Monkeypox Symptoms : മങ്കിപോക്സ്; രോഗബാധയുണ്ടായി എപ്പോള്‍ തൊട്ട് ലക്ഷണങ്ങള്‍ കാണാം?

By Web TeamFirst Published Jul 24, 2022, 2:42 PM IST
Highlights

നേരത്തേ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മങ്കിപോക്സ് കേസുകളില്‍ കേരളത്തില്‍ നിന്ന് അടക്കമുള്ള രോഗികള്‍ വിദേശത്ത് നിന്ന് എത്തിയതിന് ശേഷമാണ് രോഗബാധയുള്ളതായി കണ്ടെത്തിയത്. എന്നാല്‍ ഇന്ന് ദില്ലിയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന കേസില്‍ രോഗി യാത്രകളൊന്നും ചെയ്തിട്ടില്ലയെന്നത് വലിയ തോതിലാണ് ആശങ്കയുയര്‍ത്തുന്നത്. 

മങ്കിപോക്സ് രോഗത്തെ ( Monkeypox Disease ) കുറിച്ച് ഇതിനോടകം തന്നെ ഏവരും കേട്ടിരിക്കും. ഇപ്പോള്‍ ദില്ലിയില്‍ ഒരു കേസ് കൂടി സ്ഥിരീകരിച്ചതോടെ ഇന്ത്യയില്‍ നാല് മങ്കിപോക്സ് കേസുകളായിരിക്കുകയാണ്. ഇന്നലെ മങ്കിപോക്സിനെ ലോകാരോഗ്യസംഘടന ആഗോള പകര്‍ച്ചവ്യാധിയായും പ്രഖ്യാപിച്ചിരുന്നു. 

നേരത്തേ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മങ്കിപോക്സ് കേസുകളില്‍ കേരളത്തില്‍ നിന്ന് അടക്കമുള്ള രോഗികള്‍ വിദേശത്ത് നിന്ന് എത്തിയതിന് ശേഷമാണ് രോഗബാധയുള്ളതായി കണ്ടെത്തിയത്. എന്നാല്‍ ഇന്ന് ദില്ലിയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന കേസില്‍ രോഗി യാത്രകളൊന്നും ചെയ്തിട്ടില്ലയെന്നത് വലിയ തോതിലാണ് ആശങ്കയുയര്‍ത്തുന്നത്. 

അങ്ങനെയെങ്കില്‍ കൂടുതല്‍ പേരില്‍ രോഗം കാണാമെന്നതിലേക്കാണ് ഈ വിവരം വിരല്‍ചൂണ്ടുന്നത്. ആ സാഹചര്യത്തില്‍ മങ്കിപോക്സ് സംബന്ധിച്ച അടിസ്ഥാനപരമായ വിവരങ്ങളെ കുറിച്ച് അന്വേഷിക്കുകയാണ് ഏവരും. എങ്ങനെയാണ് രോഗം പകരുക? എന്താണിതിന്‍റെ ലക്ഷണങ്ങള്‍?  ( Monkeypox Symptoms ) എപ്പോഴാണ് ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുക തുടങ്ങിയ കാര്യങ്ങളെല്ലാം അറിയേണ്ടതുണ്ട്.

എന്താണ് മങ്കിപോക്സ്?

മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് എത്തുകയും മനുഷ്യരില്‍ നിന്ന് പിന്നീട് മനുഷ്യരിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നതുമായ വൈറല്‍ രോഗമാണിത്. ഏറെ ഗുരുതരമായ അവസ്ഥകളിലേക്ക് നീങ്ങില്ലെങ്കില്‍ പോലും വേദനാജനകമായ അവസ്ഥയാണ് രോഗം മൂലമുണ്ടാവുക. ദിവസങ്ങളോളം ഇത്തരത്തില്‍ തുടരുന്നത് രോഗിയെ ശാരീരികമായും മാനസികമായും ബാധിക്കാം. ഇത്തരത്തിലുള്ള രോഗാനുഭവങ്ങള്‍ പലരും തുറന്ന് പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. 

എങ്ങനെയാണ് മങ്കിപോക്സ് പകരുന്നത്?

