കൊവിഡ് കാലത്തെ നഖംകടി; ജീവനെടുത്തേക്കാവുന്ന ഈ ദുശ്ശീലം എങ്ങനെ നിർത്താം?

By Web TeamFirst Published Jun 24, 2021, 2:37 PM IST
Highlights

ഈ കോവിഡ് കാലത്ത് രോഗം ഏതുവഴിക്കും വരാനുള്ള സാധ്യത നിലനിൽക്കെ, അത് നമ്മൾ തന്നെ  ക്ഷണിച്ചു വരുത്തേണ്ടതില്ലല്ലോ

നഖം കടി എന്ന ദുശ്ശീലത്തെ നിർത്താൻ നിങ്ങളുടെ ജീവിതത്തിൽ ഇതിലും മികച്ച ഒരവസരം ഇനി വേറെയില്ല. കൊവിഡ് 19 അതിന്റെ രണ്ടാം തരംഗത്തിൽ എത്തി നിൽക്കുകയാണ്. ഇതുവരെ  വന്നതിനേക്കാൾ ഒക്കെ മാരകമായ ഒരു മൂന്നാം തരംഗം ഇനിയുമുണ്ടാവാം എന്നും പറയുന്നുണ്ട്. അതുകൊണ്ടുതന്നെ ഇടയ്ക്കിടെ സാനിറ്റൈസർ കൊണ്ട് കൈകൾ കഴുകുക,  സാമൂഹിക അകലം പാലിക്കുക, ഇടക്കിടക്ക് മൂക്കും കണ്ണും വായുമൊക്കെ ഒക്കെ തൊടുകയും തിരുമ്മുകയുമൊക്കെ ചെയ്യുന്ന ശീലം നിർത്തുക എന്നൊക്കെയുള്ള നിർദേശങ്ങൾ ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. ഇതിൽ അവസാനം പറഞ്ഞത്, 'ഇടക്കിടക്ക് കൈവിരലുകൾ വായിലേക്ക് കൊണ്ടുപോയി ഓരോ കടി കടിക്കുക' എന്ന പ്രവൃത്തി ഒഴിവാക്കുക എന്നത്, നഖം കടിക്കുന്ന ശീലമുള്ളവർക്ക് ചെയ്യാൻ ഏറെ പ്രയാസമുള്ള ഒരു കാര്യമാണ്. 

എന്തിനാണ് പലരും നഖം കടിക്കുന്നത്? 

നഖം കടി പലപ്പോഴും ബന്ധപ്പെടുത്തപ്പെടാറുള്ളത് മാനസിക സംഘര്ഷങ്ങളുമായിട്ടാണ് എങ്കിലും, അതല്ലാതെയും പല കാരണങ്ങൾ ഈ ശീലത്തിനുണ്ട്. കുട്ടികളിലാണ് ഈ ശീലം ഏറ്റവും അധികമായി കണ്ടുവരുന്നത്. മൂന്നിലൊന്നു കുട്ടികളിലും ഈ ദുഃശീലമുണ്ടെന്നാണ് കണക്ക്. കടിച്ചു കടിച്ച് നഖത്തോടൊപ്പം, വിരലുകളുടെ അഗ്രത്തിൽ നഖത്തോടു ചേർന്ന് കിടക്കുന്ന ഭാഗത്തെ തൊലിയും ചിലപ്പോൾ കടിച്ചെടുത്തു എന്ന് വരം. ഇത് വിരലുകളിൽ അണുബാധ ഉണ്ടാവാനും, പഴുപ്പ് രൂപപ്പെടാനും വരെ കാരണമാകാം. ഇന്നത്തെ സാഹചര്യത്തിൽ പൊതു ഇടങ്ങളിൽ ജോലി ചെയ്യേണ്ടി വരുന്നവരിൽ ഈ ഒരു ശീലം അനിയന്ത്രിതമായി കൂടെ ഉണ്ടെങ്കിൽ അത് അവർക്ക് കോവിഡ് വരാനുള്ള സാധ്യത പലമടങ്ങായി വർധിപ്പിക്കുന്നു. ആ അർത്ഥത്തിൽ, നിങ്ങളുടെ ജീവൻ വരെ അപഹരിക്കാനുള്ള ശേഷി ഈ കുഞ്ഞു ദുഃശീലത്തിനുണ്ട്‌. 

എങ്ങനെ നിർത്താം നഖം കടി ? 

കുട്ടിക്കാലം തൊട്ടുതന്നെ ഇങ്ങനെ ഒരു ശീലം, ഒരിക്കലും നിർത്താൻ ബോധപൂർവം ശ്രമിച്ചിട്ടില്ലാത്ത വിധത്തിൽ കൂടെ ഉണ്ടെങ്കിൽ, അത് സാഹചര്യം ഇനി എത്ര വഷളാണ് എന്നിരിക്കിലും അത്ര എളുപ്പത്തിൽ നിർത്താൻ സാധിക്കില്ല. "നഖം കടി നിർത്തുക ഏറെ ദുഷ്കരമാണ്, എന്നാൽ അത് അസാധ്യമല്ല "  എന്നാണ് ന്യൂയോർക്ക് സർവകലാശാലയിലെ ത്വക്‌രോഗ വിദഗ്ധൻ ഇവാൻ റൈഡർ അഭിപ്രായപ്പെടുന്നത്. "അത് ചെയ്യണമെങ്കിൽ അസാമാന്യമായ ഇച്ഛ ശക്തി തന്നെ ഈ ശീലമുള്ളവരിൽ നിന്നുണ്ടാവേണ്ടതാണ്. 

