ത്യയില്‍ കൊവിഡിന്റെ പുതിയ ഉപവകഭേദം കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന

PREV
click me!

Recommended Stories

50 വയസ്സിന് താഴെയുള്ളവരിൽ പ്രമേഹം ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്നു ; പഠനം
മുടി തഴച്ച് വളരാൻ സഹായിക്കുന്ന എട്ട് ഭക്ഷണങ്ങൾ