സാനിറ്റൈസര്‍ ദേഹത്ത് വീണതിന് പിന്നാലെ തീപ്പിടുത്തം; മദ്ധ്യവയസ്‌കന്‍ ആശുപത്രിയില്‍

Web Desk   | others
Published : Mar 30, 2020, 11:27 PM IST
സാനിറ്റൈസര്‍ ദേഹത്ത് വീണതിന് പിന്നാലെ തീപ്പിടുത്തം; മദ്ധ്യവയസ്‌കന്‍ ആശുപത്രിയില്‍

Synopsis

അടുക്കളയില്‍ ഭാര്യം പാചകം ചെയ്തുകൊണ്ടിരിക്കെ അതിനടുത്ത് നിന്നായിരുന്നു ഇദ്ദേഹം സാനിറ്റൈസര്‍ ഉപയോഗിച്ച് സാധനങ്ങള്‍ വൃത്തിയാക്കിക്കൊണ്ടിരുന്നത്. ഇതിനിടെ കയ്യില്‍ നിന്ന് കുപ്പി മറിഞ്ഞ് സാനിറ്റൈസര്‍ ദേഹത്തേക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ ഗ്യാസടുപ്പില്‍ നിന്ന് വസ്ത്രത്തിലേക്ക് തീ പടരുകയും ചെയ്തു

കൊറോണ വൈറസ് പകരുന്നത് തടയാന്‍ പ്രതിരോധ മാര്‍ഗമെന്നോണം നമ്മള്‍ ഉപയോഗിക്കുന്ന ഒന്നാണ് ആല്‍ക്കഹോള്‍ അടങ്ങിയ ഹാന്‍ഡ് സാനിറ്റൈസര്‍. കൈകള്‍ അണുവിമുക്തമാക്കാനാണ് ഇത് ഉപയോഗിക്കുന്നത്. അതിനൊപ്പം തന്നെ നമ്മള്‍ നിരന്തരം ഉപയോഗിക്കുന്ന മൊബൈല്‍ ഫോണ്‍, വാലറ്റ് തുടങ്ങിയവയും ഇടവിട്ട് സാനിറ്റൈസ് ചെയ്യണമെന്ന് ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശമുണ്ടായിരുന്നു.

അതേസമയം തന്നെ സാനിറ്റൈസര്‍ ഉപയോഗിക്കുമ്പോള്‍ ഏറെ ശ്രദ്ധിക്കണമെന്നും അല്ലാത്ത പക്ഷം ഇത് അപകടങ്ങള്‍ക്ക് ഇടയാക്കുമെന്നും വിദഗ്ധര്‍ സൂചിപ്പിച്ചിരുന്നു. അത്തരമൊരു അപകടമാണ് ഹരിയാനയില്‍ നിന്ന് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

ഫോണും താക്കോല്‍ക്കൂട്ടവും പോലുള്ള സാധനങ്ങള്‍ സാനിറ്റൈസ് ചെയ്യുന്നതിനിടെ സാനിറ്റൈസര്‍ ദേഹത്തേക്ക് മറിഞ്ഞതിന് പിന്നാലെ തീ പടര്‍ന്ന് നാല്‍പത്തിനാലുകാരന് പൊള്ളലേറ്റുവെന്നാണ് ഈ വാര്‍ത്ത. ഹരിയാനയിലെ രിവാരിയിലാണ് സംഭവം നടന്നിരിക്കുന്നത്. 

അടുക്കളയില്‍ ഭാര്യം പാചകം ചെയ്തുകൊണ്ടിരിക്കെ അതിനടുത്ത് നിന്നായിരുന്നു ഇദ്ദേഹം സാനിറ്റൈസര്‍ ഉപയോഗിച്ച് സാധനങ്ങള്‍ വൃത്തിയാക്കിക്കൊണ്ടിരുന്നത്. ഇതിനിടെ കയ്യില്‍ നിന്ന് കുപ്പി മറിഞ്ഞ് സാനിറ്റൈസര്‍ ദേഹത്തേക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ ഗ്യാസടുപ്പില്‍ നിന്ന് വസ്ത്രത്തിലേക്ക് തീ പടരുകയും ചെയ്തു. ഏതാണ്ട് 35 ശതമാനം പൊള്ളലേറ്റിട്ടുണ്ടെന്നാണ് ഇദ്ദേഹം ചികിത്സയിലുള്ള, ദില്ലിയിലെ സര്‍ ഗംഗ രാം ആശുപത്രിയില്‍ നിന്നുള്ള റിപ്പോര്‍ട്ട്. 

 

 

മുഖത്തും കഴുത്തിലും നെഞ്ചിലും വയറിലും ഇരുകൈകളും പൊള്ളലേറ്റിട്ടുണ്ട്. എങ്കിലും അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിക്കുന്നു. 

ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസര്‍ ഉപയോഗിക്കുമ്പോള്‍...

