കാൻസറിന്റെ മോളിക്കുലാർ ടെസ്റ്റ് റിസൾട്ട് വന്നപ്പോൾ ഞെട്ടിയത് ഞാൻ മാത്രമല്ല ഡോക്ടർമാർ കൂടിയാണ്; കുറിപ്പ്

Web Desk   | Asianet News
Published : Apr 09, 2021, 09:13 PM IST
കാൻസറിന്റെ മോളിക്കുലാർ ടെസ്റ്റ് റിസൾട്ട് വന്നപ്പോൾ ഞെട്ടിയത് ഞാൻ മാത്രമല്ല ഡോക്ടർമാർ കൂടിയാണ്; കുറിപ്പ്

Synopsis

' എന്റെ ക്യാൻസറിന്റെ മോളിക്കുലാർ ടെസ്റ്റ് റിസൾട്ട് വന്നപ്പോൾ ഞെട്ടിയത് ഞാൻ മാത്രമല്ല ഡോക്ടർമാർ കൂടിയാണ്. ഈ ഭൂമിയിൽ ഇത്രയും കോടിക്കണക്കിന് കാൻസർ രോഗികൾ ഉള്ളതിൽ ഇങ്ങനൊരു വകഭേദം ആദ്യമായാണ് മെഡിക്കൽ സയൻസിൽ രജിസ്റ്റർ ചെയ്യപ്പെടുന്നത് ...' - നന്ദു കുറിച്ചു.

മലയാളികള്‍ക്കു ഏറെ സുപരിചിതനായ വ്യക്തിയാണ് നന്ദു മഹാദേവ. കാൻസറിനെ സധൈര്യം നേരിട്ട് പു‍ഞ്ചിരിയോടെ മുന്നേറുന്ന ചെറുപ്പക്കാരനാണ് നന്ദു മഹാദേവ. നന്ദു തന്റെ ഓരോ ഫേസ് ബുക്ക് പോസ്റ്റിലും സ്നേഹവും രോഗവിവരങ്ങളും പങ്കുവയ്ക്കാറുണ്ട്. ജീവിതത്തിന്റെ ഒരു ഘട്ടത്തിലും പരാജയപ്പെടും എന്നു മുൻവിധിയെഴുതി തോൽക്കാൻ സ്വയം നിന്നുകൊടുക്കരുതെന്ന് നന്ദു പറയുന്നു.

ശരീരത്തിന്റെ പല അവയവങ്ങളിലേക്ക് കാൻസർ പടരുമ്പോഴും ഇനിയും മരുന്നുകൾ ഒന്നും തന്നെയില്ല എന്ന ഡോക്ടർമാർ വിധിയെഴുതുമ്പോഴും നിറഞ്ഞ ചിരിയോടെ മുന്നോട്ടുപോവുകയാണ് നന്ദു.  എന്റെ ക്യാൻസറിന്റെ മോളിക്കുലാർ ടെസ്റ്റ് റിസൾട്ട് വന്നപ്പോൾ ഞെട്ടിയത് ഞാൻ മാത്രമല്ല ഡോക്ടർമാർ കൂടിയാണ്. ഈ ഭൂമിയിൽ ഇത്രയും കോടിക്കണക്കിന് കാൻസർ രോഗികൾ ഉള്ളതിൽ ഇങ്ങനൊരു വകഭേദം ആദ്യമായാണ് മെഡിക്കൽ സയൻസിൽ രജിസ്റ്റർ ചെയ്യപ്പെടുന്നത് ...- നന്ദു കുറിച്ചു.

പോസ്റ്റിന്റെ പൂർണരൂപം വായിക്കാം...

