
ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ പ്രകാരം ലോകത്ത് നല്ലൊരു ഭാഗം ശ്വാസകോശസംബന്ധമായ രോഗങ്ങളാല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. പലപ്പോഴും ചിട്ടയില്ലാത്ത ജീവിതശൈലിയും അന്തരീക്ഷ മലിനീകരണവുമാണ് ഇതിന് വില്ലനായി വരുന്നത്.
ശ്വാസകോശത്തിന്‍റെ ആരോഗ്യം വളരെ പ്രധാനപ്പെട്ടതാണ്. ആസ്തമ പോലുള്ള രോഗമുള്ളവര്‍ ഇത് പ്രത്യേകം ശ്രദ്ധിക്കണം. പുകവലി ഒഴിവാക്കുകയും മലിനവായു ശ്വസിക്കാതിരിക്കുകയും തണുത്ത കാലവസ്ഥയില്‍ വേണ്ട മുന്‍കരുതലുകള്‍ എടുക്കുകയും ചെയ്താല്‍ തന്നെ ഒരു പരിധി വരെ ശ്വാസകോശത്തെ നമ്മുക്ക് സംരക്ഷിക്കാം. മറ്റൊന്ന് ഭക്ഷണകാര്യത്തില്‍ ശ്രദ്ധിക്കുക എന്നതാണ്.
ശ്വാസകോശത്തെ ആരോഗ്യമുള്ളതാക്കാൻ കഴിക്കേണ്ട ചില ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം...
ഒന്ന്...
ആന്റി ഓക്സിഡന്റുകളും ഫ്ലവനോയിഡുകളും വിറ്റാമിൻ സിയും ധാരാളം അടങ്ങിയിട്ടുള്ള ആപ്പിള്‍ ദിവസവും കഴിക്കുന്നത് ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. പുകവലി മൂലം ശ്വാസകോശത്തിനുണ്ടായ തകരാറുകൾ പരിഹരിക്കാൻ ആപ്പിളിന് കഴിയുമെന്ന് യുഎസിലെ ഗവേഷകരും പറയുന്നു.
പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ആപ്പിളിന് കഴിവുണ്ട്. വിറ്റാമിൻ ബി , പൊട്ടാസ്യം, കാത്സ്യം എന്നിവ അടങ്ങിയിട്ടുള്ള ആപ്പിള്‍ ഹൃദയത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.
രണ്ട്...
തക്കാളി പോഷകങ്ങളുടെയും വിറ്റാമിനുകളുടെയും കലവറയാണ്. വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, വിറ്റാമിന്‍ കെ, വിറ്റാമിന്‍ ബി 6, പൊട്ടാസ്യം, മാംഗനീസ്, മഗ്‌നീഷ്യം, ഫോസ്ഫറസ്, നാരുകള്‍, പ്രോട്ടീന്‍ എന്നിവ തക്കാളിയില്‍ അടങ്ങിയിരിക്കുന്നു. തക്കാളിയില്‍ അടങ്ങിയിരിക്കുന്ന ലൈക്കോപീന്‍ ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിന് ഏറേ നല്ലതാണ്. നിരവധി പഠനങ്ങളിലും ഇക്കാര്യം തെളിഞ്ഞതാണ്.
മൂന്ന്...
ശ്വാസകോശത്തെ സംരക്ഷിക്കാന്‍ ഭക്ഷണത്തില്‍ മഞ്ഞള്‍ ധാരാളമായി ഉള്‍പ്പെടുത്താം. 'കുര്‍കുമിന്‍' എന്ന രാസവസ്തുവാണ് മഞ്ഞളിന് അതിന്റെ നിറം നല്‍കുന്നത്. ഇത് അനേകം രോഗാവസ്ഥകളില്‍ പ്രയോജനം ചെയ്യുന്നതാണ്. ശ്വാസകോശത്തെ ബാധിക്കുന്ന വൈറസിനെതിരേയും മഞ്ഞള്‍ ഫലപ്രദമെന്ന് തെളിഞ്ഞിട്ടുണ്ട്.
നാല്...
ഇഞ്ചി ചായ കുടിക്കുന്നതും ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. 'ജിഞ്ചറോള്‍' എന്ന് വിളിക്കുന്ന ആന്റി ഓക്‌സിഡന്റ് ഇഞ്ചിയില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. തൊണ്ടയിലേയും ശ്വാസനാളിയിലെയും അണുബാധകള്‍ തടയാന്‍ സഹായിക്കുന്ന സവിശേഷതകള്‍ ഇതിനുണ്ട്. നെഞ്ചിലെ അസ്വസ്ഥതകള്‍ പരിഹരിച്ച് സുഗമമായ ശ്വാസോച്ഛ്വാസം ഇത് സാധ്യമാക്കുന്നു.
അഞ്ച്...
ധാരാളം ആരോഗ്യഗുണങ്ങളുള്ളതാണ് ബ്ലൂബെറി. ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിന് ഇവ കഴിക്കുന്നത് നല്ലതാണ്. ഒപ്പം ഇവ ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ഹൃദയസംബന്ധമായ രോഗങ്ങൾ തടയുകയും ചെയ്യുന്നു.
ആറ്...
ഇലക്കറികളും പഴങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. ചീര, ബ്രോക്കോളി തുടങ്ങിയ ഇലക്കറികളില്‍ ധാരാളം വിറ്റാമിനുകളും മിനറൽസും ഉണ്ട്. ഇവ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും സഹായിക്കും.
Also Read: ശ്വാസകോശാര്‍ബുദം തടയാം; ഈ നാല് ഭക്ഷണം പതിവാക്കൂ...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam