Monkeypox : പുതിയ മങ്കിപോക്സ് ഇനം കണ്ടെത്തി; ഇതും ആഫ്രിക്കയില്‍ നിന്നെത്തിയ ആളില്‍

Published : Sep 02, 2022, 08:03 PM IST
Monkeypox : പുതിയ മങ്കിപോക്സ് ഇനം കണ്ടെത്തി; ഇതും ആഫ്രിക്കയില്‍ നിന്നെത്തിയ ആളില്‍

Synopsis

യുകെയിലടക്കം മങ്കിപോക്സ് സ്ഥിരീകരിച്ച മിക്ക രാജ്യങ്ങളിലും സ്വവര്‍ഗരതിക്കാരായ പുരുഷന്മാരിലാണ് കൂടുതലും രോഗം കണ്ടെത്തപ്പെട്ടത്. എന്നാലിത് വച്ച് മാത്രം മങ്കിപോക്സിനെ ലൈംഗികരോഗമായി കണക്കാക്കാനും സാധിക്കില്ല.

മങ്കിപോക്സ് രോഗത്തെ കുറിച്ച് നിലവില്‍ മിക്കവര്‍ക്കും അവബോധമുണ്ട്. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്കും, മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കുമായി പടരുന്ന വൈറല്‍ അണുബാധയാണ് മങ്കിപോക്സ്. പനി, ശരീരം മുഴുവൻ കുരുക്കള്‍/ കുമിളകള്‍ എന്നിങ്ങനെ വരുന്ന മങ്കിപോക്സ് രോഗത്തിന് ചിക്കൻപോക്സ് രോഗവുമായാണ് സാമ്യതയുള്ളത്.

ആഫ്രിക്കൻ രാജ്യങ്ങളില്‍ നിന്നാണ് ആദ്യമായി മങ്കിപോക്സ് വൈറസ് പൊട്ടിപ്പുറപ്പെട്ടത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഇത് മനുഷ്യരില്‍ കണ്ടെത്തുകയും ചെയ്തിരുന്നു. ഇടവേളകളിലായി പല രാജ്യങ്ങളിലും പിന്നീട് മങ്കിപോക്സ് എത്തയെങ്കിലും വ്യാപകമായി മങ്കിപോക്സ് പടരുന്നത് ഇക്കുറി മാത്രമാണ്. 

യുകെയിലാണ് മങ്കിപോക്സ് കാര്യമായും ഇത്തരത്തില്‍ പടര്‍ന്നത്. ഇപ്പോഴിതാ യുകെയില്‍ തന്നെ മങ്കിപോക്സിന്‍റെ പുതിയൊരിനം കൂടി സ്ഥിരീകരിച്ചിരിക്കുകയാണ്. ഇതുവരെ കണ്ടെത്തിയ കേസുകളില്‍ നിന്ന് വ്യത്യസ്തമാണിതത്രേ. എന്നാല്‍ പുതിയ ഇനത്തിന്‍റെ ലക്ഷണങ്ങള്‍, രോഗതീവ്രത എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും തന്നെ ഇതുവരെ ലഭ്യമായിട്ടില്ല. 

വെസ്റ്റ് ആഫ്രിക്കയില്‍ പോയി തിരികെയെത്തിയ ആളിലാണ് രോഗം കണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ വെസ്റ്റ് ആഫ്രിക്ക- സെൻട്രല്‍ ആഫ്രിക്ക എന്നിവിടങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ ജാഗ്രത പാലിക്കണെമന്നാണ് യുകെ നാഷണല്‍ ഹെല്‍ത്ത് ഏജൻസി അറിയിക്കുന്നത്. നിലവില്‍ രോഗം സ്ഥിരീകരിച്ചയാളെ അതീവസുരക്ഷിതമായി ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

ഇദ്ദേഹവുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന ആളുകളെ കണ്ടെത്താനുള്ള ശ്രമമാണ് ഇപ്പോള്‍ അവിടെ നടന്നുകൊണ്ടിരിക്കുന്നത്. ഇവരെയെല്ലാം ക്വാറന്‍റൈനില്‍ പ്രവേശിപ്പിക്കാൻ ആണ് തീരുമാനം. 

ഇതുവരെയും മങ്കിപോക്സ് പകര്‍ച്ചവ്യാധിയാണെന്നതില്‍ കവിഞ്ഞ് വലിയ രീതിയില്‍ ജീവന് ഭീഷണിയാകുന്ന രോഗമായി കണക്കാക്കപ്പെട്ടിട്ടില്ല. ഇനി പുതിയ ഇനം കണ്ടെത്തുമ്പോള്‍ ഇക്കാര്യത്തിലാണ് ആശങ്കയുണ്ടാകുന്നത്. ഒപ്പം തന്നെ രോഗബാധയുടെ കാര്യത്തിലും ആശങ്ക നിലനില്‍ക്കുന്നു. നേരത്തെയുള്ള വൈറസില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ വേഗത്തില്‍ രോഗവ്യാപനം നടത്തുമെങ്കില്‍ ഇത് വീണ്ടും വെല്ലുവിളി സൃഷ്ടിക്കാമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഇക്കാര്യങ്ങളിലൊന്നും ഇപ്പോള്‍ കാര്യമായ വിവരങ്ങള്‍ ലഭ്യമാകുന്നില്ലെന്നതാണ് സത്യം. 

യുകെയിലടക്കം മങ്കിപോക്സ് സ്ഥിരീകരിച്ച മിക്ക രാജ്യങ്ങളിലും സ്വവര്‍ഗരതിക്കാരായ പുരുഷന്മാരിലാണ് കൂടുതലും രോഗം കണ്ടെത്തപ്പെട്ടത്. എന്നാലിത് വച്ച് മാത്രം മങ്കിപോക്സിനെ ലൈംഗികരോഗമായി കണക്കാക്കാനും സാധിക്കില്ല. രോഗിയുമായുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെ രോഗം പകരാം. ജനനേന്ദ്രിയം അടക്കം ശരീരത്തിന്‍റെ വിവിധയിടങ്ങളില്‍ വേദനയും ചൊറിച്ചിലും അനുഭവപ്പെടുത്തുന്ന കുമിളകള്‍ പൊങ്ങുക, പനി, തളര്‍ച്ച എന്നിവയാണ് രോഗത്തിന്‍റെ പ്രധാന ലക്ഷണങ്ങള്‍. വന്നുകഴിഞ്ഞാല്‍ രോഗം ഭേദമാകുന്നത് വരെ കാര്യമായ പ്രയാസമാണെന്നാണ് രോഗത്തെ കുറിച്ച് തുറന്നുപങ്കുവച്ചിട്ടുള്ള രോഗികളെല്ലാം ചൂണ്ടിക്കാട്ടിയിട്ടുള്ളത്.

Also Read:- 'വേദന കൊണ്ട് അലറിക്കരയാൻ തോന്നി'; മങ്കിപോക്സ് അനുഭവം പങ്കുവച്ച് രോഗി

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഈ വിറ്റാമിനുകളുടെ അഭാവം ഹൃദയാരോഗ്യം തകരാറിലാവാൻ കാരണമാകുന്നു
വിറ്റാമിൻ ഇയുടെ കുറവിനെ തിരിച്ചറിയാം; ലക്ഷണങ്ങൾ