
സോഷ്യല്‍ മീഡിയയില്‍ ഓരോ സമയത്തും ഓരോ വിഷയങ്ങള്‍, അല്ലെങ്കില്‍ ഒന്നിലധികം വിഷയങ്ങള്‍ തന്നെ ട്രെൻഡ് ആകാറുണ്ട്. മിക്കവാറും ഇത്തരത്തില്‍ വരുന്ന ട്രെൻഡുകളില്‍ കാര്യമായ ഉള്ളടക്കങ്ങളൊന്നും ഉണ്ടാകണമെന്നില്ല. എന്നാല്‍ ഭൂരിഭാഗം പേരും അന്ധമായി ഇത് പിന്തുടരുകയും ചെയ്യും. ചില ട്രെൻഡുകളെങ്കിലും ഇങ്ങനെ കൂടുതല്‍ ചിന്തിക്കാതെ പിന്തുടരുമ്പോള്‍ അത് നമുക്ക് ദോഷമായും വരാം.
അത്തരത്തില്‍ ആരോഗ്യവിദഗ്ധരുടെ വിമര്‍ശനം നേടുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെൻഡിംഗ് ആയിരിക്കുന്നൊരു സംഗതി. 'മൗത്ത്ടേപ്പിംഗ്' ട്രെൻഡ് അഥവാ വായ ടേപ്പ് വച്ച് ഒട്ടിച്ച് മൂടിവയ്ക്കുക. ഇങ്ങനെ കേട്ടാല്‍ ഒരുപക്ഷെ, ഇതെന്താണെന്ന് മനസിലാകണമെന്നില്ല. കാര്യം വിശദമാക്കാം.
അതായത് രാത്രിയില്‍ ഉറങ്ങുമ്പോള്‍ വായ തുറന്ന് ഉറങ്ങാതിരിക്കാനും, കൂര്‍ക്കംവലി ഒഴിവാക്കാനുമെല്ലാം ഇങ്ങനെ വായ ടേപ്പ് വച്ചൊട്ടിച്ച് കിടന്നാല്‍ മതിയത്രേ. ഇതാണ് ട്രെൻഡ് ആയിരിക്കുന്നത്. ഇതോടെ ധാരാളം പേര്‍ ഇത് പരീക്ഷിക്കുകയും ഫോട്ടോകളും ഇതിന്‍റെ അനുഭവവും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുകയും ചെയ്യുകയാണ്.
എന്നാല്‍ എല്ലാവരും ഈ ട്രെൻഡ് അന്ധമായി പിൻപറ്റുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്ന അഭിപ്രായമാണ് ചില ഡോക്ടര്‍മാര്‍ പങ്കുവയ്ക്കുന്നത്. ചിലരില്‍ ഉറങ്ങുന്ന സമയത്ത് ഇത് ഗുരുതരമായ ശ്വസനസംബന്ധമായ പ്രശ്നങ്ങളുണ്ടാക്കുമെന്നും പ്രത്യേകിച്ച് 'സ്ലീപ് അപ്നിയ' പോലുള്ള പ്രശ്നങ്ങളുള്ളവരില്‍ ഇത് പ്രയാസം സൃഷ്ടിക്കുമെന്നും ഡോക്ടര്‍മാര്‍ ഓര്‍മ്മിപ്പിക്കുന്നു.
ഇതിന് പുറമെ ടേപ്പിനോട് അലര്‍ജി, അസ്വസ്ഥത എന്നിവയുണ്ടാക്കാമെന്നും ഇതും വലിയ പ്രശ്നമാകാമെന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.
'ടേപ്പ് ഒട്ടിച്ച് ഉറങ്ങുകയെന്ന രീതി പുതിയതല്ല. എന്നാലിത് എത്രമാത്രം ഗുണകരമാണെന്നതിന് അത്ര തെളിവുകളൊന്നും ഇതുവരെ ലഭിച്ചില്ല. എന്നുമാത്രമല്ല ഒബ്സ്ട്രക്ടീവ് സ്ലീപ് അപ്നിയ ഉള്ളവരാണെങ്കില്‍ അവരിലിത് അപകടമാകാനും സാധ്യതയുണ്ട്. അതിനാല്‍ എല്ലാവരും ഈ ട്രെൻഡ് ഫോളോ ചെയ്യേണ്ടതില്ല. ആവശ്യമെന്ന് തോന്നുന്നവര്‍ ആദ്യം ഡോക്ടറുമായി കണ്‍സള്‍ട്ട് ചെയ്യുക. സ്ലീപ് അപ്നിയ പോലുള്ള പ്രശ്നങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്തുക...'- സ്ലീപ് സ്പെഷ്യലിസ്റ്റായ ഡോ.രാജ് ദാസ്ഗുപ്ത പറയുന്നു.
Also Read:-ഉച്ചത്തിലുള്ള കൂര്‍ക്കംവലി നിസാരമാക്കിയെടുക്കേണ്ട; നിങ്ങളറിയേണ്ടത്...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam