രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കൂടുന്നു; ജാഗ്രത വേണം, ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങള്‍...

By Web TeamFirst Published Jun 27, 2020, 1:18 PM IST
Highlights

രാജ്യത്ത് ഇതുവരെ 15,685 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 384 പേരാണ് ഇന്നലെ മാത്രം മരിച്ചത്.  സംസ്ഥാനത്ത് ഇന്നലെ മാത്രം 150 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം അഞ്ച് ലക്ഷം കവിഞ്ഞു. 24 മണിക്കൂറിനിടെ 18,552 പേർക്കാണ് പുതിയതായി രോഗം സ്ഥീരികരിച്ചത്. പ്രതിദിന രോഗബാധയിൽ ഏറ്റവും ഉയർന്ന കണക്കാണിത്. രാജ്യത്ത് ഇതുവരെ 15,685 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 384 പേരാണ് ഇന്നലെ മാത്രം മരിച്ചത്. സംസ്ഥാനത്ത് ഇന്നലെ മാത്രം 150 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം, സംസ്ഥാനത്ത് ഞായറാഴ്ചകളിലെ സമ്പൂർണ ലോക്ക്ഡൗൺ കൂടി ഒഴിവാക്കിയിരിക്കുകയാണ്.

ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിച്ചതിന്റെ ഭാഗമായി ജനങ്ങൾ വീടുകളിൽ നിന്ന് പുറത്തുകടക്കുകയാണ്. പലരും വര്‍ക്ക് ഫ്രം ഹോമില്‍ നിന്ന് മാറി ഓഫീസുകളിലേക്കെത്തി. റോഡുകളില്‍ തിരക്ക് കൂടി. ലോക്‌ഡ‍ൗണില്‍ വലിയ ഇളവുകള്‍ കൂടി വരുന്ന ഈ ഒരു സാഹചര്യത്തില്‍  നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഒന്നുകൂടി ഓര്‍മ്മിപ്പിക്കുകയാണ് ഇവിടെ.

ഒന്ന്...

കൊവിഡുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പലപ്പോഴും മാനസിക സംഘര്‍ഷത്തിന് വഴിയൊരുക്കുമെങ്കിലും ചുറ്റും നടക്കുന്നതിനെ കുറിച്ച് അറിവുണ്ടായിരിക്കണം. കൊവിഡ് രോഗികളുടെ എണ്ണം രാജ്യത്ത് വര്‍ദ്ധിക്കുകയാണ് എന്ന കാര്യം മറക്കരുത്. തങ്ങള്‍ താമസിക്കുന്ന പ്രദേശത്തിലെ അവസ്ഥയെ കുറിച്ചും,  കൊവിഡ് വ്യാപനം അവിടെ എങ്ങനെയാണെന്നും കൃത്യമായി അറിഞ്ഞിരിക്കണം. 

രണ്ട്...

കൊറോണ വൈറസില്‍നിന്ന് രക്ഷ നേടാന്‍ ഫേസ് മാസ്ക്  നിര്‍ബദ്ധമാക്കണമെന്ന് ലോകാരോഗ്യ സംഘടന തന്നെ തുടക്കം മുതലേ വ്യക്തമാക്കിയ കാര്യമാണ്. ദീര്‍ഘനേരം മാസ്ക് ധരിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുമെങ്കിലും നിലവിലെ സാഹചര്യത്തില്‍ ഇത് ഒഴിച്ചുകൂടാനാവില്ല. ഒരു നിമിഷം പോലും മാസ്ക് ധരിക്കാതെ പുറത്തേക്ക് ഇറങ്ങരുത്. മാസ്കില്‍ ഇടയ്ക്കിടെ തൊടുന്നത് പൂർണമായും ഒഴിവാക്കണം. ഉപയോഗിച്ച ശേഷം മാസ്ക് അലക്ഷ്യമായി വലിച്ചെറിയരുത്. കഴുകി ഉപയോഗിക്കാവുന്ന മാസ്ക് ആണെങ്കിൽ ഓരോ ഉപയോഗത്തിന് ശേഷവും അണുവിമുക്തമാക്കണം.

മൂന്ന്...

പൊതു സ്ഥലങ്ങളിൽ ഇടപഴകേണ്ടി വരുമ്പോൾ കൈകൾ ഇടയ്ക്കിടെ അണുവിമുക്തമാക്കണം എന്നതാണ് ജാഗ്രതാ നിർദേശങ്ങളിൽ പ്രധാനം. പലരും ഇത് ചെയ്യാറില്ല.  ഹാൻഡ് സാനിറ്റൈസറുകൾ എപ്പോഴും കൈയില്‍ കരുതണം. കൈകൾ കൃത്യമായ ഇടവേളകളിൽ സോപ്പ് അല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കണം. ആൽക്കഹോൾ അടങ്ങിയിട്ടുള്ള സാനിറ്റൈസര്‍ തന്നെ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. 

നാല്...

ലോക്ക്ഡൗണില്‍ ഇളവുകള്‍ വന്നതോടെ പലരും സാമൂഹിക അകലം പാലിക്കേണ്ടതിന്‍റെ ആവശ്യകത മറക്കുന്നുണ്ട്. കുറഞ്ഞത് ഒരു മീറ്റർ എങ്കിലും സാമൂഹിക അകലം പാലിക്കണം. പ്രത്യേകിച്ച് ഓഫീസുകളിലും സുഹൃത്തുക്കളോടൊപ്പമുള്ള നിമിഷങ്ങളിലും ഇക്കാര്യം മറക്കരുത്. 

അഞ്ച്... 

ലിഫ്റ്റ്, എടിഎം, കൈവരി തുടങ്ങി ആളുകൾ കൂടുതൽ തൊടാൻ ഇടയുള്ള സ്ഥലങ്ങളിൽ നേരിട്ടുള്ള സ്പർശനം ഒഴിവാക്കണം.

ആറ്...

ലോക്ക്ഡൗണിന്‍റെ ഇളവുകള്‍ ദുരുപയോഗം ചെയ്യരുത്. ആവശ്യത്തിന് മാത്രം പുറുത്തിറങ്ങുക. വേണ്ട മുന്‍കരുതലുകള്‍ സ്വീകരിച്ചുകൊണ്ടു മാത്രം പുറത്തു പോവുക.  

ഏഴ്...

വസ്ത്രം വാങ്ങാന്‍ പോകുമ്പോള്‍,  ട്രയല്‍ റണ്‍ നടത്താന്‍ പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ വ്യക്തമാക്കിയതാണ്. ഇക്കാര്യത്തില്‍ വീഴ്ച വരുത്തരുത്. മറ്റ് കടകളില്‍ പോകുമ്പോഴും മുന്‍കരുതലുകള്‍ സ്വീകരിക്കണം.  ഒപ്പം കൊവിഡ് പശ്ചാത്തലത്തില്‍,  ആവശ്യത്തിന് മാത്രം പണം ചിലവഴിക്കുക. വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് ലോകം കടക്കും എന്നാണ് പല പഠനങ്ങളും സൂചിപ്പിക്കുന്നത്. 

Also Read: സംസ്ഥാനത്ത് ഞായറാഴ്ചകളിലെ സമ്പൂർണലോക്ക്ഡൗൺ ഒഴിവാക്കി, ജാഗ്രത തുടരും...

click me!