പുതിയ അണ്ഡാശയ ക്യാന്‍സര്‍ ജീനുമായി അമേരിക്കന്‍ മലയാളി ശാസ്ത്രജ്ഞനും സംഘവും...

Web Desk   | others
Published : Feb 16, 2020, 06:17 PM IST
പുതിയ അണ്ഡാശയ ക്യാന്‍സര്‍ ജീനുമായി അമേരിക്കന്‍ മലയാളി ശാസ്ത്രജ്ഞനും സംഘവും...

Synopsis

സ്ത്രീകളെ ബാധിക്കുന്ന ക്യാന്‍സറുകളില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒന്നാണ് അണ്ഡാശയ ക്യാന്‍സര്‍. ചില ചികിത്സാരീതികള്‍ പ്രാബല്യത്തിലുണ്ടെങ്കിലും, നൂതന ചികിത്സാരീതികള്‍ ആയ 'ടാര്‍ജറ്റഡ് തെറാപ്പി' (targeted therapy), 'ഇമ്മ്യൂണോ തെറാപ്പി' (immunotherapy) പോലുള്ള ചികിത്സാരീതികളെ ഇനിയും വികസിപ്പിച്ചെടുക്കേണ്ടതുണ്ട്. ഓരോ ക്യാന്‍സറിന്റെ ജനിതകഘടനയും, ഓരോ ക്യാന്‍സറും ഓരോ വ്യക്തിയിലും ഏതൊക്കെ രീതിയിലുള്ള മാറ്റങ്ങള്‍ വരുത്തുന്നു എന്ന് മനസിലാക്കുന്നതിലൂടെയും ഈ ചികിത്സാരീതികള്‍ വികസിപ്പിച്ചെടുക്കാവുന്നതാണ്

പുതിയ അണ്ഡാശയ ക്യാന്‍സര്‍ ജീനിനെ കണ്ടെത്തി അമേരിക്കന്‍ മലയാളി ശാസ്ത്രജ്ഞനും സംഘവും. തൃശൂര്‍ സ്വദേശിയായ ഡോ. ഷമീര്‍ ഖാദര്‍ ആണ് ഈ പുതിയ ജീനിനെ കണ്ടെത്തുന്നന്തിനുള്ള കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗിന് ആവശ്യമായ വിവിധ നടപടിക്രമങ്ങള്‍ (algorithm) വികസിപ്പിച്ചെടുത്തിരിക്കുന്നത്.  

സ്ത്രീകളെ ബാധിക്കുന്ന ക്യാന്‍സറുകളില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒന്നാണ് അണ്ഡാശയ ക്യാന്‍സര്‍. ചില ചികിത്സാരീതികള്‍ പ്രാബല്യത്തിലുണ്ടെങ്കിലും, നൂതന ചികിത്സാരീതികള്‍ ആയ 'ടാര്‍ജറ്റഡ് തെറാപ്പി' (targeted therapy), 'ഇമ്മ്യൂണോ തെറാപ്പി' (immunotherapy) പോലുള്ള ചികിത്സാരീതികളെ ഇനിയും വികസിപ്പിച്ചെടുക്കേണ്ടതുണ്ട്. ഓരോ ക്യാന്‍സറിന്റെ ജനിതകഘടനയും, ഓരോ ക്യാന്‍സറും ഓരോ വ്യക്തിയിലും ഏതൊക്കെ രീതിയിലുള്ള മാറ്റങ്ങള്‍ വരുത്തുന്നു എന്ന് മനസിലാക്കുന്നതിലൂടെയും ഈ ചികിത്സാരീതികള്‍ വികസിപ്പിച്ചെടുക്കാവുന്നതാണ്.

പുതിയ ജീനുകളെ കണ്ടെത്തുന്നതും, അവ എങ്ങനെയാണ് ഒരു രോഗത്തിന്റെ പരിണാമങ്ങളില്‍ പങ്കുചേരുന്നതെന്ന് കണ്ടെത്തുന്നതും ആധുനിക ജീവ/വൈദ്യ ശാസ്ത്രമേഖലകളിലെ ഏറെ പ്രാധാന്യമേറിയ ഒന്നാണ്. ഈ സാഹചര്യത്തിലാണ് കൃത്രിമ ബുദ്ധി (artificial intelligence), അടിസ്ഥാന വിവരശാസ്ത്രം (data science), ബയോഇന്‍ഫോര്‍മാറ്റിക്‌സ് (bioinformatics), സിസ്റ്റംസ് ബയോളജി (system biology), ഗ്രാഫ് മോഡലിംഗ് (graph modeling ) തുടങ്ങിയ നൂതന സങ്കേതങ്ങള്‍ ഉപയോഗിച്ച് പുതിയ ജനിതക ഘടകവും അതിന്റെ ജീവപ്രക്രിയയും കണ്ടുപിടിച്ചിരിക്കുന്നത്. 

ഏതാനും വര്‍ഷങ്ങളായി മനുഷ്യ ജീനോമില്‍ ഈ ജീനിനെ കുറിച്ചറിയാമെങ്കിലും, ആദ്യമായാണ് മനുഷ്യരിലും മൃഗങ്ങളിലും ഇത് അണ്ഡാശയ ക്യാന്‍സറിന്റെ ഒരു പ്രധാന ഘടകം ആണെന്ന് കണ്ടെത്തുന്നത്. ലബോറട്ടറിയിലും, എലികളിലും, മനുഷ്യരിലുമായി ഈ ജീനിനെ കുറിച്ച് ആദ്യമായി നടക്കുന്ന വിശദപഠനമാണിത്. അണ്ഡാശയ ക്യാന്‍സര്‍ ഉള്ള രോഗികളില്‍ ഈ ജീനിന്റെ പ്രവര്‍ത്തനം ഉയര്‍ന്ന് കാണപ്പെടുന്നു. അത്തരത്തിലുള്ള രോഗികളില്‍ ക്യാന്‍സറിനെ അതിജീവിക്കാനുള്ള കഴിവും (survival rate), കിമോതെറാപ്പി ഫലപ്രദമാക്കാനുള്ള കഴിവും (chemoresistance) കുറഞ്ഞ് കാണപ്പെടുന്നു.

എലികളില്‍ നടത്തിയ പരീക്ഷണങ്ങളില്‍, ഈ ജീനിനെ നിശബ്ദമാക്കിയാല്‍ (gene silencing) ക്യാന്‍സര്‍ പടര്‍ന്നുപിടിക്കുന്നതിന്റെ അളവ് കുറയുന്നതായി കണ്ടെത്തി. അതുപോലെ, മുന്‍നിര്‍ണ്ണയിക്കപ്പെട്ടിട്ടുള്ള നശീകരണ പ്രക്രിയ (apoptosis) വഴി ട്യൂമര്‍ വളര്‍ച്ച കുറയുന്നതായും കണ്ടെത്തി.

ഈ കണ്ടെത്തലുകള്‍ സംയോജിപ്പിച്ച് ഒരു പുതിയ ചികിത്സാരീതി വികസിപ്പിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ഡോ. ഷമീര്‍ ഖാദറും സംഘവും. അമേരിക്കയിലെ ഒമ്പതോളം ക്യാന്‍സര്‍ സെന്ററുകള്‍ ചേര്‍ന്ന് നടത്തിയ പഠനമാണിത്. ഇതുമായി ബന്ധപ്പെട്ട് ഓരോ രോഗിയുടെയും ജനിതകവിവരം ഉപയോഗിച്ച് ചികിത്സ നല്‍കാന്‍ ഉതകുന്ന റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് കേന്ദ്രം കേരളത്തില്‍ തുടങ്ങണം എന്നതാണ് ഡോ.ഷമീര്‍ ഖാദറിന്റെ ആഗ്രഹം. 2019ല്‍ ലോകത്തിലെ മികച്ച 100 ശാസ്ത്രജ്ഞരില്‍ ഒരാളായി തെരഞ്ഞെടുക്കപ്പെട്ടയാളാണ് ഡോ.ഷമീര്‍ ഖാദര്‍. കൃത്രിമബുദ്ധി ഉപയോഗിച്ച് കുറഞ്ഞ സമയം കൊണ്ട് മരുന്നുകള്‍ കണ്ടെത്തുന്നതിനും, ആരോഗ്യമേഖലയിലെ പുതിയ സൗകര്യങ്ങള്‍ ചിലവ് കുറച്ച് കൂടുതല്‍ രോഗികളിലേക്ക് എത്തിക്കുന്നതിനായി പ്രവര്‍ത്തിച്ചതിനുമാണ് ഈ ബഹുമതി ലഭിച്ചത്.

PREV
click me!

Recommended Stories

നിങ്ങളുടെ വൃക്കകളുടെ പ്രവർത്തനം ശരിയായ രീതിയിലാണോ? ഈ ലക്ഷണങ്ങൾ അവഗണിക്കരുത്
കിവി കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം