ജീവനുള്ള പെണ്‍കുട്ടി മരിച്ചെന്ന് വിധിയെഴുതി; മെഡിക്കല്‍ ജീവനക്കാര്‍ വെട്ടിലായി!

Web Desk   | others
Published : Sep 03, 2020, 05:52 PM IST
ജീവനുള്ള പെണ്‍കുട്ടി മരിച്ചെന്ന് വിധിയെഴുതി; മെഡിക്കല്‍ ജീവനക്കാര്‍ വെട്ടിലായി!

Synopsis

മൃതദേഹം സൂക്ഷിക്കുന്ന ബാഗിലാക്കി, ആശുപത്രിയിലെത്തിച്ച ടിമേഷയുടെ ശരീരത്തിന് ജീവനുണ്ടെന്ന് കണ്ടെത്തിയത് മോര്‍ച്ചറി ജീവനക്കാരനാണെന്നാണ് ബന്ധുക്കളുടെ വാദം. എന്നാല്‍ ഈ വാദം ശരിയല്ലെന്നും ടിമേഷയുടെ ശരീരം ബാഗിനകത്താക്കി എംബാം ചെയ്യാന്‍ തങ്ങള്‍ അയച്ചിട്ടില്ലെന്നും, അത് തങ്ങളുടെ ജോലിയില്‍ പെടുന്നതല്ലെന്നുമാണ് മെഡിക്കല്‍ സംഘത്തിന്റെ മേധാവിയുടെ പക്ഷം

ജീവനുള്ള ഒരാള്‍ മരിച്ചെന്ന് വിധിയെഴുതുക, അതും മെഡിക്കല്‍ രംഗത്ത് വര്‍ഷങ്ങളുടെ പരിചയമുള്ള വിദഗ്ധര്‍. ഇങ്ങനെയെല്ലാം അബദ്ധങ്ങള്‍ സംഭവിക്കുമോയെന്ന് കേള്‍ക്കുമ്പോള്‍ നിങ്ങള്‍ ചിന്തിച്ചേക്കാം. എന്നാല്‍ ഇത്തരമൊരു 'അബദ്ധ'ത്തിന്റെ പേരില്‍ വെട്ടിലായിരിക്കുകയാണ് മിഷിഗണിലെ നാല് മെഡിക്കല്‍ ജീവനക്കാര്‍. 

എമര്‍ജന്‍സി സര്‍വീസില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് ഇക്കഴിഞ്ഞ 23നാണ് മകള്‍ അത്യാസന്ന നിലയിലാണ് എന്ന് ഒരമ്മയുടെ കോള്‍ എത്തുന്നത്. ഉടന്‍ തന്നെ പൊലീസിന്റെ അകമ്പടിയോടെ അവര്‍ സംഭവ സ്ഥലത്തെത്തി. ടിമേഷ ബ്യൂചാമ്പ് എന്ന ഇരുപതുകാരിയുടെ അമ്മയായിരുന്നു അവരെ ഫോണില്‍ വിളിച്ചത്. 

ജന്മനാ സെറിബ്രല്‍ പാള്‍സി ബാധിക്കപ്പെട്ട ടിമേഷയ്ക്ക് പെട്ടെന്ന് ശ്വാസതടസം ഉണ്ടായതായും വായില്‍ നിന്ന് സ്രവം വരുന്നതായും കണ്ടതിനെ തുടര്‍ന്നാണ് അമ്മ എമര്‍ജന്‍സി സര്‍വീസില്‍ വിളിച്ച് വിവരമറിയിച്ചത്. മെഡിക്കല്‍ സംഘം ടിമേഷയെ പരിശോധിച്ച ശേഷം ആദ്യം തന്നെ സിപിആര്‍ നല്‍കി. തുടര്‍ന്ന അര മണിക്കൂറോളം അത്യാസന്ന നിലയിലുള്ള രോഗിയെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാന്‍ ചെയ്യേണ്ടുന്ന ചിലതുകൂടി ചെയ്തു. 

എന്നാല്‍ അവള്‍ മരിച്ചതായി അവര്‍ പ്രഖ്യാപിക്കുകയായിരുന്നു. അല്‍പസമയത്തിന് ശേഷം ബന്ധുവായ സ്ത്രീ ടിമേഷ ശ്വാസമെടുക്കുന്നതായി കണ്ടുവെന്ന് അറിയിച്ചതിനെ തുടര്‍ന്ന് സംഘം വീണ്ടും അവളെ പരിശോധിച്ചു. അപ്പോഴും ജീവന്റെ യാതൊരു ലക്ഷണവും അവള്‍ കാണിച്ചില്ല. മൂന്നാം തവണയും ബന്ധുക്കള്‍ അവളെ പരിശോധിക്കാന്‍ സംഘത്തോട് ആവശ്യപ്പെട്ടുവത്രേ. അതനുസരിച്ച് മൂന്നാം തവണയും സംഘം അവളെ പരിശോധിച്ചു. 