വീണ്ടും വീണ്ടും ശരീരത്തിന്റെ ഓരോ അവയവങ്ങളേയും ക്യാൻസർ പിടി മുറുക്കുമ്പോഴും തളരാതെ ആത്മവിശ്വാസത്തോടെ ഇങ്ങനെ ചിരിക്കാൻ പറ്റുമോ സക്കീർ ഭായിക്ക്... 
അസഹനീയമായ വേദന ശരീരത്തെ കുത്തിക്കുത്തി നോവിക്കുമ്പോഴും ഇങ്ങനെ നിവർന്ന് നിന്ന് ജീവിതം പൊരുതാനുള്ളതാണെന്ന് പറയുവാൻ കഴിയുമോ സക്കീർ ഭായിക്ക്.. 
ഇനി പരീക്ഷിക്കുവാൻ മരുന്നുകൾ ബാക്കിയില്ല എന്ന് ഡോക്ടർമാർ പറയുമ്പോഴും സാരമില്ല സർ അവസാന നിമിഷം വരെയും നമുക്ക് ചെയ്യാനുള്ളതെല്ലാം ചെയ്യാം എന്നു പറഞ്ഞ് ഓരോ നിമിഷവും ആസ്വദിച്ചു ജീവിക്കുവാൻ കഴിയുമോ സക്കീർ ഭായിക്ക്... 
But I Can...! 
എനിക്ക് കഴിയും... 
അതു തന്നെയാണ് എന്നെ ഞാനാക്കുന്നതും..!! 
ഇനിയുള്ള യുദ്ധം ഒറ്റയ്ക്കാണ് ചങ്കുകളേ.... 
മിക്കവാറും ഇനി കൂട്ടിന് കീമോ മരുന്നുകളോ സർജറിയോ ഒന്നുമുണ്ടാകില്ല..!! 
എന്റെ ക്യാൻസറിന്റെ മോളിക്കുലാർ ടെസ്റ്റ് റിസൾട്ട് വന്നപ്പോൾ ഞെട്ടിയത് ഞാൻ മാത്രമല്ല ഡോക്ടർമാർ കൂടിയാണ്..
ഈ ഭൂമിയിൽ ഇത്രയും കോടിക്കണക്കിന് ക്യാൻസർ രോഗികൾ ഉള്ളതിൽ ഇങ്ങനൊരു വകഭേദം ആദ്യമായാണ് മെഡിക്കൽ സയൻസിൽ രജിസ്റ്റർ ചെയ്യപ്പെടുന്നത്..!! 
അതുകൊണ്ട് തന്നെ നിലവിൽ ഇതിനായി മരുന്നൊന്നുമില്ലത്രേ...
ഇനി എനിക്കായി ഒരു മരുന്ന് കണ്ടുപിടിക്കപ്പെടണം...
എനിക്കുറപ്പുണ്ട് അത്തരമൊരു മരുന്ന് കണ്ടുപിടിക്കപ്പെടുക തന്നെ ചെയ്യും...
അതിനായി കിണഞ്ഞു പരിശ്രമിക്കുന്ന എന്റെ ഡോക്ടർമാരുടെ സ്നേഹത്തിന് മുന്നിൽ ശിരസ്സ് നമിക്കുന്നു...! 
എനിക്കറിയാം എനിക്ക് മാത്രമല്ല പ്രശ്നങ്ങളും പ്രതിസന്ധികളും.. 
ഈ പോസ്റ്റ് വായിക്കുന്ന എന്റെ ചങ്കുകളിൽ ഭൂരിഭാഗം പേരും എന്തെങ്കിലും പ്രശ്നങ്ങളെ നേരിട്ടു കൊണ്ടിരിക്കുന്ന സാഹചര്യം ആയിരിക്കാം ഇത്..! 
ചിലർക്ക് സാമ്പത്തികം മറ്റു ചിലർക്ക് കുടുംബപ്രശ്നങ്ങൾ വേറെ ചിലർക്ക് ശാരീരികമോ മാനസികമോ ആയിട്ടുള്ള വിഷമതകൾ അങ്ങനെ പലതരത്തിൽ ആകുമത്...! 
പക്ഷേ നമ്മൾ തോറ്റു കൊടുക്കരുത്..
ചങ്കൂറ്റത്തോടെ നേരിടണം...
ജീവിതത്തിന്റെ ഒരു ഘട്ടത്തിലും പരാജയപ്പെടും എന്നു മുൻവിധിയെഴുതി തോൽക്കാൻ സ്വയം നിന്നുകൊടുക്കരുത്...
മുന്നിലുള്ള ഓരോ സാധ്യതകളും ഉപയോഗപ്പെടുത്തി പരമാവധി രക്ഷപ്പെടാൻ ശ്രമിക്കണം...!! 
അങ്ങനെ പൊരുതി ജയിക്കുന്നവരെ സമൂഹം അങ്ങേയറ്റം ഊഷ്മളതയോടെ സ്നേഹിക്കും...!! 
ഈയുള്ളവന്റെ ഏറ്റവും വലിയ നേട്ടം പേരോ പ്രശസ്തിയോ ഒന്നുമാണെന്ന് കരുതുന്നില്ല..അതിലൊന്നും വലിയ കാര്യവുമില്ല...
നെഞ്ചോടു ചേർത്തുവയ്ക്കാൻ അനേകം ഹൃദയബന്ധങ്ങൾ കിട്ടി എന്നുള്ളതിനെക്കാൾ വലുതായി മറ്റൊന്നുമില്ല...
അതൊരു പുണ്യമായി കരുതുന്നു..
ഓരോ ബന്ധങ്ങളും അത്രമേൽ അമൂല്യമാണെന്ന് മനസ്സിലാക്കുന്നു...!! 
നമ്മളെല്ലാവരും എപ്പോഴും ഒരു സ്നേഹവലയമാകണം...
ഞാനുമങ്ങനെയാണ്....
എന്നിൽ സ്നേഹം മാത്രമേയുള്ളൂ..
അപൂർവ്വം ചിലർക്കെങ്കിലും അത് അനുഭവപ്പെട്ടിട്ടില്ലെങ്കിൽ അത് നിങ്ങളെന്റെ ഹൃദയത്തിനുള്ളിലേക്ക് എത്തിനോക്കുവാൻ ധൈര്യപ്പെടാത്തത് കൊണ്ട് മാത്രമാണ്.. 
എൻറെയുള്ളിലേക്ക് എത്തിനോക്കുവാൻ ധൈര്യപ്പെടുന്നവരുടെ ഹൃദയത്തിലേക്ക് എന്റെയും സ്നേഹം ഒഴുകിയെത്തിയിരിക്കും.. 
ജീവിതം വളരെ ചെറുതാണ്...
ഇനി എനിക്കും നിങ്ങൾക്കും ഒക്കെ എത്ര നിമിഷങ്ങൾ ഉണ്ടെന്നോ എത്ര ദിവസങ്ങൾ ഉണ്ടെന്നോ എത്ര മാസങ്ങളോ വർഷങ്ങളോ ഉണ്ടെന്നോ ഒന്നും നമുക്കറിയില്ല...
അത് എത്ര തന്നെയായാലും കുഞ്ഞു കുഞ്ഞു തമാശകളും നല്ല നല്ല എഴുത്തുകളും പോസിറ്റീവ് ചിന്തകളും  സ്നേഹാന്വേഷണങ്ങളും ഒക്കെയായി നമ്മൾ അടിച്ചു പൊളിക്കും..ഒപ്പം
മതിലുകളില്ലാതെ അങ്ങട് സ്നേഹിക്കും.. 
ഒരു നിമിഷമെങ്കിൽ ഒരു നിമിഷം
പുകയാതെ ജ്വലിക്കും...അല്ലപിന്നെ... 
ശ്വാസകോശത്തിന് ഇൻഫെക്ഷൻ ബാധിച്ചു വേദന കൂടുതൽ ആയിട്ട് കഴിഞ്ഞ ഒരാഴ്ചയായി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ്... 
ഇന്നലെ മുതൽ റേഡിയേഷനും തുടങ്ങി... 
ഓരോ പരുങ്ങലിന് ശേഷവും പൂർവാധികം ഭംഗിയോടെയുള്ള അതിശക്തമായ തിരിച്ചുവരവാണ് എന്റെ ചരിത്രത്തിലുള്ളത് എന്ന് നിങ്ങൾക്കറിയാമല്ലോ...
ഇത്തവണയും കനലുകൾ ചവിട്ടിമെതിച്ചു ഞാൻ വരും..
ശാരീരികമായ വേദനകളും ബുദ്ധിമുട്ടുകളുമൊക്കെ ഉണ്ടെങ്കിലും മനസ്സുകൊണ്ട് ഞാൻ സുഖമായിരിക്കുന്നു..
സന്തോഷമായിരിക്കുന്നു...
എന്റെ പ്രിയപ്പെട്ട എല്ലാവർക്കും സുഖമാണെന്ന് വിശ്വസിക്കുന്നു.. 
ഞാനെന്നെ തന്നെ സർവ്വേശ്വരന് സമർപ്പിക്കുന്നു... 
എല്ലാവർക്കും നന്മയുണ്ടാകട്ടെ..!! 
പ്രാർത്ഥിക്കുക ചങ്കുകളേ... 
സ്നേഹപൂർവ്വം 
നിങ്ങളുടെ സ്വന്തം
നന്ദു മഹാദേവ ❤️
ഹൃദയത്തിന്റെ ലെൻസിലൂടെ സ്നേഹത്തിന്റെ ഫ്ലാഷടിപ്പിച്ച് ഫോട്ടം പിടിച്ചത് ന്റെ ചങ്ക് Thajudeen AJ


 

വീണ്ടും വീണ്ടും ശരീരത്തിന്റെ ഓരോ അവയവങ്ങളേയും ക്യാൻസർ പിടി മുറുക്കുമ്പോഴും തളരാതെ ആത്മവിശ്വാസത്തോടെ ഇങ്ങനെ ചിരിക്കാൻ...

Posted by Nandu Mahadeva on Friday, 9 April 2021

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഫാറ്റി ലിവര്‍ രോഗികള്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
സൂക്ഷിച്ചാൽ ദു:ഖിക്കണ്ട; ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരണത്തിന് കാരണം ഈ 7 'നിശബ്ദ കൊലയാളി' രോഗങ്ങൾ