പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ ഭീതി പരത്തി മാര്‍ബര്‍ഗ് വൈറസ് ബാധ; മരണസാധ്യത 88 ശതമാനം

By Web TeamFirst Published Aug 11, 2021, 9:18 AM IST
Highlights

അതിവേഗം പടർന്നു പിടിക്കുന്നതും മരണസാധ്യത വളരെയേറിയതുമാണ് ഈ വെെറസ് എന്ന് ലോകാരോഗ്യസംഘടന അറിയിച്ചു. വൈറസ് പിടിപെടുന്നവരിൽ മരണനിരക്ക് 88 ശതമാനമാണെന്നും പഠനങ്ങളിൽ ചൂണ്ടിക്കാട്ടുന്നു.

കൊവിഡിന് പിന്നാലെ മറ്റൊരു മാരക വെെറസ് കൂടി സ്ഥിരീകരിച്ചിരിക്കുന്നു. പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ മാര്‍ബര്‍ഗ് വൈറസ് ആണ് കണ്ടെത്തിയതെന്ന് ലോകാരോ​ഗ്യ സംഘടന വ്യക്തമാക്കി.

ഗിനിയയിലെ തെക്കന്‍ ഗ്വാക്കൊഡോ പ്രവിശ്യയില്‍ ഓഗസ്റ്റ് രണ്ടിന് മരിച്ച രോഗിയുടെ പരിശോധനാ റിപ്പോര്‍ട്ടിലാണ് മാര്‍ബര്‍ഗ് വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്.  അതിവേഗം പടർന്നു പിടിക്കുന്നതും മരണസാധ്യത വളരെയേറിയതുമാണ് ഈ വെെറസ് എന്ന് ലോകാരോഗ്യസംഘടന അറിയിച്ചു.

വൈറസ് പിടിപെടുന്നവരിൽ മരണനിരക്ക് 88 ശതമാനമാണെന്നും പഠനങ്ങളിൽ ചൂണ്ടിക്കാട്ടുന്നു. ഗിനിയയിൽ എബോളയുടെ രണ്ടാം തരംഗം അവസാനിച്ചെന്ന് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച് രണ്ട് മാസം പിന്നിടുന്നതിന് മുമ്പാണ് മാർബർഗ് വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. 

രോഗം പടരുന്നത് തടയാനായി രാജ്യത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. എബോള വൈറസിന് സമാനമാണ് ഈ വൈറസ് എന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു. വവ്വാലുകളിൽ നിന്നാണ് പ്രധാനമായും വൈറസ് മനുഷ്യരിലേക്ക് പകരുന്നത്.

വൈറസ് ശരീരത്തിലെത്തി മൂന്ന് മുതൽ ഒമ്പത് ദിവസത്തിനുള്ളിലാണ് രോഗബാധ പ്രകടമാകും. കടുത്ത പനി,​ തലവേദന,​ ശാരീരികാവശത,​ ക്ഷീണം ഇവയാണ് പ്രാഥമിക ലക്ഷണങ്ങൾ. 

click me!