
ജിമ്മില്‍ ട്രെഡ്മില്ലില്‍ വ്യായാമം ചെയ്യുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ച സംഭവം വലിയ രീതിയിലാണ് കഴിഞ്ഞ ദിവസം ശ്രദ്ധയാകര്‍ഷിച്ചിരുന്നത്. ദില്ലിയിലാണ് സംഭവം നടന്നത്. ചൊവ്വാഴ്ച രാവിലെയുണ്ടായ അപകടത്തില്‍ ഇരുപത്തിനാലുകാരനായ യുവാവാണ് മരിച്ചത്. ഇതോടെ ജിമ്മിലെ പരിശീലനങ്ങളും വ്യായാമരീതികളുമെല്ലാം എത്രമാത്രം സുരക്ഷിതമാണ് എന്ന ചര്‍ച്ചയാണ് ഉയരുന്നത്.
ഇതിനൊപ്പം തന്നെ നിരവധി പേര്‍ വീട്ടിലും ഉപയോഗിക്കുന്നതാണ് ട്രെഡ്‍മില്‍. ഇതില്‍ നിന്നും കറണ്ടടിച്ചു എന്നതും വലിയ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. വീട്ടില്‍ ട്രെഡ്മില്‍ ഉപയോഗിക്കുന്ന പലരും ഈ വാര്‍ത്തയെ തുടര്‍ന്ന് വര്‍ക്കൗട്ടിന് മടിക്കുന്ന അവസ്ഥയുണ്ടായിട്ടുണ്ട്. പലരും ഇതിന്‍റെ സുരക്ഷിതത്വത്തെ കുറിച്ചാണ് അന്വേഷിക്കുന്നത്.
ഇത്തരത്തില്‍ ട്രെഡ്‍മില്ലില്‍ വ്യായാമം ചെയ്യുമ്പോള്‍ ഷോക്കേല്‍ക്കാതിരിക്കാനും മറ്റ് അപകടങ്ങള്‍ സംഭവിക്കാതിരിക്കാനും എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നാണിനി പങ്കുവയ്ക്കുന്നത്.
മാനുവല്‍...
ട്രെഡ്‍മില്‍ വാങ്ങിക്കുമ്പോള്‍ അതിനൊപ്പം കിട്ടുന്ന മാനുവല്‍ വ്യക്തമായി വായിക്കുക. പലരും ജിമ്മിലെ ട്രെയിനര്‍മാര്‍ പറഞ്ഞുതന്ന രീതിയില്‍ അത് പ്രവര്‍ത്തിപ്പിക്കുക മാത്രമാണ് ചെയ്യാറ്. അല്ലാതെ മാനുവല്‍ വായിച്ച് മനസിലാക്കുന്ന പതിവ് അധികപേര്‍ക്കുമില്ല. പക്ഷേ മാനുവല്‍ വായിച്ച് വ്യക്തമായി മനസിലാക്കുന്നതാണ് ഉചിതം. അപ്പോള്‍ മാത്രമാണ് ഈ ഉപകരണത്തെ കുറിച്ച് കൂടുതല്‍ മനസിലാക്കുന്നതിനും പല അപകടങ്ങളൊഴിവാക്കുന്നതിനുമെല്ലാം സാധിക്കുക.
വയ്ക്കുന്ന സ്ഥലം...
ട്രെഡ്‍മില്‍ വയ്ക്കുന്ന സ്ഥലവും ശ്രദ്ധിക്കണം. നനവുള്ള സ്ഥലമോ നനവെത്താൻ സാധ്യതയുള്ള സ്ഥലമോ ഇതിനായി തെരഞ്ഞെടുക്കരുത്. പരന്ന, എപ്പോഴും ഉണങ്ങിക്കിടക്കുന്ന സ്ഥലത്താണ് ട്രെഡ്മില്‍ വയ്ക്കേണ്ടത്.
കണക്ഷൻ...
ട്രെഡ്മില്‍ കണക്ട് ചെയ്യാൻ എക്സ്റ്റൻഷൻ കോര്‍ഡുകളോ അഡാപ്റ്റേഴ്സോ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. കാരണം ഇവ കറണ്ടുപയോഗത്തില്‍ കൂടുതല്‍ സങ്കീര്‍ണതകളുണ്ടാക്കുകയാണ് ചെയ്യുക. എന്നാല്‍ ട്രെഡ്മില്‍ ഉപയോഗിക്കുമ്പോള്‍ എപ്പോഴും വൈദ്യുതിയുടെ അവസ്ഥ- എത്രത്തോളം പവറുണ്ട് എന്നും മറ്റും നോക്കി സുരക്ഷിതമാണെന്ന് ഉറപ്പിക്കുന്നതും നല്ലതാണ്.
വസ്ത്രം...
ട്രെഡ്മില്ലില്‍ വ്യായാമം ചെയ്യുമ്പോള്‍ വളരെ കംഫര്‍ട്ടബിളായ വസ്ത്രമാണ് ധരിക്കേണ്ടത്. അതുപോലെ തന്നെ അത്‍ലറ്റിക് ഷൂസും അണിയണം. ഒരിക്കലും അയഞ്ഞ വസ്ത്രം ധരിക്കരുത്. കാരണം ഇത് ഉപകരണത്തിന്‍റെ ചലിക്കുന്ന ഭാഗങ്ങളില്‍ എവിടെയെങ്കിലും കുടുങ്ങി അപകടമുണ്ടാക്കാം.
സുരക്ഷാക്രമീകരണങ്ങള്‍...
ട്രെഡ്മില്‍ ഉപയോഗിക്കുമ്പോള്‍ അതിന്‍റെ സുരക്ഷാ ക്രമീകരണങ്ങളെ കുറിച്ചെല്ലാം നല്ലരീതിയില്‍ മനസിലാക്കിയിരിക്കണം. പുതിയ ട്രെഡ്മില്ലുകളിലെല്ലാം തന്നെ എന്തെങ്കിലും പ്രശ്നം വരുന്നപക്ഷം ഉപകരണം ഓഫ് ചെയ്യാൻ എമര്‍ജൻസി സ്റ്റോപ് ബട്ടണുണ്ട്. ഇങ്ങനെയുള്ള ഫീച്ചറുകളെ കുറിച്ചെല്ലാം ഇതുപോഗിക്കുന്നവര്‍ അറിഞ്ഞിരിക്കണം.
വെള്ളം...
നേരത്തെ സൂചിപ്പിച്ചത് പോലെ ട്രെഡ്മില്‍ വച്ചിരിക്കുന്നതിന്‍റെ സമീപത്തൊന്നും വെള്ളം വയ്ക്കരുത്. പാത്രത്തിലോ കുപ്പിയിലോ ഒക്കെ ആയാല്‍ പോലും വെള്ളം ലീക്കായാലും അത് മെഷീനില്‍ നിന്ന് ഷോക്കേല്‍ക്കുന്നതിന് കാരണമായി വന്നാലോ! അതിനാല്‍ ഒരു സുരക്ഷാ മുന്നൊരുക്കം എന്ന നിലയില്‍ വെള്ളമോ മറ്റ് പാനീയങ്ങളോ മെഷീനിന് അടുത്ത് വയ്ക്കാതിരിക്കുക.
Also Read:- കൊവിഡ് ബാധിച്ചതിന് ശേഷം കാര്‍ഡിയാക് അറസ്റ്റ്; പഠനങ്ങളെ കുറിച്ച് കേന്ദ്രം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-