Asianet News MalayalamAsianet News Malayalam

എത്ര വില കൊടുത്തും വാങ്ങും; രോമം കൊഴിഞ്ഞ് 'ഭംഗി' പോകുമ്പോള്‍ വലിച്ചെറിയും തെരുവിലേക്ക്...

ഉപേക്ഷിക്കപ്പെടുന്ന നായ്ക്കളെ സംരക്ഷിക്കാൻ മുൻകയ്യെടുത്ത് പ്രവര്‍ത്തിക്കുന്ന പാലക്കാട് സ്വദേശി ജിനേഷാണ് ഈ നായയുടെ ചിത്രങ്ങളും മറ്റ് വിശദാംശങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. 

dog lover shares photos of a dachshund which looks really pathetic and abandoned without food hyp
Author
First Published Jun 1, 2023, 1:12 PM IST

വാരിയെല്ലുകള്‍ തെളിഞ്ഞുകാണും വിധം തൊലിയൊട്ടി അവശനായ ഒരു നായ. ദേഹം മുഴുവൻ പരുക്കുകളും പോറലുകളും കാണാം. ഭക്ഷണം കണ്ടിട്ട് ദിവസങ്ങളോളം ആയിട്ടുണ്ടെന്നത് വ്യക്തം. നമുക്ക് കണ്ടുനില്‍ക്കാൻ പോലുമാകില്ല ഈ കാഴ്ച.

എടപ്പാള്‍ - കുന്നംകുളം റൂട്ടില്‍ ചങ്ങരംകുളത്ത് നിന്നും എരമംഗലം പോകുന്ന റോഡില്‍ മൂക്കുതല കണ്ണെങ്കാവ് ക്ഷേത്ര പരിസരത്തായി ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ഡാഷ് ഹണ്ട് ഇനത്തില്‍ പെട്ട വളര്‍ത്തുനായ ആണിത്. നാല് ദിവസം മുമ്പാണ് ഈ നായയെ ഇതിന്‍റെ ഉടമസ്ഥര്‍ ഇവിടെ ഉപേക്ഷിച്ചതെന്ന് കരുതപ്പെടുന്നു. 

ഇങ്ങനെ ഉപേക്ഷിക്കപ്പെടുന്ന നായ്ക്കളെ സംരക്ഷിക്കാൻ മുൻകയ്യെടുത്ത് പ്രവര്‍ത്തിക്കുന്ന പാലക്കാട് സ്വദേശി ജിനേഷാണ് ഈ നായയുടെ ചിത്രങ്ങളും മറ്റ് വിശദാംശങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. 

എന്തെങ്കിലും രോഗം വന്ന ശേഷം രോമം കൊഴിഞ്ഞോ അല്ലെങ്കില്‍ തൊലിപ്പുറത്ത് ചൊറിയോ മറ്റോ വന്നോ 'ഭംഗി' നഷ്ടമാകുമ്പോള്‍ ഇത്തരത്തില്‍ വളര്‍ത്തുനായ്ക്കളെ തെരുവിലേക്ക് തള്ളുന്നത് പതിവാണെന്നാണ് ജിനേഷ് പറയുന്നത്. നാല് വര്‍ഷത്തോളമായി സജീവമായി ഈ വിഷയത്തില്‍ ഇടപെട്ട് പ്രവര്‍ത്തിക്കുന്നയാളാണ് ജിനേഷ്. 

'നമ്മുടെ കേരളത്തില്‍ തന്നെ എത്രയോ ആളുകളുണ്ട്- നമ്മുടെ കാലാവസ്ഥയ്ക്കോ അല്ലെങ്കില്‍ ജീവിത പരിസരങ്ങള്‍ക്കോ ഒന്നും യോജിക്കാത്ത ബ്രീഡിലുള്ള നായ്ക്കളെ വാങ്ങിക്കും. ഒരു ഷോയ്ക്ക് വേണ്ടി ആയതിനാല്‍ എത്ര വിലയും ഇതിന് കൊടുക്കും. എന്നിട്ട് പിന്നീട് ഇതിന് എന്തെങ്കിലും രോഗം വന്നാല്‍ കാണാനുള്ള ഭംഗി നഷ്ടപ്പെട്ടല്ലോ എന്ന വേവലാതിയില്‍ ഇതിനെയങ്ങ് വല്ലടത്തും കൊണ്ടുപോയി കളയും...

... വലിയ വീടും ബംഗ്ലാവും ഒക്കെയായിട്ട് വീടിന് മുന്നിലെ കൂട്ടില്‍ ചൊറിപ്പട്ടിയെ ആണോടാ ഇട്ടേക്കുന്നത് എന്ന നാട്ടുകാരുടെ ചോദ്യത്തിനെ അവര്‍ക്ക് ഫേസ് ചെയ്യാൻ വയ്യ. രോമമൊക്കെ കൊഴിഞ്ഞ് സ്കിൻ മുറിവൊക്കെ ആകുമ്പോള്‍ തന്നെ മിക്കവരും നായ്ക്കളെ കൂട്ടില്‍ നിന്നേ ഇറക്കാതാകും. എന്നിട്ട് വല്ലപ്പോഴും വല്ല ഭക്ഷണവും കൊടുക്കും. തരം കിട്ടുമ്പോള്‍ ഇതിനെ എവിടെയെങ്കിലും കൊണ്ടുപോയി നട തള്ളുകയും ചെയ്യും...'- താൻ നിത്യേനയെന്നോണം കാണുന്ന കാഴ്ചയെ കുറിച്ച് ജിനേഷ സങ്കടത്തോടെ പറയുന്നു. 

