20 കിലോ ഭാരം കുറച്ചു; അപരനല്ല ഇത് സാക്ഷാല്‍ കിം തന്നെയെന്ന് രഹസ്യ ഏജന്‍സി

By Web TeamFirst Published Oct 28, 2021, 7:04 PM IST
Highlights

ഉത്തരകൊറിയയില്‍ കാര്യമായ ഭക്ഷ്യക്ഷാമം നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യമാണിത്. കിമ്മിന്റെ ഭരണത്തിലുള്ള പാളിച്ചകളാണ് ഇങ്ങനെയൊരു ദുരവസ്ഥയിലേക്ക് ഉത്തരകൊറിയയെ കൊണ്ടെത്തിച്ചതെന്നാണ് പ്രതിപക്ഷത്തിന്റെ വിമര്‍ശനം

കടുത്ത നിലപാടുകളുടെ പേരില്‍ എന്നും വിമര്‍ശനങ്ങള്‍ക്ക് പാത്രമാവുകയും വിവാദങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയും ചെയ്തിട്ടുള്ളയാളാണ് ഉത്തരകൊറിയയുടെ ഭരണാധികാരി കിം ജോങ് ഉന്‍. കിമ്മിന് കാര്യമായി എന്തോ ആരോഗ്യപ്രശ്‌നമുണ്ടെന്നും പൊതുപരിപാടികളില്‍ കിമ്മിന് പകരമെത്തുന്നത് കിമ്മിന്റെ അപരനാണെന്നും മറ്റും അടുത്ത കാലങ്ങളിലായി ഉയര്‍ന്നുകേട്ട പ്രചാരണങ്ങളായിരുന്നു. 

ഇതിനിടെ ആരോഗ്യപ്രശ്‌നങ്ങള്‍ മൂര്‍ച്ഛിച്ച് കിം ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടുവെന്ന വാര്‍ത്തയും പുറത്തുവന്നിരുന്നു. ഇപ്പോഴിതാ കിമ്മിനെ കുറിച്ചുള്ള പുതിയ കണ്ടെത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ഉത്തരകൊറിയയില്‍ നിന്ന് തന്നെയുള്ള ഒരു രഹസ്യ അന്വേഷണ ഏജന്‍സി. 

കിം 20 കിലോയോളം ശരീരഭാരം കുറച്ചിരിക്കുകയാണെന്നും അതിനാലാണ് കിമ്മിനെ കാണുമ്പോള്‍ മറ്റൊരാളാണെന്ന് തോന്നുന്നത് എന്നുമാണ് അന്വേഷണ ഏജന്‍സി വെളിപ്പെടുത്തുന്നത്. 2019ല്‍ കിമ്മിന്റെ ശരീരഭാരം 140 കിലോയില്‍ എത്തിയിരുന്നു. ഇതോടെ ഭാരം കുറയ്ക്കാനുള്ള തീരുമാനത്തിലേക്ക് കിം എത്തുകയായിരുന്നുവത്രേ. 

എന്തായാലും വര്‍ഷങ്ങള്‍ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവില്‍ 20 കിലോ കുറച്ച് മുപ്പത്തിയേഴുകാരനായ കിം മാറ്റത്തിലേക്കുള്ള വഴിയേ ആണെന്നാണ് പുതിയ വാര്‍ത്ത സൂചിപ്പിക്കുന്നത്. കിമ്മിന് മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്നും അദ്ദേഹം പരിപൂര്‍ണ ആരോഗ്യവാനായിരിക്കുന്നുവെന്നും ഏജന്‍സി പറയുന്നു. അമിതഭാരവും പുകവലിയും മൂലം കിം സാരമായ അസുഖം നേരിടുന്നുവെന്നായിരുന്നു നേരത്തേ വന്ന വാര്‍ത്തകള്‍.

ഉത്തരകൊറിയയില്‍ കാര്യമായ ഭക്ഷ്യക്ഷാമം നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യമാണിത്. കിമ്മിന്റെ ഭരണത്തിലുള്ള പാളിച്ചകളാണ് ഇങ്ങനെയൊരു ദുരവസ്ഥയിലേക്ക് ഉത്തരകൊറിയയെ കൊണ്ടെത്തിച്ചതെന്നാണ് പ്രതിപക്ഷത്തിന്റെ വിമര്‍ശനം. കൊവിഡ് കാലത്ത് അടക്കം ബുദ്ധിപൂര്‍വ്വം എടുക്കേണ്ട പല തീരുമാനങ്ങളും കിമ്മിന് കൈക്കൊള്ളാന്‍ കഴിഞ്ഞില്ലെന്നും പ്രധാന വ്യാപാര പങ്കാളിയായ ചൈനയുമായുള്ള ഇടപാടുകള്‍ നിയന്ത്രിച്ചതോടെ സാമ്പത്തികഘടന തന്നെ ബാധിക്കപ്പെട്ടുവെന്നും പ്രതിപക്ഷം ആരോപിക്കുന്നു. 

ഇതിനിടെ 2025 വരെ ക്ഷാമം കണക്കിലെടുത്ത് ആളുകള്‍ കുറവ് ഭക്ഷണം കഴിക്കണമെന്ന നിര്‍ദേശവും കിം പുറപ്പെടുവിച്ചു. ഇതും വിവാദത്തിന് തിരി കൊളുത്തിയിരിക്കുകയാണ്.

Also Read:- മൂന്ന് മാസം കൊണ്ട് കുറച്ചത് 18 കിലോ; 'ഫാറ്റ് ടു ഫിറ്റ്' വീഡിയോയുമായി ഉണ്ണി മുകുന്ദന്‍

click me!