രാത്രിയില്‍ ഉറങ്ങാതെ പകല്‍ പലപ്പോഴായി ഉറങ്ങി ഇതിനെ പരിഹരിക്കാൻ ശ്രമിക്കുന്നതില്‍ ഫലമില്ലെന്നും ഡോക്ടര്‍മാര്‍ വിവരിക്കുന്നു. രാത്രിയില്‍ മുതിര്‍ന്നവരാണെങ്കില്‍ നിര്‍ബന്ധമായും ആറ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങേണ്ടതുണ്ട്.

ഉറങ്ങുമ്പോള്‍ കൂര്‍ക്കംവലിക്കുന്നത് ചിലരുടെ ശീലമാണ്. കൂര്‍ക്കംവലി തന്നെ പല രീതിയിലാണ് വരുന്നത്. ചിലര്‍ക്ക് എപ്പോഴും ഇതുണ്ടാകണമെന്നില്ല. ചിലര്‍ക്കാകട്ടെ കൂര്‍ക്കംവലി പതിവായിരിക്കുകയും ചെയ്യും. കൂര്‍ക്കംവലിച്ച് ഉറങ്ങുന്നു എന്നത് എല്ലാം മറന്ന് ഗാഢനിദ്രയിലായതിന്‍റെ തെളിവായിട്ടാണ് പൊതുവെ ഏവരും കണക്കാക്കുന്നത്. ഉച്ചത്തില്‍ കൂര്‍ക്കംവലിക്കുകയാണെങ്കില്‍ ഉറക്കം അത്രയും ആഴത്തിലാണെന്ന് ചിന്തിക്കുന്നവരുമുണ്ട്.

എന്നാല്‍ സത്യം ഇതല്ലെന്നാണ് വിദഗ്ധര്‍ സൂചിപ്പിക്കുന്നത്. പൊതുവെ കൂര്‍ക്കംവലിക്കുന്നത് അത്ര ആരോഗ്യകരമായ സംഗതിയായിട്ടല്ല കണക്കാക്കേണ്ടതത്രേ. ഇതോടൊപ്പം തന്നെ ഉച്ചത്തില്‍ കൂര്‍ക്കംവലിക്കുന്നവരാണെങ്കില്‍ അവരുടെ ഉറക്കം ശരിയാകുന്നില്ലെന്ന് വേണമത്രേ നാം മനസിലാക്കാൻ.

ശ്വാസഗതി ശരിയാംവിധം നടക്കാതെ ഉറക്കം അലോസരപ്പെട്ട് തുടരുന്നുവെന്നാണ് ഉച്ചത്തിലുള്ള കൂര്‍ക്കംവലിയിലൂടെ നാം മനസിലാക്കേണ്ടതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പ്രധാനമായും 'സ്ലീപ് അപ്നിയ' എന്ന രോഗാവസ്ഥയുള്ളവരിലാണ് ഉച്ചത്തിലുള്ള കൂര്‍ക്കംവലി കാണുന്നതെന്നും ഇവര്‍ സൂചിപ്പിക്കുന്നു. 

'സ്ലീപ് അപ്നിയ നമ്മുടെ നാട്ടില്‍ ഒട്ടും ഗൗരവമായി എടുക്കാത്ത അവസ്ഥയാണ്. ജീവിതത്തിന്‍റെ ആകെ ആരോഗ്യകരമായ മുന്നോട്ടുപോക്കിന് നല്ല ആഴത്തിലുള്ള തുടര്‍ച്ചയായ ഉറക്കം അത്യാവശ്യമാണ്. എന്നാല്‍ സ്ലീപ് അപ്നിയ ഉള്ളയാളുകളെ സംബന്ധിച്ച് ഇത് നടക്കില്ല. ഭാവിയില്‍ പക്ഷാഘാതം , അതാത് സ്ട്രോക്ക്, റോഡപകടം, ബിപി, അനിയന്ത്രിതമായ പ്രമേഹം എന്നിവയിലേക്കെല്ലാം സ്ലീപ് അപ്നിയ നമ്മെ നയിക്കാം...'- ഡോ. അരുണ്‍ ചൗധരി പറയുന്നു. ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ സ്പെഷ്യലൈസ് ചെയ്യുകയാണ് ദില്ലിയില്‍ നിന്നുള്ള ഡോ. അരുണ്‍ ചൗധരി. 

നിത്യജീവിതത്തിലെ ജോലി, ബന്ധങ്ങള്‍, വിദ്യാഭ്യാസം, ബിസിനസ് തുടങ്ങി എല്ലാ മേഖലെയും സ്ലീപ് അപ്നിയ തളര്‍ത്തുമെന്നും വിദഗ്ധര്‍ എടുത്തുപറയുന്നു. എന്നാല്‍ മിക്കവരും ഇക്കാര്യം ശ്രദ്ധിക്കാറോ പരിഹരിക്കാൻ ശ്രമിക്കാറോ ഇല്ലെന്നത് ഖേദകരമാണെന്നും ഇവര്‍ വ്യക്തമാക്കുന്നു.

രാത്രിയില്‍ ഉറങ്ങാതെ പകല്‍ പലപ്പോഴായി ഉറങ്ങി ഇതിനെ പരിഹരിക്കാൻ ശ്രമിക്കുന്നതില്‍ ഫലമില്ലെന്നും ഡോക്ടര്‍മാര്‍ വിവരിക്കുന്നു. രാത്രിയില്‍ മുതിര്‍ന്നവരാണെങ്കില്‍ നിര്‍ബന്ധമായും ആറ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങേണ്ടതുണ്ട്. ഇതിലും കുറവ് സമയം ഉറങ്ങുന്നത് ചിന്താശേഷി, ഓര്‍മ്മശക്തി, ശ്രദ്ധ എന്നിവയെ എല്ലാം ബാധിക്കുകയും ക്രമേണ വിഷാദരോഗം, ഉത്കണ്ഠ പോലുള്ള മാനസികപ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യാം. 

പതിവായി തളര്‍ച്ചയും ഇതോടെ അനുഭവപ്പെടാം. ഒന്നിലും താല്‍പര്യമില്ലായ്മ, മുൻകോപം, അക്ഷമ എന്നിങ്ങനെയുള്ള പ്രയാസങ്ങളെല്ലാം നേരിടാം. അതിനാല്‍ തന്നെ 'ഇൻസോമ്നിയ' അഥവാ രാത്രിയിലെ ഉറക്കമില്ലായ്മയും കാരണം കണ്ടെത്തി പരിഹരിക്കേണ്ടതുണ്ടെന്ന് ഡോക്ടര്‍മാര്‍ ഓര്‍മ്മിപ്പിക്കുന്നു. 

Also Read:- ഉറക്കമുണര്‍ന്ന ശേഷം ക്ഷീണം അനുഭവപ്പെടാറുണ്ടോ? വീണ്ടും കിടക്കാൻ തോന്നാറുണ്ടോ?