നമുക്ക് വളര്‍ത്താനുള്ള ചുറ്റുപാടില്ലെങ്കില്‍ നായ്ക്കളെ വാങ്ങാതിരിക്കുകയാണ് ചെയ്യേണ്ടതെന്ന് ജിനേഷ് പറയുന്നു. യുഎസില്‍ പോകുന്നു, കാനഡയില്‍ പോകുന്നു പട്ടിയെ ഒഴിവാക്കണം എന്നൊക്കെ പറഞ്ഞ് തനിക്ക് വരുന്ന കോളുകളെ കുറിച്ചും ജിനേഷ് പറയുന്നു.

'നമുക്ക് ഇവരോട് ആകെ പറയാനുള്ളത് നിങ്ങള്‍ക്ക് നായ്ക്കളെ വളര്‍ത്താനുള്ള സാഹചര്യം ഇല്ലെങ്കില്‍ ഒരു കൗതുകത്തിന്‍റെ പുറത്ത് നിങ്ങള്‍ നായ്ക്കളെ വാങ്ങാതിരിക്കുക. നാടൻ നായ്ക്കളെ പോലെയല്ല ബ്രീഡുകള്‍. ഏറെ കാലം വീട്ടില്‍ വളര്‍ന്ന ശേഷം പെട്ടെന്ന് നിങ്ങളതിന് റോഡിലേക്ക് ഇറക്കി വിടുമ്പോള്‍ അതിന് എങ്ങനെ അതിജീവിക്കണം എന്ന് പോലും അറിയുകയില്ല. കേരളത്തില്‍ നിലവില്‍ തെരുവുകളില്‍ ജര്‍മ്മൻ ഷെപ്പേഡിനെയോ പിറ്റ്‍ബുളിനെയോ വരെ തെരുവുനായ്ക്കളുടെ കൂട്ടത്തില്‍ കാണാം. കാരണം, എല്ലാം വീട്ടില്‍ നിന്ന് ഇതുപോലെ നട തള്ളുന്നതാണ്. പിന്നെ ഇവര്‍ക്ക് നാടനില്‍ ഉണ്ടാകുന്ന സങ്കരങ്ങളും കാണാം. ഇതെല്ലാം വളരെ പ്രധാനപ്പെട്ട വിഷയങ്ങളാണ്. ഇപ്പോള്‍ എടപ്പാളില്‍ കണ്ട ഡാഷ് തന്നെ ഏറ്റവും അവസാനം വിവരം കിട്ടുമ്പോള്‍ ഏതോ അഴുക്കുചാലില്‍ കയറി പേടിച്ച് ഒളിച്ചിരിക്കുകയാണത്രേ. ഇനിയതിനെ അവിടെ നിന്ന് രക്ഷപ്പെടുത്തിയെടുക്കല്‍ എത്ര പ്രയാസമാണെന്നോ, അവിടെ കിടന്ന് മരിക്കാനായിരിക്കും ഒരുപക്ഷേ അതിന്‍റെ യോഗം...'- ജിനേഷിന്‍റെ വാക്കുകള്‍.

ഇങ്ങനെ ഭക്ഷണം പോലും കൊടുക്കാതെ അത്രയും കാലം വളര്‍ത്തിയ നായയെ കണ്ണും പൂട്ടി തെരുവിലേക്ക് ഇറക്കിവിടുന്ന മനുഷ്യരുടെ മനസിനെ കുറിച്ചാണ് ജിനേഷിന്‍റെ സോഷ്യല്‍ മീഡിയ പോസ്റ്റിന് താഴെയും ഏവരും പറയുന്നത്. 

ഇതുപോലെ അവശനിലയിലായി കിട്ടുന്ന നായ്ക്കളെ സര്‍ക്കാര്‍ മൃഗാശുപത്രികളില്‍ കൊണ്ടുപോകുമ്പോള്‍ പലപ്പോഴും മതിയായ ചികിത്സാ സൗകര്യങ്ങള്‍ ഇല്ലാത്തത് മൂലം ചികിത്സ കിട്ടാറില്ലെന്നും സ്വകാര്യ ആശുപത്രികളിലെ ചെലവ് തന്നെ പോലുള്ള നായ സ്നേഹികള്‍ സ്വന്തം പോക്കറ്റില്‍ നിന്നാണ് എടുക്കുന്നതെന്നും ജിനേഷ് പറയുന്നു. നായ്ക്കളെ വന്ധ്യംകരിക്കുന്ന പരിപാടിയും അവര്‍ക്കുള്ള വാക്സിനേഷനും കൃത്യമായി നടപ്പിലാക്കുക- ഈ രണ്ട് കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്താല്‍ തന്നെ തെരുവുനായ ശല്യം അടക്കമുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുമെന്നും ജിനേഷ് പറയുന്നു. 

'നമ്മളൊക്കെ ചെറുപ്പം തൊട്ട് ഇതിലൊരു മനസുള്ളത് കൊണ്ടാണ് ഇങ്ങനെ തന്നെ തുടരുന്നത്. പക്ഷേ ഓരോ ദിവസവും പത്തും അമ്പതും കോളുകളൊക്കെ വരും. നമ്മളിതിന് ബാധ്യതപ്പെട്ട ആളുകളാണെന്ന രീതിയിലാണ് പലരും പെരുമാറുക. മറ്റ് മൃഗങ്ങളെ പോലെയൊന്നുമല്ല നായ്ക്കള്‍. അവര്‍ക്ക് വേട്ടയാടി ഭക്ഷണം കണ്ടെത്താൻ കഴിവില്ല. ഉണ്ടായിരുന്നെങ്കില്‍ അവര്‍ കാട്ടിലേ ജീവിക്കുമായിരുന്നുള്ളൂ. മനുഷ്യര്‍ക്കൊപ്പം അവര്‍ കഴിക്കുന്നതിന്‍റെ ബാക്കിയെന്താണോ അത് കഴിച്ച് മനുഷ്യരോട് അടുത്ത് ജീവിക്കുന്ന മൃഗങ്ങളാണ് നായ്ക്കള്‍. അവരെ നിരീക്ഷിച്ചാല്‍ നിങ്ങള്‍ക്ക് മനസിലാകും, മുഴുവൻ സമയവും അവ നിങ്ങളുടെ കാഴ്ചയിലൊക്കെ തന്നെ കാണും. അതായത് അവര്‍ നിങ്ങളെ ഒളിച്ച് എവിടെയും പോയി ഭക്ഷണം കണ്ടെത്തുന്നില്ല. നമ്മള്‍ എറിഞ്ഞുകൊടുക്കുന്നത് എന്താണോ അത് കഴിക്കാനേ അവര്‍ക്ക് അറിയൂ. അങ്ങനെ നോക്കിയാല്‍ നായ്ക്കളും കാക്കകളും ഒക്കെ മനുഷ്യരുടെ ജീവിതത്തിന്‍റെയും സമൂഹത്തിന്‍റെയും ഭാഗമാണ്. മനുഷ്യരോട് ഇത്രമാത്രം നന്ദിയോടെ പെരുമാറുന്ന മറ്റൊരു ജീവിയും ഇല്ല...

വളരെ ചുരുക്കം നായ്ക്കളിലാണ് പേ വിഷബാധയുണ്ടാകുന്നത്. പലപ്പോഴും നായ്ക്കള്‍ പരിഭ്രാന്തരായി ഓടുന്നതിനിടെ സംഭവിക്കുന്ന ചെറിയ ആക്രമണങ്ങള്‍ പോലും പേവിഷ ബാധയാക്കി മാറ്റുന്നത് കാണാറുണ്ട്. പിന്നെ തെരുവുനായ ആക്രമണം ഒക്കെ ട്രെൻഡാണ്. ഓരോ സമയത്ത് ഓരോ ട്രെൻഡ്. ഇപ്പോള്‍ ആനയാണല്ലോ ട്രെൻഡ്. പേവിഷബാധയുണ്ടാകുന്ന ഒരു ചെറിയ വിഭാഗം നായ്ക്കളുടെ പേരില്‍ മറ്റുള്ള എല്ലാ നായ്ക്കളെയും ക്രൂശിക്കുന്ന രീതി ശരിയല്ല. ആളുകള്‍ക്ക് പേടിയാണ് നായ്ക്കളെ. ശരിക്ക് പറഞ്ഞാല്‍ ഈ വന്ധ്യംകരണം കൃത്യമായി നടന്നാല്‍ ഇവ പെറ്റുപെരുകുന്നത് കുറയും. അതിലൂടെ ആളുകളുടെ പേടിയും കുറയ്ക്കാൻ സാധിക്കും. എന്നാല്‍ അതിനൊന്നും നിലവില്‍ ഒരു സംവിധാനം നമ്മുടെ നാട്ടിലില്ല. എന്നെങ്കിലും ഒക്കെ വരും എന്ന് പ്രതീക്ഷിക്കാം...'- ജിനേഷ് പറയുന്നു. 

ജിനേഷിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്...

 

Also Read:- 'കോടികളുടെ സമ്പാദ്യമല്ല, ഇങ്ങനെയൊരു ഹൃദയമാണ് സ്വത്ത്'; കണ്ണ് നനയിക്കുന്ന വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:- 

 

Follow Us:
Download App:
  • android
  • ios