യുവതിയുടെ സർപ്രൈസ് ബർത്ത്ഡേ പാർട്ടിയിൽ പങ്കെടുത്ത 18 പേർക്ക് കൊവിഡ്

By Web TeamFirst Published Jun 26, 2020, 5:27 PM IST
Highlights

പുറമെ നിന്ന് ആരെയും വിളിക്കുന്നില്ലാത്തതുകൊണ്ട് ഇങ്ങനെ ഒരു പാർട്ടി സുരക്ഷിതമാകും എന്ന കണക്കുകൂട്ടലിൽ വീട്ടുകാർ പാർട്ടിയുമായി മുന്നോട്ട് പോവുകയായിരുന്നു.  

ടെക്സസ് നിവാസിയായ ഒരു യുവതിക്ക്, അവളുടെ മുപ്പതാം പിറന്നാളിന്, ഭർത്താവടക്കമുള്ള അടുത്ത ബന്ധുക്കൾ ചേർന്ന് ഒരു സർപ്രൈസ് ബർത്ത് ഡേ പാർട്ടി നൽകി. മെയ് 30 -ന് നടന്ന പാർട്ടിയിൽ പങ്കെടുത്ത ഏഴുപേർക്കും, അതേ കുടുംബത്തിൽ ഇതുവരെ 18 പേർക്കും കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതോടെ ഈ സർപ്രൈസ് പിറന്നാൾ ആഘോഷം അക്ഷരാർത്ഥത്തിൽ ആ നാടിനെത്തന്നെ അമ്പരപ്പിച്ചിരിക്കുകയാണ്.

വീടിനു പുറത്തേക്കിറങ്ങി ഒരു സമ്മാനം വാങ്ങാൻ പോയ ഒരു വ്യക്തിയിൽ നിന്നാണ് പാർട്ടിക്കുള്ളിലേക്ക് രോഗമെത്തിയത് എന്ന് കരുതുന്നു.  രണ്ടേ രണ്ടു മണിക്കൂർ നേരമാണ് ആ ബർത്ത് ഡേ പാർട്ടി നീണ്ടുനിന്നതെങ്കിലും അത് കഴിഞ്ഞപ്പോഴേക്കും അതിൽ പങ്കെടുത്ത ഏഴുപേർക്ക് രോഗം ബാധിച്ചു കഴിഞ്ഞിരുന്നു.. അവരിൽ നിന്ന് അടുത്ത ദിവസങ്ങളിൽ മറ്റു കുടുംബങ്ങളുമായി യാദൃച്ഛികമായി കണ്ടുമുട്ടുന്ന മുറക്ക് രോഗം പിന്നെയും പത്തുപേരിലേക്ക് കൂടി പകരുകയാണുണ്ടായത്. 

അസുഖം ബാധിച്ചവരിൽ രണ്ടു കുഞ്ഞുങ്ങൾ, എൺപതു വയസ്സിനു മേൽ പ്രായമുള്ള രണ്ടു വയോധികർ, ഒരു കാൻസർ രോഗി എന്നിവർ ഉണ്ട്. രോഗം സ്ഥിരീകരിച്ച വയോധികരുടെ നില വഷളായിക്കൊണ്ടിരിക്കയാണ്. താമസിയാതെ അവരെ വെന്റിലേറ്ററിലേക്ക് മാറ്റേണ്ടി വരുമെന്നാണ് ഡോക്ടർമാർ പറയുന്നത്. 

പാർട്ടി പ്ലാൻ ചെയ്യുമ്പോൾ തന്നെ മെഡിക്കൽ പ്രാക്ടീഷണർ ആയ ഒരു അടുത്ത ബന്ധു ആ പാർട്ടി സുരക്ഷിതമല്ല, താനും ഭാര്യയും ഒരു കാരണവശാലും വരില്ല എന്നും, പാർട്ടിയുമായി മുന്നോട്ട് പോകരുത് എന്നും മുന്നറിയിപ്പ് നൽകിയിരുന്നു എങ്കിലും പുറമെ നിന്ന് ആരെയും വിളിക്കുന്നില്ലാത്തതുകൊണ്ട് ഇങ്ങനെ ഒരു പാർട്ടി സുരക്ഷിതമാകും എന്ന കണക്കുകൂട്ടലിൽ വീട്ടുകാർ പാർട്ടിയുമായി മുന്നോട്ട് പോവുകയായിരുന്നു.  ബന്ധുവിന്റെ ഭയം ശരിവെക്കുന്നതായിരുന്നു പിന്നീട് നടന്ന സംഭവങ്ങൾ. 
 

click me!