പുരുഷന്മാര്‍ കഴിക്കേണ്ടത് മുട്ടയുടെ വെള്ള; കാരണം ഇതാണ്...

By Web TeamFirst Published Jan 1, 2020, 11:59 PM IST
Highlights

പുരുഷന്മാര്‍ മുട്ട കഴിക്കുന്നതിനെ ചൊല്ലി എപ്പോഴും തര്‍ക്കങ്ങള്‍ കേള്‍ക്കാം.കൊളസ്‌ട്രോള്‍ എളുപ്പത്തില്‍ പിടിപെടുമെന്ന ഭയമാണ് പ്രധാനമായും ഈ തര്‍ക്കങ്ങള്‍ക്ക് പിന്നിലുള്ളത്. മുട്ടയുടെ മഞ്ഞയാണ് ഇക്കാര്യത്തില്‍ വില്ലനായി നില്‍ക്കുന്നത്. അതിനാല്‍ത്തന്നെ പലപ്പോഴും പലരും മുട്ടയുടെ മഞ്ഞ കഴിക്കാതെ ഒഴിവാക്കുന്നതും കാണാം. എന്നാല്‍ ചിലരാകട്ടെ മുട്ട കഴിക്കുന്നതേ പേടി കാരണം അങ്ങ് ഒഴിവാക്കും

കുറഞ്ഞ ചിലവില്‍ ശരീരത്തിന് അവശ്യം വേണ്ട പോഷകങ്ങളെത്തിക്കുന്ന സാധാരണക്കാരുടെ ഭക്ഷണമാണ് മുട്ട. വൈറ്റമിന്‍-എ, വൈറ്റമിന്‍- ബി, കാത്സ്യം, അയേണ്‍ തുടങ്ങി ഒരുപിടി ഘടകങ്ങള്‍ മുട്ടയെ സമ്പുഷ്ടമാക്കുന്നു. എന്നാല്‍ പുരുഷന്മാര്‍ മുട്ട കഴിക്കുന്നതിനെ ചൊല്ലി എപ്പോഴും തര്‍ക്കങ്ങള്‍ കേള്‍ക്കാം.

കൊളസ്‌ട്രോള്‍ എളുപ്പത്തില്‍ പിടിപെടുമെന്ന ഭയമാണ് പ്രധാനമായും ഈ തര്‍ക്കങ്ങള്‍ക്ക് പിന്നിലുള്ളത്. മുട്ടയുടെ മഞ്ഞയാണ് ഇക്കാര്യത്തില്‍ വില്ലനായി നില്‍ക്കുന്നത്. അതിനാല്‍ത്തന്നെ പലപ്പോഴും പലരും മുട്ടയുടെ മഞ്ഞ കഴിക്കാതെ ഒഴിവാക്കുന്നതും കാണാം. എന്നാല്‍ ചിലരാകട്ടെ മുട്ട കഴിക്കുന്നതേ പേടി കാരണം അങ്ങ് ഒഴിവാക്കും.

ഒട്ടും ആരോഗ്യകരമായ സംഗതിയല്ല ഇത്. കാരണം വ്യക്തമാക്കാം. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം 25 ശതമാനം ദമ്പതികളെങ്കിലും വന്ധ്യതയുടെ പേരില്‍ ദുരിതമനുഭവിക്കുന്നവരാണ്. ഇക്കാര്യത്തില്‍ സ്ത്രീക്കൊപ്പം തന്നെ ആരോഗ്യപ്രശ്‌നങ്ങള്‍ പുരുഷനും നേരിടുന്നുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

ഈ സാഹചര്യത്തിലാണ് പുരുഷന്റെ സെക്‌സ് ഹോര്‍മോണ്‍ ആയ ടെസ്‌റ്റോസ്റ്റിറോണും ഡയറ്റും തമ്മിലുള്ള ബന്ധം സ്ഥാപിക്കുന്ന പഠനങ്ങളുടെ പ്രാധാന്യം ഉയര്‍ന്നുവരുന്നത്. 'ലോ ഫാറ്റ് ഡയറ്റ്' അഥവാ മോശം കൊഴുപ്പുകളെ മാറ്റിനിര്‍ത്തിക്കൊണ്ടുള്ള ഡയറ്റ് പുരുഷ വന്ധ്യതയെ ഒരു പരിധി വരെ ചെറുക്കുമെന്നാണ് ഈ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

'യൂണിവേഴ്‌സിറ്റി ഓഫ് സൗത്ത് ഓസ്‌ട്രേലിയ'യില്‍ നിന്നുള്ള ഗവേഷകന്‍ ഡോ. കര്‍മ പിയേഴ്‌സും, വന്ധ്യതയെക്കുറിച്ച് സ്‌പെഷ്യലൈസ് ചെയ്യുന്ന പ്രൊഫ. കെല്‍ട്ടണ്‍ ട്രെമെല്ലെനും ചേര്‍ന്ന് അടുത്തിടെ ഒരു പഠനം നടത്തി. ഈ പഠനവും ഡയറ്റും പുരുഷ വന്ധ്യതയും തമ്മില്‍ ശക്തമായ ബന്ധമുണ്ടെന്നാണ് സൂചിപ്പിക്കുന്നത്. മോശം കൊഴുപ്പ് അടങ്ങിയ ഭക്ഷണം ടെസ്റ്റോസ്റ്റിറോണ്‍ ഉത്പാദനത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്നാണ് ഇവരുടെ പഠനത്തിന്റെ പ്രധാന കണ്ടെത്തല്‍.

അതോടൊപ്പം തന്നെ മുട്ടയുടെ വെള്ള എത്രമാത്രം ടെസ്റ്റോസ്റ്റിറോണ്‍ ഉത്പാദനത്തെ അനുകൂലമായി സ്വാധീനിക്കുന്നുവെന്നും ഇവരുടെ പഠനം എടുത്തുപറയുന്നു. മുട്ടയുടെ വെള്ളയിലടങ്ങിയിരിക്കുന്ന 'ആല്‍ബുമിന്‍' ഹോര്‍മോണ്‍ ലെവല്‍ കൂട്ടാന്‍ സഹായിക്കുമത്രേ. അതുവഴി വന്ധ്യതയെ പ്രതിരോധിക്കാനുള്ള കഴിവ് പുരുഷനില്‍ വര്‍ധിക്കുന്നു. ദിവസവും എന്ന നിലയ്ക്ക് തന്നെ പുരുഷന്മാര്‍ കഴിക്കേണ്ട ഒന്നാണ് മുട്ടയുടെ വെള്ള എന്നാണ് ആരോഗ്യവിദഗ്ധരും സൂചിപ്പിക്കുന്നത്.

ലൈംഗികതയ്ക്ക് പുറമേ, എല്ലുകളുടെയും പേശികളുടെയും ബലം വര്‍ധിപ്പിക്കാനും, തിമിരം, മൈഗ്രേയ്ന്‍ പോലുള്ള പല അസുഖങ്ങളെ പ്രതിരോധിക്കാനുമെല്ലാം ഇത് സഹായകമാണ്. അതിനാല്‍ ഇനി കൊളസ്‌ട്രോള്‍ കൂടുമെന്ന ഭയത്തോടെ മുട്ട കഴിക്കുന്നത് പൂര്‍ണ്ണമായി ഒഴിവാക്കാതെ, മുട്ടയുടെ വെള്ള ധൈര്യമായി കഴിച്ച് ശീലിച്ചോളൂ.

click me!