എപ്പോള്‍ വേണമെങ്കിലും കീറിപ്പൊളിഞ്ഞു പോകാവുന്ന ഫ്‌ളക്‌സ് വലിച്ചുകെട്ടി മറച്ച ഒരു ഒറ്റമുറി. ഇതിനെ വീടെന്ന് വിളിക്കാന്‍ പോലുമാകില്ല. പക്ഷേ കോഴിക്കോട് കക്കോടി പടിഞ്ഞാറ്റുമുറിയില്‍ ബീനയും ഇളയ മകളും കഴിയുന്നത് ഇവിടെയാണ്. 

ആദ്യം മറ്റൊരിടത്ത്, രണ്ട് പെണ്‍മക്കള്‍ക്കും ഭര്‍ത്താവിനും ഒപ്പം വാടകവീട്ടിലായിരുന്നു ബീന താമസിച്ചിരുന്നത്. ഇതിനിടെ ദുരിതങ്ങളോരോന്നായി വന്നുകൊണ്ടിരുന്നു. ബീന വീട്ടുജോലിയെടുത്തായിരുന്നു കുടുംബം പുലര്‍ത്തിയിരുന്നത്. ദാരിദ്ര്യം ഏറെയായപ്പോള്‍ മൂത്ത മകളെ പട്ടാമ്പിയിലുള്ള സഹോദരിയുടെ വീട്ടിലേക്ക് അയച്ചു. 

വൈകാതെ ഭര്‍ത്താവിന് മാനസികാസ്വാസ്ഥ്യമായി. നിന്നുപോകാന്‍ സാധ്യമല്ലെന്ന് തോന്നിയപ്പോള്‍ വാടക വീടൊഴിഞ്ഞു. തുടര്‍ന്ന് ഭര്‍ത്താവിനെ അദ്ദേഹത്തിന്റെ വീട്ടുകാര്‍ ഏറ്റെടുത്തു. ഒടുവില്‍ ഇളയ മകള്‍ക്കൊപ്പം കുടുംബസ്വത്തായി കിട്ടിയ രണ്ടേമുക്കാല്‍ സെന്റ് സ്ഥലത്ത് ബീന ഈ കൂര കെട്ടി. 

ഒരു തരത്തിലും സുരക്ഷിതമല്ലാത്ത ഈ കൂരയില്‍ നാളെയെന്തെന്ന് അറിയാതെയാണ് ഇവര് തുടരുന്നത്. ആഞ്ഞൊരു മഴ പെയ്താല്‍ പോലും ആധിയാണ്. അപ്പുറത്തുള്ള മറ്റൊരു സഹോദരിയുടെ വീടാണ് ഇത്തരം പ്രതിസന്ധികളിലെ ഏക ആശ്രയം. ഒരു വീടെന്ന് സ്വപ്നവുമായി സര്‍ക്കാരിന്റെ 'ലൈഫ്' പദ്ധതിയില്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ അത് ലഭിച്ചില്ല. 

ഇപ്പോള്‍ ബിനയുടെ ഈ ദുരിതങ്ങളത്രയും പുറംലോകമറിഞ്ഞത് മകള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനുള്ള സൗകര്യങ്ങളൊരുക്കാന്‍ അധ്യാപകരെത്തിയപ്പോഴാണ്. സന്നദ്ധ സംഘടനയുടെ വക ഒടു ടിവിയും ഇവര്‍ക്ക് നല്‍കിയിട്ടുണ്ട്. അതും അടുത്ത വീട്ടിലാണ് വച്ചിരിക്കുന്നത്. 

അടച്ചുറപ്പുള്ള ഒരു വീട് വേണം. ആ മോഹം നടന്നാല്‍ ദാരിദ്ര്യം തന്നില്‍ നിന്ന് അകറ്റിനിര്‍ത്തിയ മൂത്ത മകളെ കൂടെ കൊണ്ടുവന്ന് നിര്‍ത്തണം. ഇളയ മകളെ നന്നായി പഠിപ്പിക്കണം. ഇതിന് ആരെങ്കിലും സഹായങ്ങള്‍ നല്‍കുമെന്ന പ്രതീക്ഷ മാത്രമാണ് ബീനയ്ക്ക് ബാക്കി നില്‍ക്കുന്നത്.

വീഡിയോ കാണാം...

Also Read:- ഇരുവൃക്കകളും തകരാറിലായി, കുടുംബം കഴിയുന്നത് വൃദ്ധയായ അമ്മ കൂലിപ്പണിയെടുത്ത്; സുമനസുകളുടെ സഹായം തേടി യുവാവ്...