
കൊവിഡ് 19മായുള്ള ( Covid 19 Disease ) നിരന്തര പോരാട്ടത്തില്‍ തന്നെയാണ് ഇപ്പോഴും നാമോരോരുത്തരും. ആദ്യഘട്ടത്തേതില്‍ നിന്ന് വ്യത്യസ്തമായി ജനിതകവ്യതിയാനം സംഭവിച്ച വൈറസ് വകഭേദങ്ങള്‍ ( Virus Mutants ) കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കി തീര്‍ത്തു.
അതിശക്തമായ രീതിയിലാണ് ഇന്ത്യയില്‍ കൊവിഡ് രണ്ടാം തരംഗം വന്നെത്തിയത്. 'ഡെല്‍റ്റ' എന്ന വകഭേദമായിരുന്നു ഇതിന് കാരണമായത്. 'ഡെല്‍റ്റ'യക്ക് ശേഷം 'ഒമിക്രോണ്‍' എന്ന വകഭേദവും രാജ്യത്ത് മറ്റൊരു തരംഗം സൃഷ്ടിച്ചു. എന്നാല്‍ രണ്ടാം തരംഗം തന്നെയായിരുന്നു ഏറ്റവും ശക്തമായത്.
വൈറസ് വകഭേദങ്ങള്‍ മാറുന്നതിന് അനുസരിച്ച് രോഗലക്ഷണങ്ങളിലും നേരിയ വ്യത്യാസങ്ങള്‍ കണ്ടുവന്നിരുന്നു. ഇപ്പോഴും ഈ വ്യതിയാനങ്ങള്‍ പ്രകടമാണ്. എന്നാല്‍ ഒരു കൂട്ടം പ്രശ്‌നങ്ങള്‍ സുസ്ഥിരമായി കൊവിഡ് അനുബന്ധമായി വരുന്നുണ്ട്. പനി, ചുമ, തൊണ്ടവേദന, ജലദോഷം തുടങ്ങിയവയെല്ലാം ഇതിലുള്‍പ്പെടുന്നതാണ്.
പലര്‍ക്കും കൊവിഡിന് ശേഷവും കൊവിഡ് അനുബന്ധമായി വന്ന പ്രശ്‌നങ്ങള്‍ തുടരുന്നുണ്ട്. ഇതിനെ 'ലോംഗ് കൊവിഡ്' എന്നാണ് വിളിക്കുന്നത്. കൊവിഡിന്റെ ഭാഗമായി വരുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ദീര്‍ഘനാളത്തേക്ക് തുടരുന്ന അവസ്ഥയാണ് 'ലോംഗ് കൊവിഡി'ല്‍ കാണുക.
പല തരത്തിലുള്ള പ്രശ്‌നങ്ങള്‍ ലോംഗ് കൊവിഡില്‍ കാണാം. പ്രധാനമായും ക്ഷീണമാണ് മിക്കവരിലും ലോംഗ് കൊവിഡിന്റെ ഭാഗമായി കാണപ്പെടുന്നത്. കായികമായി ചെറിയ കാര്യങ്ങള്‍ പോലും ചെയ്യുമ്പോഴേക്ക് തളര്‍ച്ച അനുഭവപ്പെടുന്ന അവസ്ഥയാണിതില്‍ സംഭവിക്കുന്നത്.
ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം കൊവിഡ് പിടിപെട്ടവരില്‍ പത്ത് മുതല്‍ ഇരുപത് ശതമാനം പേരില്‍ വരെ ലോംഗ് കൊവിഡ് കാണാം. ഇത് കൊവിഡ് പിടിപെടുമ്പോഴുള്ള തീവ്രത അനുസരിച്ചല്ല വരുന്നതെന്നും വിദഗ്ധര്‍ പ്രത്യേകം വ്യക്തമാക്കുന്നു.
ഇനി ലോംഗ് കൊവിഡിന്റെ ഭാഗമായി കണ്ടേക്കാവുന്ന ചില ആരോഗ്യപ്രശ്‌നങ്ങള്‍ ഏതെല്ലാമാണെന്ന് പങ്കുവയ്ക്കാം. തളര്‍ച്ച, ശ്വാസതടസം, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്, ഓര്‍മ്മശക്തി കുറയുക, കാര്യങ്ങളില്‍ അവ്യക്തത, ഉറക്കപ്രശ്‌നം, ഉത്കണ്ഠ, നെഞ്ചുവേദന, ഗന്ധമോ രുചിയോ നഷ്ടപ്പെടുന്ന അവസ്ഥ, ചുമ, പേശീവേദന, വിഷാദം, ഇടവിട്ട് പനി, തലകറക്കം എന്നിവയെല്ലാം ഇത്തരത്തില്‍ ലോംഗ് കൊവിഡില്‍ കാണാം.
സാധാരണഗതിയില്‍ കൊവിഡിന് ശേഷം ഏതാനും ആഴ്ചകള്‍ മാത്രമാണ് ലോംഗ് കൊവിഡ് നീണ്ടുനില്‍ക്കുക. എന്നാല്‍ ചിലരില്‍ ഇത് 12 ആഴ്ച വരെ നീണ്ടുനില്‍ക്കാമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഒരു വര്‍ഷത്തിലധികം ലോംഗ് കൊവിഡ് നീണ്ടുനിന്നതായി അവകാശപ്പെടുന്ന രോഗികളും ഉണ്ട്. ഇക്കാര്യത്തില്‍ വ്യക്തമായൊരു നിഗമനത്തിലേക്കെത്താന്‍ ഗവേഷകര്‍ക്ക് ഇനിയും സാധിച്ചിട്ടില്ലെന്നതാണ് സത്യം.
ലോംഗ് കൊവിഡിനെ അത്ര നിസാരമായി കാണുകയും സാധ്യമല്ല. നിത്യജീവിതത്തിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി ജീവന് ഭീഷണിയാകുന്ന ആരോഗ്യാവസ്ഥകളിലേക്ക് വരെ ഇത് നമ്മെ നയിച്ചേക്കാം. കൊവിഡ് അനുബന്ധമായി രക്തം കട്ട പിടിക്കുന്ന അവസ്ഥയെ കുറിച്ച് നിങ്ങളില്‍ പലരും കേട്ടിരിക്കാം. ഇതും പ്രതിരോധവ്യവസ്ഥ ദുര്‍ബലമാകുന്നതും ഉപാപചയപ്രവര്‍ത്തനങ്ങളുടെ ഗതി മാറുന്നതുമെല്ലാമാണ് ലോംഗ് കൊവിഡിലേക്ക് നയിക്കുന്നതെന്നാണ് നിലവിലെ വിലയിരുത്തല്‍.
അതുകൊണ്ട് തന്നെ ലോംഗ് കൊവിഡ് പ്രശ്‌നങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതുണ്ട്. ദീര്‍ഘകാലത്തേക്ക് ഇവ നീണ്ടുനില്‍ക്കുകയാണെങ്കില്‍ വിദഗ്ധ പരിശോധന നടത്തുകയും ആരോഗ്യാവസ്ഥ സുരക്ഷിതമാണെന്ന് ഉറപ്പാക്കുകയും വേണം.
Also Read:- കൊവിഡ് കേസുകള്‍ കൂടുന്നു; ഒരു ദിവസം കൊണ്ട് 90% വര്‍ധനവ്