ജീവന്‍ ബലി നല്‍കി ലിനിയും രമ്യയും; ഓര്‍മ്മകളില്‍ നിറഞ്ഞ് മാലാഖമാർ

Published : May 12, 2021, 09:21 AM ISTUpdated : May 12, 2021, 09:30 AM IST
ജീവന്‍ ബലി നല്‍കി ലിനിയും രമ്യയും; ഓര്‍മ്മകളില്‍ നിറഞ്ഞ് മാലാഖമാർ

Synopsis

ഇന്ന് കൊവിഡ് സേവനത്തിനിടെ രാജ്യത്ത് ജീവൻ നഷ്ടമായത് 90 നേഴ്‌സുമാർക്കാണ്. ആതുര സേവനത്തിനിടെ സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ച ലിനി ഉള്‍പ്പെടെയുള്ള നഴ്സുമാരെ ഓര്‍ക്കാതെ ഒരു നഴ്സസ് ദിനവും ആചരിക്കാനാവില്ല. 

ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം. വിളക്കേന്തിയ വനിതയെന്ന് ലോകം വിളിച്ച ഫ്‌ളോറന്‍സ് നൈറ്റിംഗേലിന്‍റെ ജന്മദിനം. എന്നും എല്ലായിടത്തും കരുതലിന്‍റെ കൈകൾ നീട്ടുന്ന നഴ്സിങ് സമൂഹത്തെയാകെ ആദരിക്കുന്ന ദിവസം. ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍ എന്ന മാലാഖയോടുള്ള ആദരസൂചകമായിട്ടാണ് അവരുടെ ജന്മദിനമായ മെയ് 12 അന്താരാഷ്ട്ര നഴ്‌സസ് ദിനമായി ആചരിക്കുന്നത്.

ഒരു ദിവസത്തെ പ്രകീർത്തനങ്ങളിൽ ഒതുങ്ങുന്നതല്ല അവരുടെ സേവനം. പ്രത്യേകിച്ച് ഈ അതിജീവനകാലത്ത്. ഇന്ന് കൊവിഡ് സേവനത്തിനിടെ രാജ്യത്ത് ജീവൻ നഷ്ടമായത് 90 നേഴ്‌സുമാർക്കാണ്. ആതുര സേവനത്തിനിടെ സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ച ലിനി ഉള്‍പ്പെടെയുള്ള നഴ്സുമാരെ ഓര്‍ക്കാതെ ഒരു നഴ്സസ് ദിനവും ആചരിക്കാനാവില്ല. നിപ്പ ലിനിയുടെ ജീവനെടുത്തപ്പോള്‍ കൊവിഡില്‍ ജീവന്‍ പൊലിഞ്ഞ നഴ്സുമാരുടെ വേര്‍പാടും ഈ നഴ്സസ് ദിനത്തില്‍ നൊമ്പരമാവുകയാണ്. 

നിപ്പ ബാധയ്ക്കിടെ മരിച്ച നഴ്സ് ലിനി എന്നും കേരളത്തിന്‍റെ നൊമ്പരമാണ്. ലിനിയുടെ ഭർത്താവ് സജീഷിന് ഭാര്യക്കായി മക്കളെ പൊന്നുപോലെ വളർത്തിയേ പറ്റു. ചെമ്പനോട്ടെ വീട്ടിൽ കളിച്ച് ചിരിച്ച് നടക്കുന്ന റിതുവിനും സിദ്ധുവിനും അമ്മയെ വേണ്ടപ്പോഴെല്ലാം അച്ഛനും അമ്മമ്മയും ഒപ്പമുണ്ട്. അമ്മയുടെ സേവനത്തിന്‍റെയും സഹനത്തിന്‍റെയും കഥകൾ ഓർമിപ്പിച്ച് അവരുണ്ടാകും. ഓരോ മഹാമാരി കാലങ്ങളും കവർന്നെടുക്കുന്ന ജീവനുകൾ ഓർമപ്പെടുത്തലാണ്. വേദനയും സഹനവും ഒത്തുചേർന്ന ഓർമപ്പെടുത്തൽ. സിദ്ധുവിന് അമ്മയെ കാണാൻ ഇടയ്ക്ക് തോന്നാറുണ്ട്. എന്നാൽ ആകാശത്ത് നിറ നക്ഷത്രമായി പുഞ്ചിരിക്കുന്ന മാലാഖ കുഞ്ഞാണ് അമ്മ എന്നാണ് അവന്‍റെ വിശ്വാസം. രക്ഷകനായ മാലാഖ.

നിപ്പയുടെ ക്രൂരമായ മുഖമാണ് സിസ്റ്റർ ലിനിയുടെ കഥയെങ്കില്‍ ഇങ്ങ് ബാലുശ്ശേരിയിലും ഒരമ്മയുണ്ട്. കൊവിഡിന്‍റെ ഭീകരത ഇല്ലാതാക്കിയ മകളുടെ ഓർമകളുമായി ജീവിക്കുന്ന അമ്മ. കൊവിഡ് ബാധിച്ച് കഴിഞ്ഞ ദിവസമാണ് ഒമാനിൽ ജോലി ചെയ്യുകയായിരുന്ന സിസ്റ്റർ രമ്യ ലോകത്തോട് വിട പറഞ്ഞത്. ഏഴുമാസം ഗർഭിണിയായ രമ്യയുടെ കുഞ്ഞിനെയും കാത്തിരുന്ന ആ കുടുംബം ഇന്ന് കാത്തിരിക്കുന്നത് കെട്ടിപ്പൊതിഞ്ഞ മകളുടെ മൃതശരീരമാണ്.

 

മഹാമാരികൾ ഇങ്ങനെയാണ്. ഭീകരതയുടെ മുഖം മൂടിയണിഞ്ഞ് ഒരു കരുണയുമില്ലാതെ ജീവനുകൾ തട്ടിപ്പറിച്ച് കടന്ന് കളയും. അത് ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിനിടെയുള്ള തട്ടിപ്പറച്ചിലാകുമ്പോൾ സങ്കടവും കൂടും. വെല്ലുവിളികൾക്കിടയിലും മാലാഖമാർ പോരാട്ടം തുടരുകയാണ്.  പിപിഇ കിറ്റിനുളളിലെ പോരാട്ടങ്ങളോട്, പല സഹനങ്ങളും ത്യാഗങ്ങളും നിറഞ്ഞ സേവനങ്ങളോട് നമ്മുക്ക് ആദരവ് അറിയിക്കാം.

Also Read: കൊവിഡിനെതിരെ നിർഭയം യുദ്ധം തുടരുന്നവർ; മഹാമാരിയെ ചെറുത്തുതോൽപ്പിക്കാൻ പൊരുതുന്ന 'നഴ്സുമാരുടെ ദിനം'

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

ചൂട് വെള്ളം കുടിച്ച് ദിവസം തുടങ്ങാം; ഗുണങ്ങൾ ഇതാണ്
നിങ്ങളുടെ വൃക്കകളുടെ പ്രവർത്തനം ശരിയായ രീതിയിലാണോ? ഈ ലക്ഷണങ്ങൾ അവഗണിക്കരുത്