നേരത്തെ സൂചിപ്പിച്ചത് പോലെ മൃഗങ്ങളില്‍ നിന്നാണ് ഇത് മനുഷ്യരിലേക്ക് എത്തുന്നത്. ആഫ്രിക്കൻ രാജ്യങ്ങളില്‍ നിന്നായിരുന്നു ഇത് ആദ്യമായി പൊട്ടിപ്പുറപ്പെട്ടത്. 1970കളില്‍ തന്നെ മങ്കിപോക്സ് രോഗം ( Monkeypox Disease ) ഇത്തരത്തില്‍ സ്ഥിരീകരിക്കപ്പെട്ടതാണ്. പിന്നീട് പല ഇടവേളകളിലും പല രാജ്യങ്ങളിലും അവിടവിടെയായി മങ്കിപോക്സ് കണ്ടെത്തപ്പെട്ടു. അധികവും ആഫ്രിക്കൻ രാജ്യങ്ങളില്‍ തന്നെ. 

ഇത്തവണ പക്ഷേ, യൂറോപ്യൻ രാജ്യങ്ങളാണ് കാര്യമായും മങ്കിപോക്സിന്‍റെ പിടിയിലകപ്പെട്ടിരിക്കുന്നത്. 

വൈറസ് ബാധയേറ്റ മൃഗങ്ങളുമായുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെയാണ് ഇത് മനുഷ്യരിലേക്കുമെത്തുന്നത്. എന്നാലിപ്പോള്‍ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് കൈമാറിക്കൊണ്ടിരിക്കുന്ന അവസ്ഥയാണുള്ളത്. 

വളരെ അടുത്തിടപഴകുന്നതിലൂടെ മാത്രമേ ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് മങ്കിപോക്സ് പകരൂ. ലൈംഗികബന്ധത്തിലൂടെയാണ് നിലവില്‍ കാര്യമായും മങ്കിപോക്സ് പകര്‍ച്ച ഉണ്ടായിരിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതും സ്വവര്‍ഗരതിക്കാരായ പുരുഷന്മാരുടെ കമ്മ്യൂണിറ്റിയിലാണ് രോഗം സാരമായും വ്യാപിച്ചുകൊണ്ടിരിക്കുന്നത്. രോഗിയുടെ സ്രവകണങ്ങളിലൂടെയാണ് വൈറസ് മറ്റൊരാളിലേക്ക് കടക്കുന്നത്. എന്നാല്‍ കൊവിഡ് വൈറസ് പോലെ അത്ര എളുപ്പത്തില്‍ ഇത് പകരില്ല.

മങ്കിപോക്സ് ലക്ഷണങ്ങള്‍...

രോഗകാരിയായ വൈറസ് ശരീരത്തില്‍ കടന്ന്, 6-13 ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. ഇതിനോടകം തന്നെ ഇയാളുമായി അടുത്തിടപഴകിയിട്ടുള്ള മറ്റൊരാള്‍ക്ക് രോഗബാധയുണ്ടായേക്കാം. 

പനി, തലവേദന, മസില്‍ വേദന, കുളിര്, തളര്‍ച്ച, ലിംഫ് നോഡുകളില്‍ വീക്കം എന്നിവയാണ് രോഗലക്ഷണങ്ങള്‍   ( Monkeypox Symptoms ). ഇതിന് പുറമെ രോഗം മൂര്‍ച്ഛിക്കുമ്പോള്‍ ദേഹത്ത് വിവിധയിടങ്ങളിലായി ചെറിയ കുമിളകള്‍ രൂപപ്പെടുകയും അവയില്‍ പഴുപ്പ് നിറയുകയും ചെയ്യുന്നു. ഇതില്‍ നല്ലരീതിയില്‍ വേദനയനുഭവപ്പെടുകയും ചെയ്യാം. ചിലര്‍ക്ക് ചൊറിച്ചിലുമുണ്ടാകാം. 

ഇങ്ങനെ പഴുപ്പ് നിറഞ്ഞ കുമിളകള്‍ അധികവും ജനനേന്ദ്രിയത്തിന്‍റെ സമീപമായാണ് കാണുകയെന്ന് രോഗാനുഭവം തുറന്ന് പങ്കുവച്ചവര്‍ അറിയിച്ചിരുന്നു. ഇത് വലിയ തോതില്‍ ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നും ഇവര്‍ സാക്ഷ്യപ്പെടുത്തിയിരുന്നു. 

Also Read:- എന്തുകൊണ്ടാണ് ലോകാരോഗ്യ സംഘടന മങ്കിപോക്സ് ആഗോള പകർച്ചവ്യാധിയായി പ്രഖ്യാപിച്ചത്: 5 വസ്തുതകൾ

click me!