എല്ലാ വർഷവും ഓഗസ്റ്റ് മാസം ഇന്തോനേഷ്യയിലെ ടോർജ സമൂഹത്തെ സംബന്ധിച്ചിടത്തോളം ആഘോഷത്തിന്റെ നാളുകളാണ്. മരണപ്പെട്ടവരെ ബഹുമാനിക്കുന്ന ഒരു ചടങ്ങിൽ ഡസൻ കണക്കിന് കുടുംബാംഗങ്ങളാണ് പങ്കെടുക്കുന്നത്. ആഘോഷത്തിന്റെ ഭാഗമായി അവർ തങ്ങളുടെ പ്രിയപ്പെട്ടവരെ  ശവക്കുഴികളിൽ നിന്ന് പുറത്തെടുക്കുകയും, ശവശരീരങ്ങള്‍ വൃത്തിയാക്കുകയും, പുതിയ വസ്ത്രങ്ങൾ ധരിപ്പിക്കുകയും ചെയ്യുന്നു. 

മറ്റ് സംസ്‍കാരങ്ങളിൽ നിന്ന് വ്യത്യസ്‍തമായി മരണം അവരെ സംബന്ധിച്ചിടത്തോളം, പൂർണമായ ഒരു വേർപെടുത്തലല്ല. തങ്ങളുടെ പ്രിയപ്പെട്ടവർ മരണത്തോടെ ഇല്ലാതാകുന്നില്ല എന്നും തങ്ങളുടെ കുടുംബത്തെ കാണാൻ എല്ലാവർഷവും അവർ ഉയിർത്തെഴുന്നേൽക്കുന്നുവെന്നും ആ സമൂഹം വിശ്വസിക്കുന്നു. മരണത്തെ ഭയപ്പെടേണ്ട ഒന്നായിട്ടല്ല, പകരം ജീവിതത്തിലെ മറ്റൊരു ചുവടുവെപ്പായിട്ടാണ് ടോർജന്മാർ കാണുന്നത്.  

 

ജീവിതവും മരണവും തമ്മിലുള്ള ബന്ധം അനന്തമാണെന്ന് വിശ്വസിക്കുന്ന അവർ മരണശേഷമുള്ള ആചാരങ്ങളെയെല്ലാം ജീവിതത്തിലെ ഏറ്റവും വലിയ ആഘോഷമായിട്ടാണ് കണക്കാക്കുന്നത്. മൃതദേഹങ്ങൾ വൃത്തിയാക്കുന്നതും, പുതിയ വസ്ത്രം ധരിപ്പിച്ച് ഭംഗിയാക്കുന്നതും മാത്രമല്ല മൃതദേഹത്തോടൊപ്പം ഒരുപാട് സമയം ചെലവഴിക്കുന്നതും ചടങ്ങിന്റെ ഭാഗമാണ്. ജീവിച്ചിരിക്കുന്നവരെ പോലെ അവർ ശവശരീരത്തോട് കളിതമാശകൾ പറയുകയും, ഇണങ്ങുകയും പിണങ്ങുകയും, അവരുടെ ചുണ്ടിൽ സിഗരറ്റ് കത്തിച്ച് വയ്ക്കുകയും ഒക്കെ ചെയ്യുന്നു. മരണത്തിലൂടെ നഷ്‍ടമായ പ്രിയപ്പെട്ടവരുമായുള്ള നിമിഷങ്ങൾ തിരികെ കൊണ്ടുവരാനാണ് ഇതിലൂടെ അവർ ശ്രമിക്കുന്നത്. 

മുസ്ലീം ഭൂരിപക്ഷമുള്ള രാജ്യത്തെ പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യൻ സമൂഹമാണ് അവരെങ്കിലും ഈ പാരമ്പര്യം ടോർജ ജനതയുടെ സംസ്‍കാരത്തിൽ വേരൂന്നിയിരിക്കുന്നു. അടക്കിയശേഷം മൃതദേഹങ്ങൾ അഴുകാതിരിക്കാൻ വർഷാവർഷം ശവപ്പെട്ടികൾ വൃത്തിയാക്കുകയോ മാറ്റിസ്ഥാപിക്കുകയോ ചെയ്യും അവർ. ചടങ്ങിൽ ആളുകൾ കത്തി ഉപയോഗിച്ച് പഴയ വസ്ത്രങ്ങൾ മുറിച്ച് മാറ്റി, ശവശരീരത്തിനെ പുതിയ വസ്ത്രങ്ങൾ ധരിപ്പിക്കുന്നു. തൊപ്പിയും, സൺഗ്ലാസും, ഷോർട്ട്സും, വാച്ചുമൊക്കെ ധരിപ്പിച്ച് ശവത്തെ സുന്ദരമാക്കി നിർത്തുന്നു. 

വിറകുകൾ ഉപയോഗിച്ചാണ് ശവശരീരങ്ങളെ നിവർത്തി നിർത്തുന്നത്. കൂടാതെ വരണ്ട പെയിന്‍റ് ബ്രഷുകൾ ഉപയോഗിച്ച് ശരീരം മുഴുവൻ വൃത്തിയാക്കുന്നു. തുടർന്ന് കളിച്ചും ചിരിച്ചും ശവശരീരത്തോടൊപ്പം സമയം ചെലവഴിക്കുന്നു. ഒടുവിൽ അവരുടെ ശരീരം സമ്മാനങ്ങൾ നിറച്ച അലങ്കരിച്ച വർണ്ണാഭമായ ശവപ്പെട്ടികളിലാക്കി തിരികെ മണ്ണിനടിയിൽ വയ്ക്കുന്നു. ഭൂമിയിൽ ഉണ്ടായിരുന്ന അതേ ജീവിതനിലവാരം മരണാനന്തര ജീവിതത്തിലും ഉണ്ടാകാൻ വേണ്ടിയാണ് ശവപ്പെട്ടിയിൽ സമ്മാനങ്ങൾ നിക്ഷേപിക്കുന്നത്.  

 

അത് മാത്രമല്ല മരണത്തെ സംബന്ധിച്ച് പിന്നെയും പല വിചിത്ര ആചാരങ്ങളും ഈ സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. പ്രിയപ്പെട്ടവർ മരിക്കുമ്പോൾ കുടുംബങ്ങൾ അവരുടെ മൃതദേഹങ്ങൾ മാസങ്ങളോ, ചിലപ്പോൾ വർഷങ്ങളോ, സ്വന്തം വീടുകളിലോ അല്ലെങ്കിൽ 'ടോങ്‌കോനൻ' എന്ന സ്ഥലത്തോ സൂക്ഷിക്കുന്നു. ഇങ്ങനെ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങളുമായി വീട്ടുകാർ വർത്തമാനം പറയുകയും ഭക്ഷണം വിളമ്പിക്കൊടുക്കുകയും ചെയ്യുന്നു. ഇത് കൂടാതെ, ശവസംസ്‍കാര ചടങ്ങുകൾ വളരെ വിപുലമായി നടത്തുന്ന ഒരു സമൂഹമാണ് ഇവരുടേത്. പലപ്പോഴും ആളുകൾ ശവസംസ്‍കാര ചടങ്ങുകൾ നടത്തി കടക്കെണിയിലാകാറുണ്ട് എന്നതും ഒരു വാസ്‍തവമാണ്.