കൊവിഡിന് അണുനാശിനി ബെസ്റ്റെന്ന് ട്രംപ്; ലൈസോളും ബ്ലീച്ചും കുടിച്ച് 30 പേര്‍

By Web TeamFirst Published Apr 25, 2020, 2:11 PM IST
Highlights

 ട്രംപിന്‍റെ പ്രസ്താവനയ്ക്ക് പിന്നാലെ ന്യൂയോര്‍ക്കില്‍ നിരവധി ആളുകള്‍ ഇത്തരം ഉത്പന്നങ്ങള്‍ വാങ്ങി കുടുച്ചതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇത്തരത്തില്‍ ഏകദേശം 30 കേസുകളാണ് വ്യാഴാഴ്ച മാത്രം റിപ്പോര്‍ട്ട് ചെയ്തതെന്നാണ് ആരോഗ്യ മന്ത്രാലയം പറയുന്നത്.

കൊവിഡ് ചികിത്സയ്ക്കായി അണുനാശിനി ഉപയോഗിച്ചു കൂടെയെന്ന അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ അഭിപ്രായം നിരവധി വിമര്‍ശനങ്ങള്‍ക്ക് വഴിയൊരിക്കിയിരുന്നു. ആരോഗ്യ വിദഗ്ധര്‍ ഒന്നടങ്കം ഇതിനെതിരെ പ്രതികരിച്ചിരുന്നു. എന്നാല്‍ ട്രംപിന്‍റെ പ്രസ്താവനയ്ക്ക് പിന്നാലെ ന്യൂയോര്‍ക്കില്‍ നിരവധി ആളുകള്‍ ഇത്തരം ഉത്പന്നങ്ങള്‍ വാങ്ങി കുടുച്ചതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇത്തരത്തില്‍ ഏകദേശം 30 കേസുകളാണ് വ്യാഴാഴ്ച മാത്രം റിപ്പോര്‍ട്ട് ചെയ്തതെന്നാണ് ആരോഗ്യ മന്ത്രാലയം പറയുന്നത് എന്നും ഡെയ്ലി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

Also Read: 'ഡെറ്റോളും ലൈസോളുമൊന്നും കുടിക്കല്ലേ...'; താക്കീതുമായി കമ്പനി...
 

എന്നാല്‍ അതുമൂലമുള്ള മരണം ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആരുടെയും ആരോഗ്യനില ഗുരുതരമല്ലെന്നും പറയുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെയപേക്ഷിച്ച്  ഇത്തരം കേസുകളുടെ എണ്ണം കൂടുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി ഏകദേശം ലൈസോള്‍ കുടിച്ച ഒന്‍പത് കേസുകളും ബ്ലീച്ച് മൂലമുള്ള പത്ത് കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തതെന്നും ന്യൂയോര്‍ക്കിലെ പൊയ്സണ്‍ കണ്‍ട്രോള്‍ സെന്‍റര്‍ പറയുന്നത്. അമേരിക്കയില്‍ അണുനാശിനി മൂലം ആളുകള്‍ക്കുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ 20 ശതമാനത്തോളം വര്‍ധിച്ചു എന്ന വാര്‍ത്തയും ദിവസങ്ങള്‍ക്ക് മുന്‍പ് പുറത്തുവന്നിരുന്നു. 'സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍' ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 
 
അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ കടത്തിവിട്ടുള്ള പരീക്ഷണം രോഗം ഭേദപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് ശാസ്ത്ര ഉപദേശകന്‍ വില്ല്യം ബ്രയാനും  നിര്‍ദേശിച്ചു. വില്ല്യം ബ്രയാന്റെ നിര്‍ദേശത്തെയും ട്രംപ് പിന്താങ്ങുകയായിരുന്നു. അള്‍ട്രാവയലറ്റോ മറ്റേതെങ്കിലും ശക്തിയുള്ള പ്രകാശങ്ങളോ ഉപയോഗിച്ച് ഇതുവരെ കൊവിഡ് രോഗികളില്‍ പരീക്ഷണം നടത്തിയിട്ടില്ലെന്നും അത്തരൊമൊരു നീക്കം താല്‍പര്യമുണ്ടെന്നുമാണ് ട്രംപ് പറഞ്ഞത്. 

Also Read: അണുനാശിനി കുത്തിവെച്ചാല്‍ പോരേ..;കൊവിഡ് രോഗത്തിന് ട്രംപിന്റെ ഒറ്റമൂലി, വിമര്‍ശിച്ചും പരിഹസിച്ചും വിദഗ്ധര്‍...
 

അതേസമയം, തങ്ങളുടെ ഉത്പന്നങ്ങള്‍ ഒരു കാരണവശാലും കുടിക്കുകയോ ശരീരത്തിനുള്ളിലെത്തുന്ന തരത്തില്‍ ഉപയോഗിക്കുകയോ ചെയ്യരുത് എന്നാണ് ഡെറ്റോളും ലൈസോളുമെല്ലാം നിര്‍മ്മിക്കുന്ന ബ്രിട്ടീഷ് കമ്പനിയായ 'റെക്കിറ്റ് ബെങ്കിസര്‍' (ആര്‍ബിജിഎല്‍വൈ) വ്യക്തമാക്കുന്നത്. 

click me!