
സംസ്ഥാനത്ത് മങ്കിപോക്സ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് കേരളത്തിലെത്തിയയാൾക്ക് വാനര വസൂരിയുടെ (മങ്കിപോക്‌സ്) ലക്ഷണങ്ങൾ കണ്ടതോടെ ഇദ്ദേഹത്തെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇയാൾക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് അറിയിച്ചു. 35 വയസ്സുള്ള പുരുഷനാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നും മന്ത്രി അറിയിച്ചു.
ആഫ്രിക്കയിൽ നിന്നു മറ്റു രാജ്യങ്ങളിലേക്കു വ്യാപിക്കുന്ന മങ്കിപോക്സ് കേസുകളിൽ വൻ വർധനവുണ്ടെന്ന് ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഒരാഴ്ചയ്ക്കിടെ 77% ആണ് വർധന. ചിക്കൻപോക്സിന് സമാനമായ ലക്ഷണങ്ങളാണ് രോഗത്തിന്റേത്. ആദ്യം ചുവന്ന പാടാണ് വരിക പിന്നീടിത് കുമിളയാകും. പനി, ശരീരവേദന, തലവേദന ലക്ഷണങ്ങൾ കാണിച്ചേക്കും.
21 ദിവസമാണ് ഇൻക്യുബേഷൻ പിരീഡ്. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് മങ്കിപോക്‌സ് അഥവാ വാനരവസൂരി. തീവ്രത കുറവാണെങ്കിലും 1980ൽ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓർത്തോപോക്‌സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി മങ്കി പോക്സ് ലക്ഷണങ്ങൾക്ക് സാദൃശ്യമുണ്ട്.
മങ്കി പോക്സ് : ലോകാരോഗ്യ സംഘടന യോഗം ചേരും,രോഗപ്പകർച്ച തടയാൻ സർക്കാരുകൾ ശ്രദ്ധിക്കണമെന്ന് നിർദേശം
പ്രധാനമായും മധ്യ, പടിഞ്ഞാറൻ ആഫ്രിക്കയിലാണ് ഈ രോഗം കാണപ്പെടുന്നത്. 1958ലാണ് ആദ്യമായി കുരങ്ങുകളിൽ രോഗം സ്ഥിരീകരിച്ചത്. 1970ൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ 9 വയസുള്ള ആൺകുട്ടിയിലാണ് മനുഷ്യരിൽ മങ്കി പോക്സ് ആദ്യമായി കണ്ടെത്തിയത്.
കുട്ടികളിൽ ശ്രദ്ധിക്കേണ്ടത്...
മങ്കിപോക്സ് വ്യാപിക്കുന്ന ഈ സമയത്ത് കുട്ടികളെ കൂടുതലായി ശ്രദ്ധിക്കണമെന്ന് വിദഗ്ധർ പറയുന്നു.
മങ്കിപോക്സ് അണുബാധയുടെ സാധ്യത കുട്ടികളിൽ അപൂർവവും സൗമ്യവുമാണെങ്കിലും ഈ വൈറൽ അണുബാധകളെക്കുറിച്ച് കൂടുതൽ ജാഗ്രത പാലിക്കാൻ മാതാപിതാക്കളോട് ആവശ്യപ്പെടുന്നു...- ഏഷ്യൻ ഹോസ്പിറ്റലിലെ സാംക്രമിക രോഗ വിദഗ്ധൻ ഡോ. ചാരു ദത്ത് അറോറ പറയുന്നു.
കുട്ടിയുടെ ശരീരത്തിലെ ഏത് മാറ്റവും നിരീക്ഷിക്കുകയും അസാധാരണമായ ഏതെങ്കിലും ലക്ഷണങ്ങളും കണ്ടാൽ ഉടൻ ഡോക്ടറെ കാണുക. മിതമായതും ഉയർന്നതുമായ പനി,തിണർപ്പ്, ശരീരവേദന എന്നിവയാണ് കുട്ടികളിൽ മങ്കിപോക്സിന്റെ ഏറ്റവും സാധാരണമായ ആദ്യ ലക്ഷണങ്ങളെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
മങ്കിപോക്സ് അണുബാധ ബാധിച്ചാൽ തുടക്കത്തിൽ ചർമ്മത്തിൽ തിണർപ്പ് പ്രത്യക്ഷപ്പെടാൻ തുടങ്ങും. തിണർപ്പ് കൈകളിലേക്കും കാലുകളിലേക്കും വ്യാപിക്കും. തിണർപ്പ് കൂടുതലും ദ്രാവകം നിറഞ്ഞതായിരിക്കാമെന്നും ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മങ്കിപോക്സ് വൈറസ് ബാധിച്ച കുട്ടികളിലെ പനി മുതിർന്നവരേക്കാൾ താരതമ്യേന കൂടുതലാണ്. ഇത് 101 F മുതൽ 102 F അല്ലെങ്കിൽ താപനില അതിലും കൂടാം.
മങ്കി പോക്സ്: 42 വർഷം മുൻപ് ഭൂമുഖത്ത് നിന്ന് നീക്കിയ വസൂരിയുമായി സാമ്യം: അറിയേണ്ടതെല്ലാം'
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam