കഴുത്തിന്റെ പിന്‍ഭാഗത്ത് ഉണ്ടായിരുന്ന ചെറിയ മറുകിനെ നിസാരമായി കണ്ടു; കുറെ നാൾ കഴിഞ്ഞപ്പോൾ സ്കിൻ ക്യാൻസറാണെന്ന് തിരിച്ചറിഞ്ഞു

By Web TeamFirst Published Nov 1, 2019, 9:26 AM IST
Highlights

കുറെ നാളുകൾക്ക് ശേഷമാണ് അത് മെലനോമ അഥവാ സ്കിന്‍ ക്യാൻസറാണെന്ന് കണ്ടെത്തിയത്. അതിന് ശേഷം നാല് ശസ്ത്രക്രിയകളും  40  ബയോപ്സികളും കഴിഞ്ഞുവെന്ന് റയാന്റെ ഭാര്യ ഫാലന്‍ ഫെയ്സ്ബുക്കില്‍ കുറിച്ച പോസ്റ്റിൽ പറയുന്നു. 

ശരീരത്തിൽ എവിടെയെങ്കിലും ഒരു കറുത്തപാടോ അല്ലെങ്കിൽ അസാധാരണമായ മറുകോ എന്തെങ്കിലും കണ്ടാൽ പലരും അത് നിസാരമായി കാണാറാണ് പതിവ്. അത് താനേ പോകുമെന്ന് കരുതിയിരിക്കും. പെർത്ത് സ്വദേശിയായ റയാന്‍ ഗ്ലോസാപിനും ഇത് തന്നെയാണ് സംഭവിച്ചത്. കഴുത്തിന്റെ പിന്‍ഭാഗത്ത് ഉണ്ടായിരുന്ന ആ ചെറിയ മറുക് റയാന്‍ കണ്ടിരുന്നുവെങ്കിലും അത് അത്ര വലിയ കാര്യമായി എടുത്തിരുന്നില്ല. 

കുറെ നാളുകൾക്ക് ശേഷമാണ് അത് മെലനോമ അഥവാ സ്കിന്‍ ക്യാൻസറാണെന്ന് കണ്ടെത്തിയത്. അതിന് ശേഷം നാല് ശസ്ത്രക്രിയകളും  40  ബയോപ്സികളും കഴിഞ്ഞുവെന്ന് റയാന്റെ ഭാര്യ ഫാലന്‍ ഫെയ്സ്ബുക്കില്‍ കുറിച്ച പോസ്റ്റിൽ പറയുന്നു. കഴുത്തിന് പുറകിലെ കുറച്ചധികം ചര്‍മവും നീക്കം ചെയ്യേണ്ടി വന്നുവെന്നും ഫാലന്‍ പറഞ്ഞു. 2018ലാണ് റയാന് ക്യാൻസർ ബാധിച്ചുവെന്ന് അറിയുന്നത്. ശരിക്കു‌ം ഞെട്ടിപ്പോയി. 

നെവസ് സ്പിലസ് (Nevus spilus) എന്ന ചെറിയ മറുകുകളാണ് റയാന് ഉണ്ടായിരുന്നത്. ഇതാണ്  സ്കിൻ ക്യാൻസറിന് കാരണമായതെന്ന് ഫാലന്‍ പറയുന്നു. ശരീരത്തിൽ എവിടെയെങ്കിലും ഒരു കറുത്ത പാടോ മറുകോ എന്തെങ്കിലും കണ്ടാൽ അത് നിസാരമായി കാണരുതെന്നും ഉടനെ തന്നെ ഒരു ഡോക്ടറിനെ കാണാൻ ശ്രമിക്കണമെന്നും ഫാലന്‍ പറയുന്നു. സ്കിന്‍ ക്യാൻസർ ഏറ്റവുമധികം ഉണ്ടാകാൻ സാധ്യതയുള്ള ഇടങ്ങളില്‍ ഒന്നാണ് കഴുത്തിന്റെ പിന്‍ഭാഗം. 

എന്താണ് മെലനോമ ?? ലക്ഷണങ്ങള്‍ എങ്ങനെ തിരിച്ചറിയാം...?

ചര്‍മ്മത്തെ ബാധിക്കുന്ന ക്യാന്‍സറുകളില്‍ ഏറ്റവും മാരകമായ ഒന്നാണ് മെലനോമ. വശങ്ങളിലേക്ക് വളര്‍ന്നു പോകുന്ന മറുകുകള്‍, പുതുതായി ഉണ്ടാകുന്ന വളരുന്ന മറുകുകള്‍ എന്നിവയെല്ലാം ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്. കാലിലും കൈകളിലുമാണ് ഇത്തരം മറുകുകള്‍ കൂടുതലായും കാണപ്പെടുന്നത്.

ശരീരത്തിനു നിറം നല്‍കുന്ന മെലനോസൈറ്റ് എന്ന കോശത്തിലാണ് ഈ ക്യാന്‍സര്‍ രൂപംകൊള്ളുന്നത്. തൊലിപ്പുറത്ത് തുടങ്ങുന്ന ഈ ക്യാന്‍സര്‍ ആരംഭത്തിൽ തന്നെ കണ്ടെത്തിയാല്‍ ചികിത്സ ഫലപ്രദമാണെങ്കിലും ആന്തരികാവയവങ്ങളിലേക്ക് വ്യാപിക്കുന്നതനുസരിച്ച്‌ രോഗ തീവ്രതയും കൂടുന്നു. റേഡിയേഷനും സര്‍ജറിയുമാണ് ചികിത്സ.

click me!