
നിരവധി ശാരീരിക പ്രവർത്തനങ്ങളിൽ നിർണായക പങ്ക് വഹിക്കുന്ന ഒരു സുപ്രധാന ധാതുവാണ് മഗ്നീഷ്യം. എല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിനും പ്രമേഹത്തെ നിയന്ത്രിക്കാനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഹൃദയത്തിന്‍റെ ആരോഗ്യത്തിനും മഗ്നീഷ്യം സഹായിക്കും. ശരീരത്തില്‍ മഗ്നീഷ്യം കുറഞ്ഞാല്‍ അത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കാം.
മഗ്നീഷ്യം കുറവിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
1. വയറു പെട്ടെന്ന് നിറഞ്ഞതായി തോന്നുക
മഗ്നീഷ്യത്തിന്‍റെ കുറവു മൂലം വയറു പെട്ടെന്ന് നിറഞ്ഞതായി തോന്നുകയും വിശപ്പ് കുറയുകയും ചെയ്യാം.
2. ഊര്‍ജ്ജം കുറയുക, ക്ഷീണവും തളര്‍ച്ചയും
മഗ്നീഷ്യം കുറവിന്‍റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങളിലൊന്ന് കുറഞ്ഞ ഊർജ്ജമാണ്. ഇതുമൂലം എപ്പോഴും ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടുന്നതും മഗ്നീഷ്യത്തിന്‍റെ അഭാവം കൊണ്ടാകാം.
3. ക്രമരഹിതമായ ഹൃദയമിടിപ്പ്
മഗ്നീഷ്യം കുറവിന്‍റെ മറ്റൊരു നിർണായക ലക്ഷണം ക്രമരഹിതമായ ഹൃദയമിടിപ്പ് ആണ്. ശരീരത്തില്‍ മഗ്നീഷ്യത്തിന്‍റെ അളവ് കുറയുന്നത് രക്തസമ്മര്‍ദ്ദം കൂടാനും ഹൃദയത്തിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കാനും സാധ്യതയുണ്ട്.
4. പേശിവലിവ്, എല്ലുകളുടെ ബലക്കുറവ്
മഗ്നീഷ്യത്തിന്റെ അഭാവം പേശിവലിവ്, എല്ലുകളുടെ ബലക്കുറവ്, കാൽസിഫിക്കേഷൻ (ശരീരകലകളിൽ കാൽസ്യം അടിഞ്ഞുകൂടുന്ന അവസ്ഥ) സാധ്യത എന്നിവ വർധിപ്പിക്കുന്നു.
5. വിഷാദം, ഉത്കണ്ഠ
ശരീരത്തില്‍ മഗ്നീഷ്യത്തിന്‍റെ അളവ് കുറയുന്നത് മാനസികാരോഗ്യത്തെയും ബാധിക്കാം. ഇതുമൂലം വിഷാദം, ഉത്കണ്ഠ, മൂഡ് സ്വിംഗ്സ് തുടങ്ങിയവ ഉണ്ടാകാം.
6. തലവേദന, മൈഗ്രേയ്ൻ
തലവേദന, മൈഗ്രേയ്ൻ എന്നിവയും മഗ്നീഷ്യത്തിന്‍റെ കുറവ് മൂലം ഉണ്ടാകാം.
7. ചോക്ലേറ്റിനോടുള്ള കൊതി
ചോക്ലേറ്റിനോടുള്ള കൊതി തോന്നുന്നതും ചിലപ്പോള്‍ മഗ്നീഷ്യത്തിന്‍റെ കുറവ് മൂലമാകാം.
മഗ്നീഷ്യം അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
ചീര, മത്തങ്ങക്കുരു, നേന്ത്രപ്പഴം, ചുവന്ന അരി, തൈര്, എള്ള്, നട്സ്, ഫ്ലക്സ് സീഡ്, പയര്‍വര്‍ഗങ്ങള്‍, ഡാര്‍ക്ക് ചോക്ലേറ്റ് തുടങ്ങിയവയിലൊക്കെ മഗ്നീഷ്യം ധാരാളമായി അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുക.
ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക. അതുപോലെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: ചർമ്മത്തിൽ കൊളാജൻ കുറഞ്ഞാല്‍ എന്തു സംഭവിക്കും? അറിയേണ്ട സൂചനകള്‍