Monkeypox Transmission : മങ്കിപോക്സ് കൂടുതലും പുരുഷന്മാരില്‍; മുന്നറിയിപ്പുമായി വിദഗ്ധര്‍

By Web TeamFirst Published Jul 25, 2022, 9:55 PM IST
Highlights

രോഗത്തെ മുൻനിര്‍ത്തി സ്വവര്‍ഗരതിക്കാരോ ബൈസെക്ഷ്വലോ ആയ പുരുഷന്മാരോട് വേര്‍തിരിവ് കാണിക്കുകയോ, അവരെ ഒറ്റപ്പെടുത്തുകയോ ചെയ്യുന്നത് ശരിയല്ല. നേരത്തെ തന്നെ ഈ കമ്മ്യൂണിറ്റിയോട് സമൂഹത്തിന് വികലമായ സമീപനമുണ്ട്, അത് മങ്കിപോക്സിന്‍റെ പശ്ചാത്തലത്തില്‍ കൂടുതലാകാമെന്നും ഇദ്ദേഹം പറയുന്നു. 

മങ്കിപോക്സ് രോഗത്തെ ( Monkeypox Disease ) കുറിച്ച് ഇതിനോടകം തന്നെ ഏവരും കേട്ടിരിക്കാം. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്കും മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും പകരുന്ന വൈറല്‍ രോഗമായ മങ്കിപോക്സ് ഇപ്പോള്‍ എവുപതിലധികം രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുകയാണ്. ഇന്ത്യയില്‍ ഇതുവരെ നാല് കേസുകളാണ് വന്നിട്ടുള്ളത്. ഇതില്‍ യാത്ര ചെയ്യാത്ത ഒരാള്‍ കൂടി ഉള്‍പ്പെടുന്നു എന്നത് രാജ്യത്ത് ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. 

ഈ സാഹചര്യത്തില്‍ രോഗവുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദാംശങ്ങളെ കുറിച്ച് ഏവരും തേടുകയാണ്. മങ്കിപോക്സ്, രോഗിയുമായി വളരെ അടുത്ത സമ്പര്‍ക്കത്തിലൂടെയാണ് കാര്യമായും പകരുന്നത്. നിലവില്‍ രോഗബാധ ഏറ്റവുമധികം കാണപ്പെടുന്നത് സ്വവര്‍ഗരതിക്കാരായ ( Gay Community ) പുരുഷന്മാരിലാണ്. 

മങ്കിപോക്സ് പോലുള്ള ( Monkeypox Disease ) പകര്‍ച്ചവ്യാധികള്‍ പ്രധാനമായും കമ്മ്യൂണിറ്റികളെ ( കൂട്ടങ്ങള്‍) അടിസ്ഥാനമാക്കിയാണ് പടരുക. ഏതൊരു കമ്മ്യൂണിറ്റിയിലാണോ രോഗികള്‍ അധികമുള്ളത് അവിടെ തന്നെ കൂടുതല്‍ രോഗികള്‍ വരാം. അത്തരത്തില്‍ മങ്കിപോക്സ് ഇക്കുറി വ്യാപകമായിട്ടുള്ളത് സ്വവര്‍ഗരതിക്കാരോ, ബൈസെക്ഷ്വലോ ആയിട്ടുള്ള പുരുഷന്മാര്‍ക്കിടയിലാണ്. 

അതുകൊണ്ട് തന്നെ ഈ കമ്മ്യൂണിറ്റിയിലുള്‍പ്പെടുന്ന പുരുഷന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ് വിദഗ്ധര്‍. ഇപ്പോഴിതാ ലോകാരോഗ്യസംഘടനാ പ്രതിനിധിയായ ആൻഡി സീല്‍ ഈ വിഷയത്തില്‍ ചില കാര്യങ്ങള്‍ പങ്കുവയ്ക്കുകയാണ്. 

മങ്കിപോക്സിനെ സംബന്ധിച്ച് ഇത് ഏത് പ്രായക്കാരിലും ലിംഗഭേദമെന്യേ വരാമെന്നാണ് ഇദ്ദേഹം പറയുന്നത്. എന്നാലിപ്പോള്‍ രോഗം വ്യാപകമാകുന്ന കമ്മ്യൂണിറ്റി തീര്‍ച്ചയായും സ്വവര്‍ഗരതിക്കാരും ബൈസെക്ഷ്വലും ആയ പുരുഷന്മാരുടേതാണ്. അതുകൊണ്ടാണ് അവര്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കുന്നതെന്ന് ആൻഡി സീല്‍ പറയുന്നു. 

അതേസമയം രോഗത്തെ മുൻനിര്‍ത്തി സ്വവര്‍ഗരതിക്കാരോ ( Gay Community ) ബൈസെക്ഷ്വലോ ആയ പുരുഷന്മാരോട് വേര്‍തിരിവ് കാണിക്കുകയോ, അവരെ ഒറ്റപ്പെടുത്തുകയോ ചെയ്യുന്നത് ശരിയല്ല. നേരത്തെ തന്നെ ഈ കമ്മ്യൂണിറ്റിയോട് സമൂഹത്തിന് വികലമായ സമീപനമുണ്ട്, അത് മങ്കിപോക്സിന്‍റെ പശ്ചാത്തലത്തില്‍ കൂടുതലാകാമെന്നും ഇദ്ദേഹം പറയുന്നു. 

നിലവില്‍ സ്ത്രീകളിലും കുട്ടികളിലും മങ്കിപോക്സ് വളരെ കുറവായിട്ടാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. എങ്കിലും ഏവരും ഇതിനെതിരായ പ്രതിരോധമാര്‍ഗങ്ങള്‍ അവലംബിക്കേണ്ടതുണ്ട്. 

രോഗിയുമായി അടുത്തിടപഴകുന്നത്, തൊടുന്നത്, ഉമ്മവയ്ക്കുന്നത്, കിടക്ക പങ്കിടുന്നത്, ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് എന്നിവയെല്ലാം രോഗം പകരാനുള്ള സാധ്യതകളെ ഏറെ വര്‍ധിപ്പിക്കുന്നു. അതിനാല്‍ ഇക്കാര്യങ്ങളെല്ലാം ശ്രദ്ധിക്കുക.

Also Read:- മങ്കിപോക്സ്; രോഗബാധയുണ്ടായി എപ്പോള്‍ തൊട്ട് ലക്ഷണങ്ങള്‍ കാണാം?

click me!