ലോക്ഡൗണില്‍ വരുമാനം നിലച്ചു; രോഗിയായ മകളെ ചികിത്സിപ്പിക്കാനാകാതെ ദമ്പതികള്‍...

By Web TeamFirst Published Jun 18, 2020, 7:15 PM IST
Highlights

ജനിച്ച് 90 ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ മകള്‍ക്ക് 'സെറിബ്രല്‍ പാള്‍സി'യാണെന്ന് സ്ഥിരീകരിക്കപ്പെട്ടിരുന്നു. ഇതുവരെ കിടന്ന കിടപ്പില്‍ നിന്ന് എഴുന്നേറ്റിട്ടില്ല പതിനാറുകാരിയായ അനുശ്രീ. മാസാമാസം നല്ലൊരു തുക വേണം അനുശ്രീയുടെ ചികിത്സയ്ക്ക്

ലോക്ഡൗണ്‍ കാലത്ത് തൊഴില്‍ നഷ്ടമായവരും വരുമാനം നിലച്ചവരും ഏറെയാണ്. ദിവസവേതനത്തിന് വേണ്ടി ജോലിയെടുത്തിരുന്നവരാണ് ഈ ദുരിതത്തില്‍ മുങ്ങിപ്പോയവരിലേറെയും. ഇക്കൂട്ടത്തിലൊരാളാണ് കോട്ടയം കടുത്തുരുത്തി എഴുമാംതുരുത്ത് സ്വദേശിയായ റെജിമോന്‍. 

വീടിനടുത്ത് തന്നെ ഒരു തട്ടുകട നടത്തിവരികയായിരുന്നു റെജിമോന്‍. എന്നാല്‍ ലോക്ഡൗണായതോടെ കട പൂട്ടേണ്ടിവന്നു. ലോക്ഡൗണ്‍ പിന്‍വലിച്ചെങ്കിലും തുടര്‍ന്നുവന്ന നിയന്ത്രണങ്ങള്‍ മൂലം പിന്നീടും കട തുറക്കാനായില്ല. ഉണ്ടായിരുന്ന വരുമാനം നിലച്ചതോടെ നിത്യരോഗിയായ മകള്‍ക്ക് ചികിത്സ നല്‍കാന്‍ കഴിയാത്ത ദുരവസ്ഥയിലാണ് റെജിമോനും ഭാര്യയും. 

ജനിച്ച് 90 ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ മകള്‍ക്ക് 'സെറിബ്രല്‍ പാള്‍സി'യാണെന്ന് സ്ഥിരീകരിക്കപ്പെട്ടിരുന്നു. ഇതുവരെ കിടന്ന കിടപ്പില്‍ നിന്ന് എഴുന്നേറ്റിട്ടില്ല പതിനാറുകാരിയായ അനുശ്രീ. മാസാമാസം നല്ലൊരു തുക വേണം അനുശ്രീയുടെ ചികിത്സയ്ക്ക്. 

ഇതിനിടെ താമസിക്കുന്ന വീടാണെങ്കില്‍ കഴിഞ്ഞ പ്രളയത്തിന് ശേഷം എപ്പോള്‍ മഴ പെയ്താലും വെള്ളം കയറുന്ന നിലയിലാണ്. വെള്ളക്കെട്ടാകുമ്പോഴൊക്കെ വയ്യാത്ത മകളേയും കൊണ്ട് അടുത്ത വീടുകളിലോ ബന്ധുവീടുകളിലോ പോകാന്‍ പ്രയാസമാണ്. 

പഞ്ചായത്ത് നിര്‍മ്മിച്ച് നല്‍കാമെന്ന് പറഞ്ഞ വീട് ലോക്ഡൗണ്‍ കാരണം പാതിവഴിയിലെത്തിയതേയുള്ളൂ. ഇപ്പോള്‍ താമസിക്കുന്ന വീട്ടിലേക്കുള്ള വഴി, വസ്തുതര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസികള്‍ കെട്ടിയടച്ചിരിക്കുകയാണ്. നിലവില്‍ എങ്ങനെയും മകളുടെ ചികിത്സയ്ക്കുള്ള വഴി കണ്ടെത്താന്‍ മാത്രം കഴിഞ്ഞാല്‍ മതിയെന്നാണ് റെജിമോന്. അതിനുള്ള മാര്‍ഗങ്ങള്‍ മുന്നില്‍ തെളിഞ്ഞുവരണമെന്ന് മാത്രമേ നിസഹായനായ ഈ പിതാവ് ആഗ്രഹിക്കുന്നുള്ളൂ.

വീഡിയോ കാണാം...

 

Also Read:- ഫ്‌ളക്‌സ് വലിച്ചുകെട്ടി വീട്, മൂത്ത മകളെ മാറ്റിനിര്‍ത്തി; ബീനയുടെ ദുരിതം പുറംലോകമറിഞ്ഞത് യാദൃശ്ചികമായി...

click me!