ആദ്യം ചെറിയ കുത്തുകള്‍- പിന്നീട് അവസ്ഥയാകെ മാറി; ജീവിതം അട്ടിമറിച്ച അനുഭവത്തെ കുറിച്ച്...

Published : Jun 19, 2023, 10:13 PM IST
ആദ്യം ചെറിയ കുത്തുകള്‍- പിന്നീട് അവസ്ഥയാകെ മാറി; ജീവിതം അട്ടിമറിച്ച അനുഭവത്തെ കുറിച്ച്...

Synopsis

സോറിയാസിസ് എന്ന ചര്‍മ്മരോഗം വളരെ ഗുരുതരമായി ബാധിച്ചയൊരു വ്യക്തിയാണ് ബിജു. അപ്രതീക്ഷിതമായി രോഗം തന്നെ കീഴ്പ്പെടുത്തിയപ്പോള്‍ എത്തരത്തിലാണ് അതില്‍ നിന്ന് പോരാടി പുറത്തുവന്നത് എന്നതിനെ കുറിച്ചാണ് ബിജു കുറിച്ചിരിക്കുന്നത്. 

ജീവിതത്തില്‍ എന്ത് പരീക്ഷണം വന്നാലും അസുഖങ്ങള്‍ മാത്രം വരല്ലേ എന്ന് മിക്കവരും പറയാറുണ്ട്. അത്രമാത്രം അസുഖങ്ങളോട് നമുക്ക് പേടിയാണ്. ആരോഗ്യം ബാധിക്കപ്പെട്ടാല്‍ അത് ജോലിയെ ബാധിക്കും, സാമ്പത്തിക ബാധ്യത വരും, അതല്ലെങ്കില്‍ സ്വന്തം കാര്യങ്ങള്‍ പോലും ചെയ്യാനാകാതെ മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരും- ഇങ്ങനെ പലവിധ പേടികളാണ് രോഗങ്ങളെ കുറിച്ചോര്‍ക്കുമ്പോള്‍ അധികപേരും നേരിടുന്നത്. 

എന്നാല്‍ അസുഖങ്ങള്‍ പിടിപെടുന്നതും അത് ഭേദമാകുന്നതോ അല്ലെങ്കില്‍ ഗുരുതരമാകുന്നതോ ഒന്നും പലപ്പോഴും നമ്മുടെ നിയന്ത്രണത്തില്‍ അല്ലല്ലോ. പക്ഷേ ക്ഷമയോടെയും ധൈര്യത്തോടെയും അസുഖങ്ങളെ നേരിടാൻ സാധിക്കുകയെന്നതാണ് പ്രധാനം. ആത്മവിശ്വാസം കൈവിടാതെ നിന്ന് പോരാടാൻ സാധിക്കണം. 

ഈ സന്ദേശമാണ് കണ്ണൂര്‍ പാനൂര്‍ നിള്ളങ്ങല്‍ സ്വദേശി ബിജു ഫേസ്ബുക്കിലൂടെ പങ്കുവച്ചൊരു അനുഭവക്കുറിപ്പ് നമ്മളിലേക്ക് കൈമാറുന്നത്. സോറിയാസിസ് എന്ന ചര്‍മ്മരോഗം വളരെ ഗുരുതരമായി ബാധിച്ചയൊരു വ്യക്തിയാണ് ബിജു. അപ്രതീക്ഷിതമായി രോഗം തന്നെ കീഴ്പ്പെടുത്തിയപ്പോള്‍ എത്തരത്തിലാണ് അതില്‍ നിന്ന് പോരാടി പുറത്തുവന്നത് എന്നതിനെ കുറിച്ചാണ് ബിജു കുറിച്ചിരിക്കുന്നത്. 

സോറിയാസിസ് പോലുള്ള രോഗങ്ങളെ കുറിച്ച് സമൂഹത്തില്‍ ഒരു വിഭാഗം പേര്‍ ഇന്നും വികലമായ ധാരണകളുമായി മുന്നോട്ട് പോകുന്നുണ്ട്. ചൊറി വന്നതാണെന്നും, ഇത് പകരുമെന്നുമെല്ലാം പറഞ്ഞ് രോഗിയെ മാറ്റിനിര്‍ത്തുന്നവരുണ്ട്. മുഖത്ത് പോലും നോക്കി അത്തരത്തില്‍ പെരുമാറുന്നവരുണ്ട്. ഇങ്ങനെയുള്ള ഏറ്റവും മോശമായ കാഴ്ചപ്പാടുകള്‍ മാറുന്നതിനും, അസുഖങ്ങള്‍ ബാധിക്കപ്പെട്ടാല്‍ ധൈര്യസമേതം അതിനെ പോരാടിത്തോല്‍പിക്കാൻ മറ്റുള്ളവര്‍ക്ക് കരുത്തേകുന്നതിനും വേണ്ടിയാണ് താൻ സ്വന്തം അനുഭവം ഫേസ്ബുക്കില്‍ കുറിച്ചതെന്ന് ബിജു പറയുന്നു. 

'പലരും ഇങ്ങനെയുള്ള രോഗങ്ങള്‍ വരുമ്പോള്‍ രഹസ്യമാക്കി വയ്ക്കും. രോഗം മാറിയാല്‍ പോലും അത് തുറന്നുപറയില്ല. ഈയൊരു സാഹചര്യം കണക്കിലെടുത്താണ് ഞാൻ എന്‍റെ കാര്യം തുറന്ന് പങ്കുവയ്ക്കുന്നത്. അത് എത്ര പേരിലേക്ക് എത്തുന്നുവോ അത്രയും സന്തോഷമാണ്. ആര്‍ക്കെങ്കിലും നമ്മുടെ അനുഭവം ഒരു പഠനമോ അല്ലെങ്കില്‍ പ്രതീക്ഷയോ നല്‍കിയാല്‍ അത് നല്ലതല്ലേ. ഏത് അസുഖം വന്നാലും നമ്മുടെ ആത്മധൈര്യമാണ് പ്രധാനം. എനിക്ക് പല പ്രശ്നങ്ങളും പറ്റിയേക്കാമെന്ന അവസ്ഥയുണ്ടായിരുന്നു. ആന്തരീകാവയവങ്ങള്‍ ബാധിക്കപ്പെടാമായിരുന്നു. എന്നാല്‍ അത്രയും ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ എന്നെ അന്ന് അറിയിച്ചിരുന്നില്ല. അവര്‍ ധൈര്യമായി ഇരിക്കാൻ പറഞ്ഞു. ഞാനത് അനുസരിച്ചു....' -ബിജു പറയുന്നു. 

രോഗബാധയെ തുടര്‍ന്ന് വിദേശത്തുണ്ടായിരുന്ന ജോലിയുപേക്ഷിക്കേണ്ടി വന്നയാളാണ് ബിജു. ഇപ്പോഴും ചികിത്സ തുടരുന്നുണ്ട്. പക്ഷേ വൈകാതെ തന്നെ തിരികെ വിദേശത്തേക്ക് ജോലിക്കായി പോകാനാകുമെന്നാണ് ഇദ്ദേഹം പറയുന്നത്. 

ബിജു നിള്ളങ്ങല്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ്...

സോറിയാസിസ്...

ദുബായിൽ ജോലി ചെയ്യവേ 2022 ആഗസ്ത് 28 നാണ് ശരീരത്തിൽ അങ്ങിങ്ങായി കറുത്ത കുത്തുകൾ കാണപ്പെട്ടത്. വല്ല ഭക്ഷണത്തിന്‍റെയും അലർജി ആവുമെന്ന് കരുതി. പക്ഷെ പാടുകളുടെ എണ്ണം കൂടിക്കൂടി വന്നു. തുടർന്ന് ദുബായിൽ ഒരു ക്ലിനിക്കിൽ കാണിച്ചു. ചൂടിന്‍റെയോ അല്ലെങ്കിൽ ഭക്ഷണത്തിന്‍റെയോ അലർജി ആവും എന്ന് ഡോക്ടർ പറ‍ഞ്ഞു. ശരീരത്തിൽ പുരട്ടാൻ മരുന്നും ഓയിൽമെന്‍റും തന്നു. പക്ഷെ ഫലമുണ്ടായില്ല. രോഗം കൂടിക്കൂടി വന്നു.

സെപ്റ്റംബർ 5ന് ദുബായ് ആസ്റ്റർ ഹോസ്പിറ്റലിൽ കാണിച്ചു. മലയാളി ഡോക്ടർ സുമി തോമസ് ആയിരുന്നു ചികിൽസിച്ചത്. അലർജിക്കുള്ള ഇൻജെക്ഷൻ ചെയ്തു. രക്തം ടെസ്റ്റ്‌ ചെയ്തു, മറ്റ് ടെസ്റ്റുകളും ഒപ്പം ഗുളികയും. ശരീരം ഡ്രൈ ആവാതിരിക്കാനുള്ള ഓയിൽ മെന്റും തന്നു. ശരീരത്തിലെ കറുത്ത കുത്ത് മാറി ശരീരം മുഴുവൻ പഴുപ്പ് ബാധിച്ചതുപോലെ ആയി ചുവന്നു തുടുത്തു.

രണ്ടാമത്തെ ആഴ്ച വീണ്ടും ആസ്റ്ററിൽ. ലൈംഗിക രോഗം ആണോ എന്നറിയാൻ സിഫിലിസ് ടെസ്റ്റ്‌ കൂടാതെ രക്തം ടെസ്റ്റ്‌ ചെയ്തു. പിന്നെ ആന്തരിക അവയവങ്ങളുടെ ടെസ്റ്റ്‌. യൂറിൻ ടെസ്റ്റും. ഇത് PRP എന്നൊരു അലർജി രോഗം ആണെന്ന് ഡോക്ടർ പറഞ്ഞു. ഇത് മാറി വരാൻ രണ്ട് മാസത്തോളം ചികിത്സ വേണ്ടി വരും എന്നും.  മദ്യം, പുകവലി, മറ്റ് ലഹരി ഒന്നും പാടില്ല. പച്ചക്കറി മാത്രം കഴിക്കാൻ നിർദേശം.

മൂന്നാമത്തെ ആഴ്ച വീണ്ടും കുറെ പരിശോധന. ഇത് സോറിയാസിസ് ഗണത്തിൽ പെട്ട രോഗമാണ്, മാറാൻ ഇത്തിരി കാലതാമസം വേണ്ടിവരും എന്ന് പറഞ്ഞു. അപ്പോഴേക്കും മുഖത്തും ശരീരം മൊത്തം അടക്കം തൊലി പൊളിഞ്ഞു വരാൻ തുടങ്ങി. ശരീരം ഷീണിച്ചുതുടങ്ങി. ആദ്യ ഘട്ടം പുറത്താണ് വന്നതെങ്കിൽ പിന്നീട് മുഖത്തും നെഞ്ചിലും ഇരുകയ്യിലും വന്നു. തുടർന്ന് അരയ്ക്ക് താഴോട്ട് വ്യാപിച്ചു. അര മുതൽ കാൽ പാദം വരെ പഴുപ്പ് പോലെ വന്ന് തൊലി പൊളിഞ്ഞ് ചൊറിച്ചിലും നീറ്റലുമായി. കാല് വിണ്ടുകീറി ചോര വന്നു തുടങ്ങി.

നാലാമത്തെ ആഴ്ച. പേടിക്കേണ്ട, ഇതിന് നാലുഘട്ടങ്ങൾ ഉണ്ടെന്നു ഡോക്ടർ. ആദ്യഘട്ടം പഴുപ്പ് പോലെ. പിന്നീട് തൊലി ഉരിഞ്ഞ് പൊളിഞ്ഞു പോവും, ശരീരം മുഴുവൻ ചോര നിറമായിരിക്കും. പിന്നീട് തൊലി പൊടി പൊടിയായി ശരീരത്തിൽ നിന്നും പൊളിഞ്ഞുപോവും.  ഈ സമയങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണം. ശരീരത്തിൽ കൂടുതൽ പ്രോട്ടീൻ വേണം. ശരീരം ഡ്രൈ ആവാതെ നോക്കണം. മനസ് എപ്പോഴും സന്തോഷത്തിൽ ആയിരിക്കണം എന്ന് നിർദേശം.

ഡോക്ടർ പറഞ്ഞത് എല്ലാം അനുസരിച്ച് മരുന്ന് തുടർന്നു. 7ാമത്തെ ആഴ്ച ഫലം കണ്ടു തുടങ്ങി. മുഖത്തുള്ളത് പോയി തുടങ്ങി. പിന്നീട് പുറത്തുള്ളത്. പതിയെ പതിയെ കൈ, നെഞ്ച്, വയർ... അങ്ങനെ...

ഈ അസുഖം വന്ന അന്നുമുതൽ ജോലിക്ക് പോവാൻ കഴിഞ്ഞില്ല. ചികിത്സ വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കി. (എല്ലാവരും സഹായിച്ചു അതെക്കുറിച്ച് പിന്നീട് എഴുതാം..) അങ്ങിനെ..

ഡോക്ടറുമായി സംസാരിച്ച് നാട്ടിൽ പോവുന്നതാണ് നല്ലത്, പൂർണ്ണമായും മാറാൻ ഇനിയും ഒരുപാട് സമയം വേണ്ടിവരും എന്ന് പറഞ്ഞു. ഒരു വിധം മറ്റുള്ളവർക്ക് കാണാൻ പറ്റുന്ന രൂപത്തിലായി നവംബർ 20ന് നാട്ടിലേക്ക്.

എന്‍റെ രൂപം കണ്ടാവാം എയർപോർട്ടിൽ അവരെന്നെ തടഞ്ഞു നിർത്തി. അലർജി രോഗമാണെങ്കിൽ പോവാൻ പറ്റില്ലെന്ന് പറഞ്ഞു. എയർ ഇന്ത്യ എക്സ്പ്രസ്സിന്‍റെ ഓഫീസിൽ മാനേജരുമായി സംസാരിച്ചു. ചികിൽസിച്ച ഡോക്ടറുടെ സർട്ടിഫിക്കറ്റ് വേണം. വിടാൻ വേണ്ടി കയ്യും കാലും പിടിച്ചു. അതിനിടെ ഒരു മലയാളി ഉദ്യോഗസ്ഥൻ ഇടപെട്ടു. അങ്ങനെ എയർപോർട്ട് മെഡിക്കൽ ഡോക്ടർ വന്നു ചെക്ക് ചെയ്തു.  എന്‍റെ കയ്യിലുള്ള മെഡിക്കൽ രേഖകൾ പരിശോധിച്ചു. കൂടെ ആ മലയാളി മനസും എനിക്ക് വേണ്ടി ഡോക്ടറോട് അപേക്ഷിച്ചു.
 
ഒടുവിൽ ഒരു നിർദേശമായി. പോവാം... പക്ഷെ ഒറ്റക്ക് ഒരു സീറ്റിൽ ഏറ്റവും പിറകിൽ ഇരിക്കണം. മാത്രവുമല്ല ഏറ്റവും അവസാനം ഫ്ലൈറ്റിൽ കയറിയാൽ മതി. കാലിനും കൈക്കും ഗ്ലൗസ് ഇടണം. എന്ത് ആരോഗ്യ പ്രശ്നം ഉണ്ടേലും എയർ ഹോസ്റ്റസിനെ അറിയിക്കണം. സീറ്റിന് അടിയിൽ ഓക്സിജൻ- മറ്റ് സംവിധാനങ്ങൾ ഉണ്ട്, ഒന്നും കൊണ്ടും പേടിക്കരുത്. യാത്രയിൽ രോഗി ഉണ്ടെന്ന് ഫ്ലൈറ്റിൽ എയർ ഹോസ്റ്റസുമാരെ അറിയിച്ചിട്ടുണ്ട്. അവരെന്നെയും കൂട്ടി ഫ്ലൈറ്റിലേക്ക്...

കോഴിക്കോട് വിമാനം ഇറങ്ങി നേരെ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ ഡോക്ടർ അഭയ് മണി മാർട്ടിൻ ആയിരുന്നു ചികിത്സ. എല്ലാ മെഡിക്കൽ റിപ്പോർട്ടും പരിശോധിച്ചു.. ബയോപ്‌സി ചെയ്തു. മറ്റ് മരുന്നുകളും തന്നു. ബയോപ്‌സി റിസൾട്ടിൽ സോറിയാസിസിന്‍റെ നേരിയ കണ്ടന്‍റ്.  പിന്നെ ഷുഗറും കൊളസ്ട്രോളും കുറയാനുള്ള മരുന്ന് തുടങ്ങി. ആഴ്ച തോറും ഇൻജെക്ഷൻ ചെയ്യണം എന്ന് പറഞ്ഞു. അങ്ങനെ നാല് ഇൻജെക്ഷൻ.

ഒരു മാസം. അവിടെ പക്ഷെ ഒരു പുരോഗതിയും ഉണ്ടായില്ല. ഇതിനിടെ കോഴിക്കോട് മിംസ് ഹോസ്പിറ്റലിലെ പവിത്രൻ ഡോക്ടറുടെ ചികിത്സക്കായി ബുക്ക്‌ ചെയ്തു. ഡോക്ടറോട് സംസാരിച്ചപ്പോൾ വേറൊരു വില കൂടിയ ഇൻജെക്ഷൻ ( Scapho ) ഉണ്ടെന്നും അതിന് ഒരു ഡോസിനു 40,000 രൂപ വില വരുമെന്നും പറഞ്ഞു. 100 മില്ലി വെച്ച് നാലുമാസവും 150 മില്ലി വെച്ച് ഏതാണ്ട് ആറുമാസവും ചെയ്യണം എന്ന് പറഞ്ഞു. പിന്നീട് ആറു മാസത്തിൽ ഒരിക്കൽ. ഇതിന് ലക്ഷങ്ങൾ ചിലവ് വരുമെന്നതുകൊണ്ട് ദുബായിൽ പരിശോധിച്ച ഡോക്ടർ സുമി തോമസുമായി സംസാരിച്ചതിന്‍റെ അടിസ്ഥാനത്തിൽ കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ കാണിക്കാൻ തീരുമാനിച്ചു.

ഇതിനിടെ ശരീരികമായി ഷീണിച്ചു. രോമങ്ങൾ കൊഴിഞ്ഞു തുടങ്ങി. നഖങ്ങൾ മുഴുവൻ കറുത്തു. എപ്പോഴും ചെറിയ തല കറക്കം. തൊലി പൊളിഞ്ഞുപോയത് കാരണം ചൂടിലും ശരീരം എപ്പോഴും കുളിര് കോരി കൊണ്ടു നിന്നു. പുതയ്ക്കാതെ വണ്ടിയിൽ പോവാൻ പറ്റാത്ത അവസ്ഥയായി. ചൂടുള്ള ഒന്നും കൈകൊണ്ട് എടുക്കാൻ പറ്റാതായി.

പരിയാരം മെഡിക്കൽ കോളേജിൽ ഡെര്‍മറ്റോളജിസ്റ്റ് ഡോക്ടർ രാധാകൃഷ്ണൻ സാറിന്‍റെ നേതൃത്വത്തിൽ ഉള്ള ഡോക്ടർമരുടെ ഒരു വലിയ ടീം ചികിത്സ ആരംഭിച്ചു. രക്തം അടക്കം എല്ലാ ടെസ്റ്റുകളും ചെയ്തു. ബയോപ്‌സി ചെയ്തതിൽ PRP with സോറിയാസിസ് ആണ് രോഗമെന്ന് ഉറപ്പിച്ച് ചികിത്സ തുടങ്ങി. മരുന്നുകൾ നല്ലരീതിയിൽ പ്രതികരിച്ചു തുടങ്ങി. ആഴ്ചകൾ വെച്ച് മാറ്റങ്ങൾ വന്നു തുടങ്ങി. ഏകദേശം നാലഞ്ച് മാസം കൊണ്ട് തൊലി പൊടിപോലെ കൊഴിഞ്ഞുവീഴുന്നത് കുറയാൻ തുടങ്ങി. ശരീരത്തിലെ എല്ലാ പാടുകളും പോയി തുടങ്ങി. പതിയെ പതിയെ ആരോഗ്യത്തിലേക്ക് തിരിച്ചു വന്നു തുടങ്ങി. 80% രോഗം ഭേദമായി.

അതിനിടെ മിംസിൽ ബുക്ക്‌ ചെയ്ത എന്റെ അപ്പോയിൻമെന്‍റ്  ആയി. പവിത്രൻ ഡോക്ടറെ കണ്ടു. അതുവരെയുള്ള എല്ലാം കാര്യങ്ങളും അദ്ദേഹത്തെ പറഞ്ഞുധരിപ്പിച്ചു. ഒന്നും പേടിക്കാനില്ല ഒരു മാസം കൊണ്ട് ഇത് പൂർണ്ണമായും പോവുമെന്ന് പറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളേജ് സ്വന്തമായി നിർമിച്ച ഒരു ക്രീം പുരട്ടാൻ തന്നു. പിന്നെ Dermosoftശരീരത്തിൽ നല്ല മാറ്റം വരുത്താൻ തുടങ്ങി. ഡോക്ടർ പറഞ്ഞതുപോലെ എല്ലാം അനുസരിച്ചു. 

ഇപ്പോൾ ഞാൻ 98% ഓക്കേ ആണ്. ശരീരത്തിൽ ഒരു പാടുപോലും ഇല്ല. പുതിയ തൊലി വന്നു, രോമങ്ങൾ വന്നു, നഖം വന്നു, ശുക്ലം വന്നു. നല്ല ഊർജസ്വലമായി എല്ലാ ഭക്ഷണവും കഴിക്കുന്നുണ്ട്.  എല്ലാം പഴയതുപോലെ ജീവിതത്തിലേക്ക് തിരിച്ചു വന്നു. അതായത് പിന്നിട്ട ഒരു വർഷം കൊണ്ട്...