ഹാന്‍ഡ് സാനിറ്റൈസര്‍ അണുവിമുക്തമാക്കാനുപയോഗിക്കുന്ന ലായനിയാണെങ്കില്‍ കൂടി അതിനെ ഒരിക്കലും ഒരു മരുന്നായോ, അല്ലെങ്കില്‍ അത്തരത്തില്‍ എപ്പോഴും സുരക്ഷിതമായി കരുതാവുന്ന ഒന്നായോ കണക്കാക്കരുതെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ഇപ്പോഴും നിരുത്തരവാദപരമായി ഇത് ഉപയോഗിക്കുന്നവര്‍ ഏറെയാണ്. 

ചെറിയൊരു കുപ്പി സാനിറ്റൈസറാണെങ്കില്‍ പോലും അതില്‍ 'ഈഥൈല്‍ ആല്‍ക്കഹോള്‍' അളവ് വളരെ കൂടുതലായിരിക്കും. രണ്ട് ഔണ്‍സ് ബോട്ടിലിലാണെങ്കില്‍ ശരാശരി 62 ശതമാനം 'ഈഥൈല്‍ ആല്‍ക്കഹോള്‍' അടങ്ങിയിരിക്കും. നമ്മളെ അപകടപ്പെടുത്താന്‍ ഇത്രയും തന്നെ വേണമെന്നില്ല. ചെറിയ ഡോസ് ആണെങ്കില്‍ പോലും അത് ഉള്ളിലേക്ക് ചെന്നാല്‍ ഗുരുതരമായ പ്രശ്‌നമാണ്. 

കടുത്ത തലകറക്കം മുതല്‍ തലച്ചോറിന് പ്രശ്‌നം വരെ സംഭവിച്ചേക്കാവുന്ന അവസ്ഥകളുണ്ടായേക്കാം. പ്രത്യേകിച്ച് കുട്ടികളുടെ കാര്യത്തിലാണ് ഇത് തീര്‍ച്ചയായും ശ്രദ്ധിക്കേണ്ടത്. അപൂര്‍വ്വം കേസുകളില്‍ മരണം വരെ ഇതുമൂലം സംഭവിച്ചേക്കാമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു. 

 

 

അതുപോലെ ശ്രദ്ധിക്കേണ്ട മറ്റൊരപകടമാണ് ആല്‍ക്കഹോളടങ്ങിയ സാനിറ്റൈസര്‍ മൂലമുണ്ടാകുന്ന തീപിടുത്തം. നേരത്തേ സൂചിപ്പിച്ച സംഭവത്തില്‍ നടന്നതും ഇതുതന്നെ. നിര്‍ബന്ധമായും തീ കത്തുന്നിടത്ത് നിന്ന് സാനിറ്റൈസര്‍ ഉപയോഗിക്കുകയോ അത് സൂക്ഷിക്കുകയോ ചെയ്യരുത്. അടുക്കളയില്‍ സാനിറ്റൈസര്‍ സൂക്ഷിക്കുകയോ അവിടെ വച്ച് ഉപയോഗിക്കുകയോ ചെയ്യരുത്. വളരെ പെട്ടെന്ന് തന്നെ തീ കത്തിപ്പിടിക്കാന്‍ ഇത് ഇടയാക്കും. അനിയന്ത്രിതമായി തീ പടരുന്നതോടെ അപകടത്തിന്റെ തീവ്രതയും വലിയ തോതില്‍ വര്‍ധിക്കാം. 

സാനിറ്റൈസറിന്റെ ഒഴിഞ്ഞ കുപ്പിയും കത്തിക്കാന്‍ വേണ്ടി എടുത്ത് വയക്കരുത്. അതിനകത്ത് ലായനിയുടെ അംശങ്ങള്‍ കിടപ്പുണ്ടായിരിക്കും. അതും തീ കത്തിപ്പിടിക്കാന്‍ കാരണമാകും. ഉപയോഗത്തിന് ശേഷം ധാരാളം തണുത്ത വെള്ളമൊഴിച്ച് പല വട്ടം കുപ്പി കഴുകിയെടുക്കണം. തുടര്‍ന്ന് റീസൈക്കിള്‍ ചെയ്യാനുള്ള പ്ലാസ്റ്റിക്കിന്റെ കൂട്ടത്തിലേക്ക് മാറ്റുന്നതാണ് നല്ലത്. നന്നായി കഴുകിയെടുത്ത കുപ്പി പിന്നീട് കത്തിക്കാവുന്നതാണ്. എങ്കില്‍ പോലും പരമാവധി ഇത് ചെയ്യാതിരിക്കാന്‍ ശ്രമിക്കാം. 

അതിനാല്‍ സാനിറ്റൈസര്‍ ഉപയോഗിക്കും മുമ്പ് അതിന്മേല്‍ എഴുതിയിരിക്കുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി വായിക്കുക. അതനുസരിച്ച് മാത്രം സൂക്ഷിക്കുക. അതുപോലെ ലോകാരോഗ്യ സംഘടനയുള്‍പ്പെടെ സാനിറ്റൈസര്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് പല അംഗീകൃത സംഘടനകളും ഗൈഡ്‌ലൈനുകളിറക്കിയിട്ടുണ്ട്. അവയും വായിച്ച് മനസിലാക്കാവുന്നതാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

അനീമിയ : ശരീരം കാണിക്കുന്ന ഏഴ് ലക്ഷണങ്ങൾ
കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ചെയ്യേണ്ട 6 ദൈനംദിന ശീലങ്ങൾ