എന്നാല്‍ മരണം സംഭവിച്ചുകഴിഞ്ഞിരിക്കുന്നു എന്ന് തന്നെയായിരുന്നു അവരുടെ വിധിയെഴുത്ത്. നല്‍കിയ ചില മരുന്നുകളുടെ റിയാക്ഷന്‍ ശരീരത്തിനകത്ത് സംഭവിക്കുന്നതിനാലാകാം ശരീരം അനങ്ങുന്നതായി തോന്നുന്നത് എന്ന് ബന്ധുക്കളോട് അവര്‍ പറയുകയും ചെയ്തു. തുടര്‍ന്ന് മൃതദേഹം എംബാം ചെയ്യാന്‍ വേണ്ടി അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ തീരുമാനമായി. 

മൃതദേഹം സൂക്ഷിക്കുന്ന ബാഗിലാക്കി, ആശുപത്രിയിലെത്തിച്ച ടിമേഷയുടെ ശരീരത്തിന് ജീവനുണ്ടെന്ന് കണ്ടെത്തിയത് മോര്‍ച്ചറി ജീവനക്കാരനാണെന്നാണ് ബന്ധുക്കളുടെ വാദം. എന്നാല്‍ ഈ വാദം ശരിയല്ലെന്നും ടിമേഷയുടെ ശരീരം ബാഗിനകത്താക്കി എംബാം ചെയ്യാന്‍ തങ്ങള്‍ അയച്ചിട്ടില്ലെന്നും, അത് തങ്ങളുടെ ജോലിയില്‍ പെടുന്നതല്ലെന്നുമാണ് മെഡിക്കല്‍ സംഘത്തിന്റെ മേധാവിയുടെ പക്ഷം.

മൂന്ന് തവണ പരിശോധിച്ചിട്ടും ജീവന്റെ ലക്ഷണങ്ങള്‍ കാണിക്കാതിരുന്നതോടെയാണ് സംഘം ടിമേഷയുടെ മരണം ഉറപ്പിച്ചതെന്നും മുമ്പും ഇത്തരത്തിലുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, ഇതിന്റെയൊന്നും പിന്നിലുള്ള യഥാര്‍ത്ഥ കാരണം വ്യക്തമാക്കപ്പെട്ടിട്ടില്ലെന്നും മെഡിക്കല്‍ സംഘം മേധാവിയ ജോണി മെനിഫീ പറയുന്നു. 

എന്തായാലും ജീവനോടെയുള്ള വ്യക്തി മരിച്ചതായി പ്രഖ്യാപിച്ചതോടെ വെട്ടിലായിരിക്കുകയാണ് മെഡിക്കല്‍ സംഘം. സംഘത്തിലെ നാല് പേര്‍ നിലവില്‍ അന്വേഷണവിധേയമായി സസ്‌പെന്‍ഷനിലാണ്. ടിമേഷയുടെ ബന്ധുക്കളാണെങ്കില്‍ മെഡിക്കല്‍ സംഘത്തിനെതിരായ പരാതിയില്‍ ഉറച്ചുനില്‍ക്കുകയുമാണ്. ടിമേഷയിപ്പോള്‍ അമ്മയ്‌ക്കൊപ്പം വീട്ടില്‍ തന്നെ തുടരുകയാണ്. സാരമായ മറ്റ് പ്രശ്‌നങ്ങളൊന്നും മകള്‍ക്കില്ലെന്നും ഇടയ്ക്കുള്ള ശ്വാസതടസം തന്നെയാണ് പ്രധാനമായും അനുഭവപ്പെടുന്നതെന്നും അവളുടെ അമ്മ അറിയിക്കുന്നു.

Also Read:- മൃതദേഹങ്ങള്‍ തിരികെയെടുത്ത് പുതുവസ്ത്രങ്ങളുടുപ്പിക്കുകയും സിഗരറ്റുവരെ കൊളുത്തിക്കൊടുക്കുകയും ചെയ്യുന്ന ആഘോഷം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഫാറ്റി ലിവര്‍ രോഗികള്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
സൂക്ഷിച്ചാൽ ദു:ഖിക്കണ്ട; ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരണത്തിന് കാരണം ഈ 7 'നിശബ്ദ കൊലയാളി' രോഗങ്ങൾ