രോഗത്തിന്‍റെ കാരണം ഡോക്ടർ മാർപറഞ്ഞത്....

1... ഇതൊരു പാരമ്പര്യ രോഗമായി വരാം.
2... മുമ്പ് കുടിച്ച മരുന്നുകളുടെ പ്രതികരണം ആവാം.
3... അമിതമായ ചൂട് കൊണ്ടാവാം.
4.... നമ്മുടെ ശരീരത്തിൽ ഒരു മാസം കൊണ്ട് വിഘടിക്കേണ്ട കോശം ഏതെങ്കിലും സാഹചര്യം ഒറ്റ ദിവസം കൊണ്ട് ശരീരത്തിൽ ഒരു സ്ഫോടനം പോലെ വിഘടിച്ചാൽ ഇങ്ങിനെ സംഭവിക്കാം.
5... രക്തത്തിൽ വല്ല വൈറസ്/ അണുക്കൾ എന്നിവ കലർന്നാൽ ഇതുപോലെ സംഭവിക്കാം.
6... ചില കടൽ മത്സ്യങ്ങൾ കഴിച്ചാൽ, ചില ചുവന്ന ഇറച്ചി, ബീഫ്, മട്ടൻ പോലുള്ളത് കഴിച്ചാൽ ഇങ്ങിനെ സംഭവിക്കാം.

ഇങ്ങനെ കാരണങ്ങൾ ഒരുപാടാണ്...

സോറിയാസിസ് പല രൂപത്തിൽ ഉണ്ട്. പെട്ടെന്ന് മാറുന്നവ, വർഷങ്ങളോളം നില നിൽക്കുന്നവ, ഇടയ്ക്ക് വന്നു പോവുന്നവ. എനിക്ക് ശരീരത്തിൽ വന്നത് സോറിയാസിസിന്‍റെ കൂട്ടത്തിലുള്ള PRPഎന്നു പേരുള്ള ഒരു രോഗമാണ്. സോറിയാസിസിന്‍റെ അതെ രൂപഭാവമുള്ള  രോഗം. സോറിയാസിസ് ഒരിക്കലും ഒരു സുപ്രഭാതം കൊണ്ട് വരികയില്ല. തലയിൽ താരനായി, പിന്നെ കഴുത്തിന് പിന്നിൽ, കൈ മുട്ട് ,കാൽ മുട്ട്... അങ്ങിനൊക്കെയാണ്...  അത് ഓരോ ശരീരത്തിന്‍റെ ഘടന പോലിരിക്കും.

ഏതായാലും എന്‍റെ രോഗം ഇന്ന് പൂർണ്ണമായി മാറി. പലരും ഈ രോഗത്തെക്കുറിച്ച് അറിയാൻ നേരിട്ട് വിളിക്കുകയും മെസ്സേജ് അയക്കുകയും ഉണ്ടായി. അതുകൊണ്ടാണ് ഇങ്ങനൊരു എഴുത്ത്. ഇതാണ് ഈ അസുഖവുമായി ബന്ധപ്പെട്ട് എന്‍റെ അനുഭവം.

ഡോക്ടർ :: സുമി തോമസ് 
ഡോക്ടർ :: അഭയ് മണി മാർട്ടിൻ
ഡോക്ടർ : രാധാകൃഷ്ണൻ and ടീം
ഡോക്ടർ :: പവിത്രൻ കോഴിക്കോട്

എന്നെ എനിക്ക് തിരിച്ചു നൽകിയതിൽ എല്ലാവരോടും ഹൃദയം കൊണ്ട് നന്ദിപറയുന്നു...

 

Also Read:- എത്ര വില കൊടുത്തും വാങ്ങും; രോമം കൊഴിഞ്ഞ് 'ഭംഗി' പോകുമ്പോള്‍ വലിച്ചെറിയും തെരുവിലേക്ക്...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

 

PREV
click me!

Recommended Stories

മുടി തഴച്ച് വളരാൻ സഹായിക്കുന്ന എട്ട് ഭക്ഷണങ്ങൾ
നിസാരക്കാരനല്ല ആര്യവേപ്പ് ; അറിയാം ഏഴ് ആരോ​ഗ്യ​ഗുണങ്ങൾ