നഖം കടി നിർത്തണം എന്ന് നിങ്ങൾക്ക് ഉള്ളിൽ തോന്നലുണ്ടായില്ലെങ്കിൽ നിർത്തുക പ്രയാസം തന്നെ. നിർത്തണം എന്നുള്ള അദമ്യമായ ആഗ്രഹമാണ് ആദ്യം തന്നെ ഉള്ളിൽ ഉണ്ടാക്കേണ്ടത്. 

സാധാരണ പറഞ്ഞു കേൾക്കാറുള്ള ഉപാധികൾ നെയിൽ പോളിഷ് ഇടുക, മാനിക്യൂർ ചെയ്യുക, ച്യൂയിങ് ഗം ഉപയോഗിക്കുക എന്നിവയാണ്. എന്നാൽ, നഖം കടിക്ക് വല്ലാതെ അടിമപ്പെട്ടിട്ടുണ്ട് നിങ്ങളെങ്കിൽ ഇതൊന്നും തന്നെ ഫലിച്ചു കൊള്ളണമെന്നില്ല .

പലപ്പോഴും നഖം കടിച്ചുകൊണ്ടിരിക്കെ നമുക്ക് അങ്ങനെ ഒരു പ്രവൃത്തി ചെയ്തുകൊണ്ടിരിക്കുകയാണ് നമ്മളെന്ന തോന്നൽ ഉണ്ടാവണമെന്നില്ല. നഖം കടിച്ചു എന്ന് നമുക്ക് ഓർമ വരുന്ന ആ നിമിഷം തന്നെ അപ്പോഴത്തെ നമ്മുടെ മാനസികാവസ്ഥയെപ്പറ്റി ചെറുകുറിപ്പുകളിൽ പകർത്തി സൂക്ഷിക്കുക എന്നാണ് ഡോക്ടർമാർ തരുന്ന ആദ്യ ഉപദേശം.
ടിവി കാണുമ്പോഴാണോ, നെറ്റ് ബ്രൗസ് ചെയ്യുമ്പോഴാണോ, മെയിൽ ചെക്ക് ചെയ്യുമ്പോഴാണോ, അതോ വെറുതെ ഇരുന്നു ടെൻഷൻ അടിക്കുമ്പോഴാണോ നമുക്ക് നഖം കടിക്കാൻ തോന്നുന്നത് എന്നത് തിരിച്ചറിയുക എന്നതാണ് ആദ്യഘട്ടം. 

നഖം കടി നിർത്താനുള്ള ആഗ്രഹം, കടിക്കുന്നുണ്ട് എന്ന തിരിച്ചറിവ്, കടിക്കുന്നു എന്നറിഞ്ഞ നിമിഷത്തെ മനോവികാരങ്ങളുടെ സത്യസന്ധമായ വിലയിരുത്തൽ എന്നിവയാണ് സംഗതി നിർത്താൻ അത്യാവശ്യം വേണ്ടുന്ന ചിലത്.  

നഖം കടി നിർത്താനുള്ള ഒരു വഴി, കടിക്കാൻ തോന്നുമ്പോൾ ചെയ്യാവുന്ന മറ്റൊരു വഴി കണ്ടെടുക്കുക എന്നതാണ്. ഉദാ. ഇരു കൈകളിലെയും വിരൽ നഖങ്ങൾ തമ്മിൽ ഉരസുക, കൈവിരലുകൾ അടച്ചും തുറന്നും കൊണ്ടിരിക്കുക എന്നിങ്ങനെ ചിലത് അക്കൂട്ടത്തിൽ പെട്ടതാണ്. 

ഒരിക്കൽ നിർത്തിയാലും ഇടക്കൊക്കെ തിരികെ ഈ ശീലം കടന്നുവരാൻ സാധ്യതയുണ്ട്. അത് തിരിച്ചറിഞ്ഞുകൊണ്ട്, സംഗതി എന്നെന്നേക്കുമായി നിർത്താൻ പാകത്തിന് സ്വന്തം മനസ്സിനെ പരുവപ്പെടുത്താൻ നമുക്ക് തീർച്ചയായും സാധിക്കും. ഈ കോവിഡ് കാലത്ത് രോഗം ഏതുവഴിക്കും വരാനുള്ള സാധ്യത നിലനിൽക്കെ, അത് നമ്മൾ തന്നെ കൈവിരൽ നഖങ്ങൾ വായിൽ വെച്ച് കടിക്കുക എന്ന ദുശ്ശീലം വഴി ക്ഷണിച്ചു വരുത്തേണ്ടതില്ലല്ലോ.!
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!