
ആധുനിക വൈദ്യശാസ്ത്ര ഗവേഷണ പരീക്ഷണങ്ങളുടെ അടിസ്ഥാന തത്വം തന്നെ 'ആദ്യത്തെ എലികളിൽ, പിന്നെ മനുഷ്യരിൽ എന്നാണ്. ഏതൊരസുഖത്തിനും മരുന്ന് കണ്ടെത്തുന്നതിനുള്ള ഗവേഷണപ്രക്രിയ ഇതാണ്. ലബോറട്ടറിയിലെ എലികളിൽ ആദ്യം തന്നെ, രോഗത്തിന് കാരണമായ വൈറസുകളെ കുത്തിവെക്കും. പിന്നാലെ അതിനുള്ള മരുന്നും. എന്നിട്ട് വൈറസ് കുത്തിവെക്കുമ്പോൾ ഉണ്ടാകുന്ന രോഗലക്ഷണങ്ങളും, മരുന്ന് കുത്തിവെക്കുമ്പോൾ ഉണ്ടാകുന്ന രോഗം ഭേദമാകലും ഒക്കെ സസൂക്ഷ്മം നിരീക്ഷിക്കും ഗവേഷകർ.
എന്നാൽ, സാധാരണ എലികൾക്ക് ഒരു കുഴപ്പമുണ്ട്. എലികളെ നമുക്ക് വൈറസുകൾ കുത്തിവെച്ച് രോഗബാധിതരാക്കാം. എന്നാൽ, മനുഷ്യരിൽ ഉണ്ടാക്കുന്ന പോലുള്ള കടുത്ത രോഗലക്ഷണങ്ങൾ സാധാരണ ഈ മാരക വൈറസുകൾ എലികളിൽ ഉണ്ടാക്കാറില്ല. അത് എലികൾക്ക് നല്ലവാർത്തയാണ് എങ്കിലും, ഗവേഷകർക്ക് അത് വലിയ പൊല്ലാപ്പാണ്. അതുകൊണ്ട് ഗവേഷകർ ഈ പ്രശ്നം പരിഹരിക്കാൻ ചെയ്തിട്ടുള്ളത് സാധാരണ എലികളിൽ ജനിതകമായ മാറ്റങ്ങൾ വരുത്തി, 'മനുഷ്യരെപ്പോലെ' ഉള്ള ജീനുകൾ ഉള്ളതാക്കി മാറ്റുകയാണ്. ഇങ്ങനെ പ്രത്യേകം നിർമ്മിച്ചെടുക്കുന്ന 'മനുഷ്യ'പ്പറ്റുള്ള എലികളെ ശാസ്ത്രലോകം വിളിക്കുന്ന പേരാണ് 'ACE2'. ഈ എലികളുടെ മേൽ വൈറസ് കുത്തിവെക്കുമ്പോൾ മനുഷ്യർ കടന്നുപോകുന്ന അതേ ദുരിതങ്ങളികൂടെ അവയും കടന്നുപോകും. ചികിത്സിച്ചില്ലെങ്കിൽ മനുഷ്യർ മരിക്കും പോലെ അവയും മരിക്കും. അപ്പോൾ മനുഷ്യരിൽ പ്രയോഗിക്കേണ്ട മരുന്ന് എങ്ങനെ പ്രതികരിക്കുമെന്നറിയാൻ പരീക്ഷണഘട്ടങ്ങളിൽ ഇവയിൽ കുത്തിവെച്ചാൽ മതി.
ലോകമെമ്പാടും കൊവിഡ് 19 പടർന്നുപിടിക്കുന്ന ഈ വേളയിൽ സകല മരുന്നുഗവേഷണസ്ഥാപനങ്ങളും കൊറോണാവൈറസിനെ പ്രതിരോധിക്കാനുള്ള മരുന്ന് കണ്ടെത്താനുള്ള മത്സരത്തിലാണ്. അതുകൊണ്ടുതന്നെ അത് നയിച്ചിരിക്കുന്നത് ഈ ACE2 എലികളുടെ ക്ഷാമത്തിലേക്കാണ് എന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഈ എലികളെ സപ്ലൈ ചെയുന്ന സ്ഥാപനങ്ങൾ പറയുന്നത് ഇപ്പോൾ സ്റ്റോക്ക് ലഭ്യമല്ല എന്നും, വളർത്തിയെടുക്കാൻ സമയം വേണം എന്നുമാണ്. വഴിയേ പോകുന്ന ഏതെങ്കിലും എലിയെ പിടിച്ചു കൊടുത്താൽ പോരാ, അത് ജനിതക വ്യതിയാനം വരുത്തി മനുഷ്യരെപ്പോലെ പെരുമാറുന്നവരാക്കിയ ACE2 എലികൾ തന്നെയാവണം എന്നതാണ് പ്രതിസന്ധി.
എലിക്ക് ഗർഭമുണ്ടായാൽ പ്രസവിക്കും മുമ്പ് അത് കുഞ്ഞുങ്ങളെ ഏതാണ്ട് മൂന്നാഴ്ചയോളം ഉദരത്തിൽ പേറും. പ്രസവശേഷം ഈ എലിക്കുഞ്ഞുങ്ങൾ പരീക്ഷണങ്ങൾക്ക് പാകമാവണമെങ്കിൽ വീണ്ടും ആറാഴ്ചയോളം വളർച്ചയെത്തണം. എലികളെ കിട്ടാനില്ലാത്തതുകൊണ്ട് മനുഷ്യരുടേതിന് സമാനമായ ലക്ഷണങ്ങൾ രോഗാണുവിനോടും മരുന്നിനോടും പ്രകടിപ്പിച്ചേക്കാവുന്ന ഗിനിപ്പന്നികൾ, മുയലുകൾ, കീരികൾ തുടങ്ങിയവയെ തപ്പി ഇറങ്ങിയിരിക്കുകയാണ് എന്തായാലും ഗവേഷകരിപ്പോൾ. ഈ എലിക്ഷാമം എന്തായാലും വാക്സിൻ മനുഷ്യരിൽ പരീക്ഷിക്കാൻ ഇനിയും കാലതാമസം ഉണ്ടാക്കുമെന്നാണ് ഈ ഘട്ടത്തിൽ തോന്നുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam