കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് വ്യക്തിശുചിത്വം നിര്‍ബന്ധമായും പാലിക്കണമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ച് പറയുന്നുണ്ട്. കൈകള്‍ സോപ്പുപയോഗിച്ച് കഴുകേണ്ടതിന്റേയും സാനിറ്റൈസ് ചെയ്യേണ്ടതിന്റേയും ആവശ്യകതയും ഇവര്‍ ഊന്നിപ്പറയുന്നു. എന്നാല്‍ ഇക്കാരണം കൊണ്ട് വീട് വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന തരം അണുനാശിനികള്‍ മനുഷ്യര്‍ ഉപയോഗിക്കുന്ന അപകടകരമായ സാഹചര്യമുണ്ടാകരുത്. 

ഈ പ്രശ്‌നം മുന്നില്‍ക്കണ്ട് താക്കീതുമായി രംഗത്തെത്തിയിരിക്കുകയാണ് ഡെറ്റോളും ലൈസോളുമെല്ലാം നിര്‍മ്മിക്കുന്ന ബ്രിട്ടീഷ് കമ്പനിയായ 'റെക്കിറ്റ് ബെങ്കിസര്‍' (ആര്‍ബിജിഎല്‍വൈ). തങ്ങളുടെ ഉത്പന്നങ്ങള്‍ ഒരു കാരണവശാലും കുടിക്കുകയോ ശരീരത്തിനുള്ളിലെത്തുന്ന തരത്തില്‍ ഉപയോഗിക്കുകയോ ചെയ്യരുത് എന്നാണ് താക്കീത്. 

'അണുനാശിനികളായ പല ഉത്പന്നങ്ങളും നിര്‍മ്മിച്ച് ആഗോളതലത്തില്‍ തന്നെ കച്ചവടം നടത്തുന്ന ഒരു കമ്പനിയാണ് ഞങ്ങളുടേത്. ആ നിലയ്ക്ക് ഞങ്ങള്‍ക്ക് ഇത് വ്യക്തമാക്കേണ്ട ഉത്തരവാദിത്തമുണ്ട്. അതായത്, ഒരു സാഹചര്യത്തിലും ഞങ്ങളുടെ ഒരുത്പന്നവും മനുഷ്യശരീരത്തിലെത്തിക്കുന്ന തരത്തില്‍ ഉപയോഗിക്കരുത്. കുടിക്കുകയോ, ഇന്‍ജെക്ട് ചെയ്യുകയോ അരുത്. നിങ്ങള്‍ക്ക് ലഭിക്കുന്ന ഉത്പന്നത്തില്‍ കൃത്യമായി അത് ഉപയോഗിക്കേണ്ടതിന്റേയും സൂക്ഷിക്കേണ്ടതിന്റേയും ഗൈഡ്‌ലൈനുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അത് വിശദമായി വായിച്ച് മനസിലാക്കുക...'- കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 

കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ രോഗികളില്‍ അണുനാശിനി കുത്തിവച്ച് പരീക്ഷണം നടത്താവുന്നതാണ് എന്ന അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രസ്താവനയുടെ തൊട്ടുപിന്നാലെയാണ് വിശദീകരണവുമായി കമ്പനി രംഗത്തെത്തിയിരിക്കുന്നത്. ഡൊണാള്‍ഡ് ട്രംപിന്റെ ഈ പ്രസ്താവന വലിയ വിവാദങ്ങള്‍ക്കാണ് വഴിവച്ചത്. ലോകത്തിന്റെ വിവിധയിടങ്ങളിലുള്ള ആരോഗ്യ വിദഗ്ധര്‍ ഒന്നടങ്കം ഇതിനെതിരെ പ്രതികരിച്ചിരുന്നു. 

Also Read:- അണുനാശിനി കുത്തിവെച്ചാല്‍ പോരേ..;കൊവിഡ് രോഗത്തിന് ട്രംപിന്റെ ഒറ്റമൂലി,  വിമര്‍ശിച്ചും പരിഹസിച്ചും വിദഗ്ധര്‍...

അമേരിക്കയില്‍ അണുനാശിനി മൂലം ആളുകള്‍ക്കുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ 20 ശതമാനത്തോളം വര്‍ധിച്ചു എന്ന വാര്‍ത്ത ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തുവന്നിരുന്നു. 'സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍' ആണ് ഇക്കാര്യം വെളിപ്പെടുത്തിയിരുന്നത്. ഇത്രയും അപകടകരമായ പ്രവണത നിലനില്‍ക്കുന്ന സാഹചര്യത്തിലും അശാസ്ത്രീയമായ പ്രസ്താവനയിറക്കിയതാണ് ട്രംപിന് തിരിച്ചടിയായിരിക്കുന്നത്.